ചെപ്പോക്കില്‍ പേസ് ആക്രമണത്തില്‍ പതറി മുംബൈ; ചെന്നയ്‍ക്ക് ജയിക്കാന്‍ 140

മുൻനിര ബാറ്റർമാരെല്ലാം ഉത്തരവാദിത്തം മറന്ന് ഒന്നൊന്നായി കൂടാരം കയറിയപ്പോൾ അർധസെഞ്ച്വറിയുമായി യുവതാരം നേഹാൽ വധേര(64)യാണ് മുംബൈയെ രക്ഷിച്ചത്

Update: 2023-05-06 12:04 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: നിർണായകമായ എൽക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈയുടെ പേസ് ആക്രമണത്തിനുമുന്നിൽ മറുപടിയില്ലാതെ മുംബൈ ഇന്ത്യൻസ്. ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത ഓവറിൽ 139 റൺസാണ് എടുക്കാനായത്. മുൻനിര ബാറ്റർമാരെല്ലാം ഉത്തരവാദിത്തം മറന്ന് ഒന്നൊന്നായി കൂടാരം കയറിയപ്പോൾ അർധസെഞ്ച്വറിയുമായി യുവതാരം നേഹാൽ വധേര(64)യാണ് സന്ദർശകരെ രക്ഷിച്ചത്.

സ്വന്തം തട്ടകത്തിൽ ടോസ് ലഭിച്ച ചെന്നൈ നായകൻ എം.എസ് ധോണി മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ധോണിയുടെ തീരുമാനം അക്ഷരംപ്രതി ശരിവയ്ക്കുകയായിരുന്നു ചെന്നൈ പേസർമാർ. പവർപ്ലേയിൽ തന്നെ കാമറോൺ ഗ്രീൻ, ഇഷൻ കിഷൻ, രോഹിത് ശർമ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാരെ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് കൂടാരം കയറ്റുകയായിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലും സംപൂജ്യനായി രോഹിത് ശർമ ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ 'ഡക്ക്' റെക്കോർഡ് എന്ന നാണക്കേട് സ്വന്തം പേരിൽ കുറിച്ച മത്സരം കൂടിയായി ഇത്.

പതിവിൽനിന്ന് മാറി മൂന്നാമനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. ഗ്രീനിനെയാണ് പകരം ഓപണിങ്ങിനയയ്ച്ചത്. പവർപ്ലേയിൽ പരമാവധി റൺസ് വാരിക്കൂട്ടുക എന്ന ലക്ഷ്യത്തോടെ ഫോമിലുള്ള ബാറ്ററെ ഓപണിങ്ങിനയച്ച തന്ത്രം പക്ഷെ പാളി. നാല് പന്ത് നേരിട്ട് വെറും ആറു റൺസുമായി ദേശ്പാണ്ഡെയുടെ പന്തിൽ ബൗൾഡായാണ് ഗ്രീൻ മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ ദീപക് ചഹാറിനെ വമ്പനടിക്ക് ശ്രമിച്ച് ഇഷനും മടങ്ങി. മഹേഷ് തീക്ഷണയ്ക്ക് ക്യാച്ച് നൽകി തിരിച്ചുനടക്കുമ്പോൾ ഒൻപത് പന്തിൽ ഏഴു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ രോഹിതിന് 'ഡക്ക് ശാപ'ത്തിൽനിന്നു തന്നെ രക്ഷപ്പെടാനായില്ല. ചെന്നൈയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ തപ്പിത്തടഞ്ഞ് രോഹിതും വീണു. ചഹാറിന്റെ പന്തിൽ അലസമായ സ്‌കൂപ്പിനു ശ്രമിച്ചാണ് രവീന്ദ്ര ജഡേജ പിടിച്ച് രോഹിത് പുറത്തായത്.

നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവുമായി ചേർന്ന് വധേരയാണ് പിന്നീടങ്ങോട്ട് ടീമിനെ വൻനാണക്കേടിൽനിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് സ്‌കോർബോർഡിൽ 55 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഒരിക്കൽകൂടി രവീന്ദ്ര ജഡേജയുടെ മുൻപിൽ നിസ്സഹായനായി സൂര്യ കൂടാരം കയറി. 22 പന്തിൽ 26 റൺസുമായായിരുന്നു താരത്തിന്റെ മടക്കം. ഇതിനിടെ വധേര ഐ.പി.എൽ കരിയറിലെ ആദ്യ അർധസെഞ്ച്വറിയും സ്വന്തം പേരിലാക്കി.

സൂര്യ പോയതിനു പിന്നാലെ അഞ്ചാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്‌സുമായി കൂട്ടുചേർന്ന് ഇന്നിങ്‌സ് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 'ജൂനിയർ മലിംഗ' മതീഷാ പതിരാനയുടെ 145 കി.മീറ്റർ യോർക്കറിൽ മറുപടിയില്ലാതെ വധേര കീഴടങ്ങി. 51 പന്തിൽ ഒരു സിക്‌സും എട്ട് ഫോറും സഹിതം 64 റൺസെടുത്താണ് താരം ബൗൾഡായി മടങ്ങിയത്. മുംബൈ ഇന്നിങ്‌സിലെ ഏക സിക്‌സും വധേരയുടേതായിരുന്നു. സ്റ്റബ്‌സ് 21 പന്തിൽ 21 റൺസെടുത്തതൊഴിച്ചാൽ മുംബൈ വാലറ്റത്തെയും ചെന്നൈ ബൗളർമാർ എറിഞ്ഞിട്ടു.

ചഹാറും ദേശ്പാണ്ഡെയും പവർപ്ലേയിൽ നൽകിയ മികച്ച തുടക്കം മുതലെടുത്ത് മധ്യഓവറുകളിലും ഡെത്ത് ഓവറിലും ഗംഭീരമായി പൂർത്തിയാക്കിയ പതിരാന തന്നെയാണ് ചെന്നൈ ബൗളർമാരിൽ ഏറ്റവും നന്നായി തിളങ്ങിയത്. നാല് ഓവറിൽ വെറും 15 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ചഹാറിനും ദേശ്പാണ്ഡെയ്ക്കും രണ്ടു വിക്കറ്റും ജഡേജയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

Summary: IPL 2023: CSK vs MI Live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News