രഞ്ജിയിൽ കളി നിയന്ത്രിക്കാൻ ഇനി വനിതാ അംപയർമാരും
കഴിഞ്ഞ ഒക്ടോബറിലാണ് പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ബി.സി.സി.ഐ തുല്യവേതനം നടപ്പാക്കിയത്
ന്യൂഡൽഹി: വനിതാ-പുരുഷ താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കിയതിനു പിന്നാലെ സ്ത്രീശാക്തീകരണ നടപടികളുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ഈ വർഷം മുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ അംപയർമാരെത്തുന്നു. ബി.സി.സി.ഐ വൃത്തങ്ങളാണ് വിവരം വെളിപ്പെടുത്തിയത്.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിലാണ് പുരുഷതാരങ്ങളുടെ മത്സരം നിയന്ത്രിക്കാൻ വനിതാ അംപയർമാരെ കൊണ്ടുവരുന്നത്. വൃന്ദ, ജനനി നാരായൺ, ഗായത്രി വേണുഗോപാലൻ എന്നിവരാണ് പുതിയ ചരിത്രമെഴുതാനിരിക്കുന്നത്. ഡീസംബർ 13നാണ് രഞ്ജി ട്രോഫി മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ജനനി ജോലി ഉപേക്ഷിച്ചാണ് ക്രിക്കറ്റ് അംപയറിങ്ങിലേക്കെത്തുന്നത്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ അംപയറായാണ് തുടക്കം. ക്രിക്കറ്റ് താരമായിരുന്ന ഗായത്രി തോളിലേറ്റ പരിക്കിനെ തുടർന്ന് കളിനിർത്തുകയായിരുന്നു. നിലവിൽ ബി.സി.സി.ഐയുടെ അംഗീകൃത അംപയറാണ്. മുംബൈ സ്വദേശിയായ വൃന്ദ 2018ൽ ഐ.സി.സിയുടെ അംപയർ വികസന സമിതിയിൽ ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ബി.സി.സി.ഐ തുല്യവേതനം നടപ്പാക്കിയത്. സെക്രട്ടറി ജയ് ഷാ ആണ് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. വർഷങ്ങളായി വനിതാ ക്രിക്കറ്റർമാർ ഉന്നയിച്ചുവരുന്ന പ്രശ്നത്തിനാണ് ബി.സി.സി.ഐ പ്രഖ്യാപനത്തോടെ പരിഹാരമായിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ബോർഡിന്റെ കരാർ പട്ടികയിൽ ഉൾപ്പെട്ട വനിതാ, പുരുഷതാരങ്ങൾക്ക് ഗ്രേഡിനനുസരിച്ച് തുല്യവേതനമായിരിക്കും ലഭിക്കുക. അടുത്ത വർഷം തൊട്ട് വനിതാ ഐ.പി.എൽ ആരംഭിക്കാൻ ബി.സി.സി.ഐ വാർഷിക ജനറൽ മീറ്റിങ്ങിൽ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ താരങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകരുന്ന പുതിയ പ്രഖ്യാപനം.
Summary: BCCI to introduce women umpires in second round of Ranji Trophy 2022-23