ക്ലാസിക് സാഹ; ചെന്നൈക്കെതിരെ അനായാസ ജയം, ആദ്യ രണ്ട് ഉറപ്പിച്ച് ടൈറ്റന്‍സ്

അർധസെഞ്ച്വറിയുമായി(67) പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ഓപണർ വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിന്‍റെ ജയം അനായാസമാക്കിയത്

Update: 2022-05-15 14:57 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ബൗളിങ്ങിൽ ചെന്നൈയെ വരിഞ്ഞുമുറുക്കിയ ശേഷം ചേസിങ്ങിൽ ഗുജറാത്തിന്റെ ക്ലിനിക്കൽ ജയം. ടോസ് നേടിയിട്ടും വെറും 133 റൺസിലൊതുങ്ങിയ ധോണിപ്പടയെ ആറ് പന്ത് ബാക്കിനിൽക്കെയാണ് ടൈറ്റൻസ് തകർത്തത്. വിജയം ഏഴുവിക്കറ്റിന്. അർധസെഞ്ച്വറിയുമായി(67) പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ഓപണർ വൃദ്ധിമാൻ സാഹയാണ് വിജയം അനായാസമാക്കിയത്. ജയത്തോടെ പ്ലേഒാഫില്‍ ആദ്യ രണ്ട് സ്ഥാനമുറപ്പിക്കുകയും ചെയ്തു ഗുജറാത്ത്. ബേബി മലിംഗ എന്ന് അറിയപ്പെടുന്ന ശ്രീലങ്കൻ യുവതാരം മിതീഷ പതിരാനയുടെ പ്രകടനം മാത്രമാണ് ചെന്നൈക്ക് മത്സരത്തിൽ ഓർക്കാനുള്ളത്.

ടോസ് നേടിയിട്ടും ബാറ്റിങ്ങിൽ തപ്പിത്തടഞ്ഞ ചെന്നൈയിൽനിന്ന് വ്യത്യസ്തമായി അനായാസമായിരുന്നു ഗുജറാത്തിന്റെ ചേസിങ്. പവർപ്ലേയിൽ കത്തിക്കയറിയ സാഹ പിന്നീട് പതുക്കെ ട്രാക്ക് മാറ്റി. സ്പിന്നർമാരെയും പേസർമാരെയും മാറ്റിമാറ്റിയുള്ള ധോണിയുടെ മാസ്റ്റർ ടാക്ടിക്‌സിന് ഒരുതരത്തിലും താരം പിടികൊടുത്തില്ല. മറുവശത്ത് ശുഭ്മൻ ഗില്ലും((18) മാത്യു വെയ്ഡും(20) നായകൻ ഹർദിക് പാണ്ഡ്യയും(ഏഴ്) ഇടവേളകളിൽ ചെറിയ സ്‌കോറുകളിൽ പുറത്തായെങ്കിലും സാഹ ഒരറ്റത്ത് നിലയുറച്ചുനിന്നു. ഒടുവിൽ ബൗണ്ടറിയിലൂടെ ടീമിന്റെ വിജയറൺ കുറിക്കുമ്പോൾ 57 പന്തിൽ ഒരു സിക്‌സും എട്ടു ബൗണ്ടറിയും പറത്തി 67 റൺസ് അടിച്ചെടുത്തിരുന്നു താരം. ഡെവിഡ് മില്ലർ 15 റൺസുമായി പുറത്താകാതെ നിന്നു.

ചെന്നൈ ബൗളിങ്ങിൽ മതീഷയ്ക്കു പുറമെ ലെഗ് സ്പിന്നർ പ്രശാന്ത് സോളങ്കിയെ ഇറക്കിയും ധോണി നടത്തിയ പരീക്ഷണം അൽപമെങ്കിലും മികച്ച ഫലമുണ്ടാക്കിയതു മാത്രമാണ് മത്സരത്തിൽ ചെന്നൈക്ക് ആശ്വസിക്കാൻ ബാക്കിയുള്ളത്. പതിരാന 3.1 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. സോളങ്കി വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാല് ഓവറിൽ 18 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മോയിൻ അലി ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ധോണിയുടെ കണക്കുകൂട്ടൽ തെറ്റായെന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈയുടെ തുടക്കം. തപ്പിത്തടഞ്ഞ കോൺവേയെ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ ഷമി പവലിയനിലേക്ക് അയച്ചു. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകിയായിരുന്നു കോൺവേ(അഞ്ച്) മടങ്ങിയത്. തുടർന്ന് ഒന്നിച്ച മോയിൻ അലിയും ഗെയ്ക്ക്വാദും ചേർന്ന് പതുക്കെ കത്തിക്കയറി പവർപ്ലേയിൽ ടീം സ്‌കോർ 50 കടത്തി.


എന്നാൽ, മികച്ച സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ മുൻ ചെന്നൈ താരത്തിലൂടെ ഗുജറാത്തിന് ബ്രേക്ത്രൂ. ഒൻപതാമത്തെ ഓവറിൽ സായ് കിഷോർ മോയിൻ അലിയെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. പുറത്താകുമ്പോൾ 17 പന്തിൽ രണ്ട് ബൗണ്ടറി നേടി 21 റൺസായിരുന്നു അലിയുടെ സമ്പാദ്യം.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അന്തിമ ഇലവനിൽ ഇടംലഭിച്ച നാരായൺ ജഗദീഷനാണ് നാലാമനായി ഇറങ്ങിയത്. അമ്പാട്ടി റായ്ഡുവിന് പകരക്കാരനായെത്തിയ ജഗദീഷൻ കിട്ടിയ അവസരം തുലയ്ക്കാതിരിക്കാൻ സൂക്ഷ്മതയോടെയാണ് കളിച്ചത്. പവർപ്ലേയ്ക്കു പിന്നാലെ നിയന്ത്രണം തിരിച്ചുപിടിച്ച ഗുജറാത്ത് ബൗളർമാർ ഫോമിലുള്ള ഗെയ്ക്ക്വാദിനെയും ആക്രമണത്തിനുള്ള സൂചനകൾ കാണിച്ച ജഗദീഷനെയും കത്തിക്കയറാൻ അനുവദിച്ചില്ല.

സ്പിന്നർമാരെയും പേസർമാരെയും മാറ്റിമാറ്റിയുള്ള ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ പരീക്ഷണങ്ങളാണ് ചെന്നൈയെ ശരിക്കും കുഴക്കിയത്. അർധസെഞ്ച്വറിക്കു പിന്നാലെ ഗിയർ മാറ്റാൻ നോക്കിയ ഗെയ്ക്ക്വാദിനെ റാഷിദ് ഖാൻ തിരിച്ചയച്ചു. മാത്യു വെയ്ഡിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 49 പന്ത് നേരിട്ടിട്ടും നാല് ബൗണ്ടറിയും ഒരു സിക്സും നേടി 53 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ.

പിന്നീടെത്തിയ ശിവം ദുബെ ഡക്കായി. നായകൻ ധോണിക്കും ഗുജറാത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിനു മുന്നിൽ ഒന്നും ചെയ്യാനായില്ല. ഏഴു റൺസ് മാത്രം നേടി പുറത്തായി. ഒടുവിൽ ജഗദീഷൻ 33 പന്തിൽ ഒരു സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 39 റൺസുമായും മിച്ചൽ സാന്റ്നർ ഒരു റൺസുമായും പുറത്താകാതെ നിന്നു.

ഗുജറാത്ത് ബൗളർമാരിൽ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് കൂടുതൽ തിളങ്ങിയത്. റാഷഇദ് ഖാൻ, അൽസാരി ജോസഫ്, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Summary: Gujarat Titans seal spot in top-two after huge win over Chennai Super Kings

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News