നഷ്ടപ്പെടാൻ ഒന്നുമില്ല! ആശ്വാസജയം തേടി ബംഗ്ലാദേശും നെതർലൻഡ്‌സും

അഞ്ചു വീതം മത്സരങ്ങളിൽനിന്ന് ഒറ്റ വിജയവുമായി പോയിന്റ് പട്ടികയിൽ എട്ടും പത്തും സ്ഥാനങ്ങളിലാണ് യഥാക്രമം ബംഗ്ലാദേശും നെതർലൻഡ്‌സും

Update: 2023-10-28 02:49 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് നെതർലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്.

ഏഷ്യൻ വൻകരയിൽ നടക്കുന്ന പോരാട്ടമായതിനാൽ ബംഗ്ലാദേശ് ഞെട്ടിക്കുമെന്നാണ് ടൂർണമെന്റിന്റെ തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ആധികാരിക വിജയം നേടിയെടുത്ത ടീമിന് പിന്നീടുള്ള മത്സരങ്ങളിൽ അടിതെറ്റി. ടീം ഒരുപാട് പ്രതീക്ഷയർപ്പിച്ചിരുന്ന നായകൻ ഷാക്കിബുൽ ഹസൻ ഉൾപ്പെടെയുള്ളവരുടെ ഫോമില്ലായ്മയാണു തിരിച്ചടിയായത്. ഇന്നു കളി നടക്കുന്നത് കൊൽക്കത്തയിലായതിനാൽ ആരാധകപിന്തുണ ബംഗ്ലാദേശിന് നേട്ടമാകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 149 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും വെറ്ററൻ താരം മഹ്മൂദുല്ലയുടെ കിടിലൻ സെഞ്ച്വറി പ്രകടനം ടീമിനു പുതിയ പ്രതീക്ഷ പകരുന്നതാണ്. മഹ്മൂദുല്ല ഫോമിലെത്തിയതോടെ മധ്യനിര കരുത്താർജിക്കുമെന്ന പ്രതീക്ഷയിലാകും ടീം. ഓപണിങ്ങിൽ മുതിർന്ന താരം ലിട്ടൺ ദാസിനൊപ്പം യുവതാരം തൻസീദ് ഹസൻ മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും അതു വലിയ സ്‌കോറാക്കി ഉയർത്താനാകുന്നില്ലെന്നതാണു പ്രധാന പ്രശ്‌നം. ഇതോടൊപ്പം മുസ്തഫിസുറഹ്മാന്റെ നേതൃത്വത്തിലുള്ള ബൗളിങ് ഡിപാർട്ട്‌മെന്റും ഇതുവരെ പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല.

മറുവശത്ത് ഈ ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് ക്രിക്കറ്റ് വിദഗ്ധർ പ്രവചിച്ച ടീമാണ് നെതർലൻഡ്‌സ്. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചത് ഒഴിച്ചാൽ ദയനീയ പ്രകടനമാണ് ഇത്തവണ ഓറഞ്ചുപട തുടരുന്നത്. അവസാന മത്സരത്തിൽ ആസ്‌ത്രേലിയയ്‌ക്കെതിരെ 309 റൺസിന്റെ നാണംകെട്ട തോൽവിയാണ് ടീം വഴങ്ങിയത്.

നേരത്തെ കരുത്തർക്കെതിരെ പലപ്പോഴും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ടീമാണ് നെതർലൻഡ്‌സ്. ശക്തമായ ഓൾറൗണ്ടർ നിര തന്നെയാണ് ടീമിന്റെ കരുത്ത്. മുൻനിര തകർന്നാലും തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റാൻ ശേഷിയുള്ള മികച്ച ഓൾറൗണ്ടർമാർ മധ്യനിരയിലുണ്ട്. അതിന്റെ തെളിവുകൾ ഈ ലോകകപ്പിലും കണ്ടതാണ്. എന്നാൽ, അവരൊന്നും ടീമിനു വിജയം കൊണ്ടുതരുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ബാറ്റർമാരുടെ മോശം പ്രകടനമാണ് നെതർലൻഡ്‌സിന് ടൂർണമെന്റിൽ ഏറ്റവുമധികം തിരിച്ചടിയായത്. വലിയ മത്സരങ്ങളിലെ ടീമിന്റെ പരിചയക്കുറവും കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കി.

അഞ്ചു വീതം മത്സരങ്ങളാണ് ബംഗ്ലാദേശും നെതർലൻഡ്‌സും ഇത്തവണ കളിച്ചത്. ഇതിൽ ഒരു വിജയം മാത്രമാണ് ഇരും ടീമിനും നേടാനായത്. റൺറേറ്റിന്റെ ബലത്തിൽ ബംഗ്ലാദേശ് എട്ടാം സ്ഥാനത്താണെങ്കിൽ നെതർലൻഡ്‌സ് ഏറ്റവും പിന്നിൽ പത്താം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽനിന്ന് ഒരു വിജയം മാത്രമുള്ള ലോക ചാംപ്യന്മാർ ഇംഗ്ലണ്ട് ആണ് ഇടയിൽ ഒൻപതാം സ്ഥാനത്തുള്ളത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ ഏറ്റുമുട്ടുമ്പോൾ മികച്ചൊരു പോരാട്ടമാണ് ആരാധകരും കാത്തിരിക്കുന്നത്.

Summary: Bangladesh vs Netherlands, ICC ODI Cricket World Cup 2023 preview

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News