'ആ രാത്രി സ്വപ്‌നത്തിലെന്ന പോലെയല്ലേ അവൻ ബാറ്റു ചെയ്തത്'; സഞ്ജുവിന് പിന്തുണയുമായി ക്രിസ് മോറിസ്
ഇനിയൊരു നൂറു മത്സരം കളിച്ചാലും ആ സിംഗിൾ താനോടില്ല എന്നായിരുന്നു ഇക്കാര്യത്തിൽ സഞ്ജുവിന്റെ പ്രതികരണം
അവസാന ഓവറിൽ സംഗിളെടുക്കാൻ കൂട്ടാക്കിയില്ലെന്ന വിവാദത്തിൽ നായകൻ സഞ്ജു സംസണ് പിന്തുണയുമായി നോൺ സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ക്രിസ് മോറിസ്. സ്‌ട്രൈക്ക് കൈമാറാത്തതിൽ തനിക്ക് ഒരിക്കലും നിരാശ തോന്നിയില്ലെന്നും മോറിസ് കൂട്ടിച്ചേർത്തു.
'വിക്കറ്റ് ബലി കഴിച്ചേക്കാം എന്ന തോന്നലോടെയാണ് തിരിച്ചു പോയത്. ആ രാത്രി സഞ്ജു സ്വപ്‌നത്തിലെന്ന പോലെയാണ് തകർത്തടിച്ചിരുന്നത്. എനിക്ക് നിരാശയില്ല. അവസാന പന്തില്‍ സിക്സര്‍ നേടാനായിുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ' - എന്നാണ് മോറിസിന്റെ പ്രതികരണം.
ഇനിയൊരു നൂറു മത്സരം കളിച്ചാലും ആ സിംഗിൾ താനോടില്ല എന്നായിരുന്നു ഇക്കാര്യത്തിൽ സഞ്ജുവിന്റെ പ്രതികരണം. ഓരോ മത്സരത്തിന് ശേഷവും തന്റെ പ്രകടനത്തെ താൻ വിശദമായി വിലയിരുത്താറുണ്ട് എന്നും താരം വ്യക്തമാക്കി.
പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ മത്സരത്തിൽ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സിംഗിൾ എടുക്കാൻ വിസമ്മതിച്ച് സഞ്ജു മോറിസിനെ തിരിച്ചയച്ചത്. അവസാന പന്തിൽ അഞ്ചു റൺസാണ് വേണ്ടിയിരുന്നത്. ഈ പന്തിൽ സിക്‌സറിന് ശ്രമിച്ച് രാജസ്ഥാൻ ക്യാപ്റ്റൻ പുറത്താകുകയായിരുന്നു.
അതിനിടെ, രണ്ടാം മത്സരത്തിൽ മോറിസിന്റെ മികവിൽ രാജസ്ഥാൻ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി. നാലു പടുകൂറ്റൻ സിക്‌സറുകൾ പറത്തി 36 റൺസ് നേടിയാണ് മോറിസ് രാജസ്ഥാന്റെ വിജയശിൽപ്പിയായി മാറിയത്. ഡൽഹി ഉയർത്തിയ 147 റൺസ് എന്ന ചെറിയ സ്‌കോറിന് മുമ്പിൽ എല്ലാവരും വീണപ്പോൾ ഡേവിഡ് മില്ലറും (62) മോറിസും മാത്രമാണ് പിടിച്ചു നിന്നത്.