ഓവലിൽ ബി.ജെ.പി പതാക; വ്യാപക വിമർശനം

ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്ന കെന്നിങ്ടൺ ഓവലിലാണ് ഒരുകൂട്ടം ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാകയുമായെത്തിയത്

Update: 2023-06-09 13:18 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ പാർട്ടി പതാകയുമായി ബി.ജെ.പി പ്രവർത്തകർ. കെന്നിങ്ടൺ ഓവലിലാണ് ഇന്ത്യൻ ടീമിന് പിന്തുണയുമായി ബി.ജെ.പി ആരാധകർ പതാക വീശുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം, ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുകയാണ്.

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലാണ് മത്സരമെന്ന് ഓർമിപ്പിക്കുകയാണെന്ന് ചിത്രം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകർ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു. ദേശീയപതാക ഉയരേണ്ടിടത്ത് പാർട്ടി പതാകയുമായി എത്തുന്നത് ശരിയല്ലെന്നും ഇത്തരം വേദികളിൽ ഇത് അനുവദിക്കരുതെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് സംഘ്പരിവാറുകാരെന്നും അതിന്റെ തുടർച്ചയാണിതെന്നും മറ്റൊരാൾ വിമർശിച്ചു.

അതേസമയം, ഇതേ ഗാലറിയിൽ ഒരുവിഭാഗം കാണികൾ രാഹുൽ ഗാന്ധിയുടെ ചിത്രവുമായെത്തിയത് കാണിച്ചാണ് ബി.ജെ.പി അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിത്രം അടങ്ങിയ ബാനറിൽ ഇന്ത്യൻ ടീമിന് ആശംസ നേരുന്ന ചിത്രമാണ് വൈറലാകുന്നത്. ബാനറിൽ ഭാരത് ജോഡോ യാത്രയും ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അവിസ്മരണീയമായ ചെറുത്തുനിൽപ്പിൽ ഇന്ത്യ ഫോളോഓൺ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ്.

ട്രാവിസ് ഹെഡിന്റെയും(163) സ്റ്റീവ് സ്മിത്തിന്റെയും(48) സെഞ്ച്വറിയുടെ കരുത്തിൽ ആസ്ട്രേലിയ 469 എന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. 89 റൺസുമായി രഹാനെയും 51 റൺസുമായി താക്കൂറുമാണ് ഇന്ത്യയെ നാണക്കേടില്‍നിന്ന് രക്ഷിച്ചത്.

Summary: BJP flag at The Oval, in India vs Australia WTC final, draws criticism from fans

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News