അവസാനം വച്ച് പിച്ച് മാറ്റി; ലോകകപ്പ് സെമിക്ക് മുമ്പെ വിവാദം
ഇന്ത്യൻ സ്പിന്നർമാർക്ക് പിച്ചിന്റെ ആനുകൂല്യം ലഭിക്കാനാണ് തിടുക്കപ്പെട്ടുള്ള തീരുമാനമെന്ന് ആക്ഷേപമുണ്ട്
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയതിനെ ചൊല്ലി വിവാദം. വേഗം കുറഞ്ഞ വിക്കറ്റ് ഒരുക്കണമെന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ച് പിച്ച് മാറ്റിയെന്നാണ് ആരോപണം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കീഴിലുള്ള സ്വതന്ത്ര പിച്ച് കൺസൽട്ടന്റ് ആൻഡി അറ്റ്കിൻസൺ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തുവന്നു.
ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ മത്സരം ഏഴാം നമ്പർ പിച്ചിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് അധികൃതർ കളി പിച്ച് നമ്പർ ആറിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യൻ സ്പിന്നർമാർക്ക് പിച്ചിന്റെ ആനുകൂല്യം ലഭിക്കാനാണ് തിടുക്കപ്പെട്ടുള്ള തീരുമാനമെന്നാണ് ആക്ഷേപം. ലീഗ് ഘട്ടത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങൾക്ക് ഉപയോഗിച്ച പിച്ചാണ് പിച്ച് നമ്പർ ഏഴ്.
ബ്രിട്ടീഷ് പത്രമായ ഡെയ്‌ലിമെയ്‌ലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. പിച്ച് മാറ്റിയതിലെ അസംതൃപ്തി അറ്റ്കിൻസൺ ഐസിസിയെ ഇ-മെയിൽ വഴി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പിച്ചിന്റെ ആനുകൂല്യം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യൻ സ്പിന്നർമാർ മുതലെടുക്കും എന്നാണ് ന്യൂസിലാൻഡ് കരുതുന്നത്. പ്രത്യേകിച്ചും സന്ദര്‍ശകര്‍ രണ്ടാമത് ബാറ്റു ചെയ്യുമ്പോൾ.
മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പിച്ച് നിരീക്ഷിച്ചിരുന്നു. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമ്മയും പിച്ച് പരിശോധിച്ചു. ബിസിസിഐക്ക് കീഴിലുള്ള ക്യുറേറ്റർമാരുടെ സംഘമാണ് ലോകകപ്പ് വേദികൾക്കായി പിച്ചൊരുക്കുന്നത്. ഓരോ മത്സരത്തിന് മുമ്പും ഐസിസിയുടെ വിദഗ്ധ സംഘം പിച്ച് പരിശോധിക്കുകയും ചെയ്യും.
ഐസിസി ചട്ട പ്രകാരം ഗ്രൗണ്ട് അതോറിറ്റിക്കാണ് -ഇവിടെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ- പിച്ച് തെരഞ്ഞെടുക്കുന്നതിന്റെയും ഒരുക്കുന്നതിന്റെയും ചുമതല. ഐസിസി വിദഗ്ധരുമായി സഹകരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നോക്കൗട്ട് മത്സരങ്ങൾ പുതിയ പിച്ചിൽ തന്നെ നടത്തണമെന്ന് ഐസിസി ചട്ടവുമില്ല.