ടി 20 ലോകകപ്പ്; ഇന്ത്യക്ക് ആതിഥേയത്വം നഷ്ടമായേക്കും, നറുക്ക് വീഴുക യു.എ.ഇക്ക്

ഐ.പി.എല്ലിന്‍റെ കഴിഞ്ഞ സീസണ്‍ സുരക്ഷിതമായി നടത്തിയതാണ് യു.എ.ഇയെ ലോകകപ്പ് നടത്തിപ്പിന് പരിഗണിക്കാൻ മുഖ്യകാരണം.

Update: 2021-05-01 02:15 GMT
Advertising

രാജ്യത്ത് കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്ന് ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലേക്ക് വേദി മാറ്റാനൊരുങ്ങുന്നു. വേദി മാറ്റുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും യു.എ.ഇക്കാണ് ഇക്കാര്യത്തില്‍ സാധ്യത കൂടുതലെന്നും ബി.സി.സി.ഐ ഗെയിം ഡെവലപ്മെന്‍റ്  ജനറൽ മാനേജർ ധീരജ് മൽഹോത്ര വ്യക്തമാക്കി. ആദ്യം ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത് ഓസ്ട്രേലിയയിലാണ്. എന്നാല്‍ കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയുടെത്തുടര്‍ന്ന് വേദി മാറ്റി ഇന്ത്യയെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ യു.എ.ഇയിലേക്ക് ലോകകപ്പ് നടത്തിപ്പ് കൊണ്ടുപോകുന്നത് സംബന്ധിച്ച് ബി.സി.സി.ഐ സൂചന നല്‍കിയത്.

ഐ.പി.എല്ലിന്‍റെ കഴിഞ്ഞ സീസണ്‍ സുരക്ഷിതമായി നടത്തിയതാണ് യു.എ.ഇയെ ലോകകപ്പ് നടത്തിപ്പിന് പരിഗണിക്കാൻ മുഖ്യകാരണം. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യയിലെ എട്ട് വേദികളിലാണ് ലോകകപ്പ്​ നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിൽ ഇപ്പോള്‍  നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിൽ നിന്ന് താരങ്ങൾ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ ലോകകപ്പ് സമയബന്ധിതമായി നടത്താനുള്ള മറ്റൊരു പദ്ധതിയായാണ് യു.എ.ഇയെ ഐ.സി.സിയും ബി.സി.സി.ഐയും വിലയിരുത്തുന്നത്. എന്നാൽ, ടൂര്‍ണമെന്‍റ്  ഇന്ത്യയിൽ തന്നെ നടത്താൻ പരമാവധി ശ്രമിക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രമേ യു.എ.ഇയെ വേദിയാക്കുകയുള്ളൂവെന്നും ബി.സി.സി.ഐ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മാറ്റിവെച്ച ടൂർണമെൻറായതിനാൽ ഇക്കുറി സമയബന്ധിതമായി തന്നെ നടത്താനാണ് ഐ.സി.സിയുടെയും തീരുമാനം.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News