ദുബൈയില്‍ എല്‍ക്ലാസിക്കോ; രോഹിതില്ല, മുംബൈയെ പൊള്ളാര്‍ഡ് നയിക്കും; ചെന്നൈക്ക് ബാറ്റിങ്
മുംബൈയില്‍ രോഹിതിനൊപ്പം ഹര്‍ദിക് പാണ്ഡ്യയുമില്ല. ചെന്നൈയില്‍ സാംകറന് പകരം ഡ്വൈന്‍ ബ്രാവോ
യുഎഇയില്‍ ഐപിഎല്‍ ക്രിക്കറ്റ് ആവേശത്തിന് കൊടിയേറാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ പതിനാലാം സീസണ്‍ നാലര മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ന് യുഎഇയില്‍ പുനരാരംഭിക്കുന്നത്. ഐപിഎല്‍ എല്‍ക്ലാസിക്കോ ആയ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍പോരാട്ടത്തിലൂടെയാണ് ഇത്തവണ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ബദ്ധവൈരികളായ മുംബൈയും ചെന്നൈയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കളി ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. പകരം നായകന്‍റെ റോളിലെത്തുന്നത് കീറന്‍ പൊള്ളാര്‍ഡ്. ആദ്യം ടോസ് ലഭിച്ച ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ അന്തിമ ഇലവനില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങള്‍ ആരൊക്കെയാകും. പരിചയപ്പെടാം:
ചെന്നൈ സൂപ്പര്‍ കിങ്സ്:
ഋതുരാജ് ഗെയ്ക്ക്‌വാദ്: കഴിഞ്ഞ വര്‍ഷത്തെ യുഎഇ എഡിഷന്‍ മുതല്‍ ടീമിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുകയാണ് യുവതാരമായ ഋതുരാജ് ഗെയ്ക്ക്‌വാദ്. കഴിഞ്ഞ സീസണില്‍ അവസരം ലഭിച്ച അവസാന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇത്തവണ ടീമിലെ ഉറച്ച ഓപണറായ ഗെയ്ക്ക്‌വാദ് ഇതിനകം 196 റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞിട്ടുണ്ട്.
ഫാഫ് ഡുപ്ലെസി: ഇത്തവണ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ഫാഫ് ഡുപ്ലെസി. ടീമിന്റെ വിശ്വസ്ത ഓപണര്‍. ഇത്തവണ ചെന്നൈയുടെ മുന്നേറ്റത്തില്‍ വലിയൊരു പങ്ക് ഡുപ്ലെസിയുടെ മികച്ച പ്രകടനത്തിനുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പരിക്കിന്റെ ആശങ്കയ്ക്കുശേഷം ദിവസങ്ങള്‍ക്കുമുന്‍പ് സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം പുറത്തെടുത്തു.
മോയിന്‍ അലി: ഈ സീസണോടെ ടീമിന്റെ മൂന്നാമന്‍ എന്ന സ്ഥാനം ഉറപ്പിച്ചയാളാണ് മോയിന്‍ അലി. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍വേഗം കൂട്ടാന്‍ നിയോഗിക്കപ്പെട്ടയാള്‍.
സുരേഷ് റെയ്‌ന: ഇത്തവണ പരീക്ഷിച്ചു വിജയിച്ച ടീം കോമ്പിനേഷനില്‍ മോയിന്‍ അലിക്കു ശേഷം നാലാമനായി റെയ്‌നയെത്തുന്നു. കൂടുതല് മികച്ച പ്രകടനമാണ് ആരാധകര്‍ ചിന്നത്തലയില്‍നിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത്.
അംബാട്ടി റായ്ഡു: കഴിഞ്ഞ തവണ യുഎഇയില്‍ നല്ല സീസണായിരുന്നു റായിഡുവിന്. എന്നാല്‍, ഇത്തവണ അവസരം കിട്ടിയപ്പോഴെല്ലാം ചെറുതെങ്കിലും മികച്ച ഫയറുള്ള പ്രകടനങ്ങള്‍ കണ്ടു.
രവീന്ദ്ര ജഡേജ: ടീമിന്റെ എക്‌സ് ഫാക്ടറാണ് ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ കളിയുടെ ഗതിമാറ്റാന്‍ ശേഷിയുള്ള താരം.
എംഎസ് ധോണി: മികച്ച ഫോമിലുള്ള ആറുതാരങ്ങള്‍ക്കുശേഷം ഇത്തവണയും ഏഴാമനായി തന്നെയായിരിക്കും ധോണി ബാറ്റ് ചെയ്യാനെത്തുക. യുഎഇയില്‍ നേരത്തെയെത്തി ബാറ്റിങ് പരിശീലനം ആരംഭിച്ച ധോണിയില്‍നിന്ന് ആരാധകര്‍ കാത്തിരിക്കുന്ന വെടിക്കെട്ട് ബാറ്റിങ് ഇത്തവണ പ്രതീക്ഷിക്കാം.
ഷര്‍ദുല്‍ താക്കൂര്‍: ഇംഗ്ലണ്ട്, ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ക്കുശേഷം ഇന്ത്യന്‍ ടീമില്‍ പുതിയ ഓള്‍റൗണ്ടര്‍ പരിവേഷം കിട്ടിയയാളാണ് താക്കൂര്‍. സ്വിങ്, നക്കിള്‍ ബൗളിങ് കൊണ്ട് വിക്കറ്റെടുക്കാനും മിടുക്കന്‍.
ദീപക് ചഹാര്‍: പുതിയ പന്തില്‍ ധോണിയുടെ വിശ്വസ്ത ബൗളര്‍. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനുള്ള മിടുക്ക് താരം തുടരുമെന്നു തന്നെയാകും ടീമിന്റെ പ്രതീക്ഷ.
ഡൈ്വന്‍ ബ്രാവോ: ഏറെനാളായി ചെന്നൈയുടെ വിശ്വസ്ത താരമാണ് ബ്രാവോ. ബാറ്റിങ്ങില്‍ പണ്ടത്തെപ്പോലെ തിളങ്ങാനാകുന്നില്ലെങ്കിലും ഡെത്ത് ഓവറുകളില്‍ ധോണിക്ക് ആശ്രയിക്കാവുന്ന ബൗളറായതുകൊണ്ട് തന്നെയാണ് അന്തിമ ഇലവനില്‍ വിദേശതാരമായി ഇടംനേടിയത്.
ജോഷ് ഹേസല്‍വുഡ്: സീസണിന്റെ ആദ്യഘട്ടത്തില്‍ കോവിഡ് കാരണം താരത്തിന്റെ സേവനമുണ്ടായിരുന്നില്ല. എക്‌സ്പ്രസ് പേസറുടെ അഭാവം തീര്‍ക്കാന്‍ ഇത്തവണ ഹേസല്‍വുഡ് എത്തുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
മുംബൈ ഇന്ത്യന്‍സ്:
ക്വിന്റന്‍ ഡികോക്: ഓപണിങ്ങില്‍ രോഹിതിനൊപ്പം മറ്റൊരു പേര് ആരും പ്രതീക്ഷിക്കുന്നില്ല. ഇന്ന് രോഹിതിന്റെ അഭാവത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം താരത്തിനുണ്ടാകും. ടീമിനു വേണ്ടി എന്നും വെടിക്കെട്ട് തുടക്കം നല്‍കിയിട്ടുള്ള താരം വിക്കറ്റ് കീപ്പിങ്ങിലും വിശ്വസ്തനാണ്.
സൂര്യകുമാര്‍ യാദവ്: ദേശീയ ടീമുകളിലെ അരങ്ങേറ്റത്തിന്റെകൂടി ഊര്‍ജത്തിലാണ് സൂര്യകുമാര്‍ യുഎഇയിലേക്ക് എത്തുന്നത്. ബാറ്റിങ് സ്ഥിരതകൊണ്ട് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ താരം.
ഇഷാന്‍ കിഷന്‍: ഏതു ഘട്ടത്തിലും ഘട്ടത്തിലും സ്‌കോര്‍വേഗം കൂട്ടാന്‍ ശേഷിയുള്ള ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. മൂന്നാമനായായിരിക്കും ഇന്ന് ഇഷാന്‍ കിഷന്‍ ബാറ്റ് ചെയ്യുക.
അന്‍മോല്‍പ്രീത് സിങ്: പഞ്ചാബ് ബാറ്റ്‌സ്മാനായ അന്‍മോലിന് മുംബൈ ജഴ്‌സിയില്‍ അരങ്ങേറ്റമാണിന്ന്. നാലാമനായായിരിക്കും താരം ബാറ്റിങ്ങിനിറങ്ങുക.
സൗരഭ് തിവാരി: മധ്യനിരയില്‍ പലഘട്ടങ്ങളിലും ടീമിന്റെ വിശ്വാസം കാത്ത താരമാണ് സൗരഭ് തിവാരി. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ മുഖ്യ ബാറ്റ്‌സ്മാനായിരുന്നു.
കീറോണ്‍ പൊള്ളാര്‍ഡ്: മുംബൈ മധ്യനിരയില്‍ ഏറ്റവും വിശ്വസ്തനായ താരം. ഏതുസമയത്തും അപകടം വിതയ്ക്കാന്‍ ശേഷിയുള്ളയാള്‍. ബൗളിങ്ങില്‍ വിക്കറ്റെടുത്ത് ബ്രേക് ത്രൂ നല്‍കാനും കഴിവുള്ള താരം. ഇന്ന് നായകന്‍റെ അധിക റോളില്‍കൂടിയാണ് താരമിറങ്ങുക.
ഹര്‍ദിക് പാണ്ഡ്യ: അത്ര മികച്ച ഫോമിലല്ലെങ്കിലും ഹര്‍ദികിനെ മാറ്റിനിര്‍ത്തിയൊരു കളി മുംബൈക്കില്ല. ദേശീയ ടീമില്‍ ഒരുപാട് എതിരാളികള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ട സമ്മര്‍ദം താരത്തിനുണ്ട്.
ക്രുണാല്‍ പാണ്ഡ്യ: ഹര്‍ദിക്കിനൊപ്പം ഓള്‍റൗണ്ട് പ്രകടനങ്ങളിലൂടെ ടീമിന് മുതല്‍കൂട്ടായ താരം. സ്പിന്‍ ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ പന്തുകൊണ്ടും ഏറെ ഗുണം ചെയ്യാനാകും താരത്തിന്.
ആദം മില്‍നെ: ന്യൂസിലന്‍ഡിന്റെ വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറാണ് മില്‍നെ. ആദ്യഘട്ടത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ താരത്തിനായിരുന്നു.
രാഹുല്‍ ചഹാര്‍: ഐപിഎല്ലിലെ മികച്ച പ്രകടനം കാരണം ദേശീയടീമിലേക്ക് വിളിവന്ന താരം. സ്പിന്‍ ബൗളിങ് കൊണ്ട് എതിരാളികളെ എപ്പോഴും കുഴക്കിയിട്ടുണ്ട് രാഹുല്‍.
ജസ്പ്രീത് ബുംറ: മുംബൈ ബൗളിങ് യൂനിറ്റിന്റെ കുന്തമുന. ബുംറ തന്നെയാകും എതിര്‍ടീമിന്റെ ഏറ്റവും വലിയ പേടിസ്വപ്നം. ചെന്നൈ ബുംറയ്ക്കെതിരെ തയാറാക്കിയ പദ്ധതി എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ട്രെന്റ് ബോള്‍ട്ട്: ബുംറയ്‌ക്കൊപ്പം എതിര്‍ബാറ്റിങ് നിരയില്‍ നാശംവിതക്കാന്‍ കെല്‍പുളള എക്‌സ്പ്രസ് പേസര്‍. പവര്‍പ്ലേയിലും ഡെത്ത് ഒാവറിലും മുംബൈക്ക് ഒരുപോലെ ആശ്രയിക്കാവുന്ന താരം.