ചാഹറിന് പരിക്ക്; ശ്രീലങ്കക്കെതിരായ പരമ്പര നഷ്ടമാകും
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേല്‍ക്കുന്നത്.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പേസ് ബൌളര്‍ ദീപക് ചാഹറിന് പരിക്കുമൂലം വരും മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേല്‍ക്കുന്നത്. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തെറിയാനുള്ള റണ്ണപ്പിനിടെ ചാഹറിന് പരിക്കേല്‍ക്കുകയായിരുന്നു. തുടയ്ക്കേറ്റ പരിക്കിന് പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ചാഹര്‍ മടങ്ങിയിരുന്നു
ആറ് ആഴ്ചയെങ്കിലും ചാഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ആഴ്ച ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരക്ക് പിന്നാലെ ഐ.പി.എല്‍ സീസണിലെ ഏതാനും മത്സരങ്ങൾ കൂടി താരത്തിന് നഷ്ടമാകും. ചെന്നൈ സൂപ്പര്‍ കിങ്സ് പൊന്നും വിലയ്ക്ക് ചാഹറിനെ ഈ സീസണില്‍ വാങ്ങിയിരിക്കുന്നത്.14 കോടിക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. ഏപ്രില്‍ ആദ്യ വാരമാകും ഐ.പി.എല്‍ ആരംഭിക്കുക. ശ്രീലങ്കക്കെതിരായ ടി20 പരമ്പ ഈ മാസം 24നാണ് തുടങ്ങുന്നത്.
വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് വിക്കറ്റ് നേടിയെങ്കിലും തന്റെ സ്പെൽ പൂര്‍ത്തിയാക്കാനാകാതെയാണ് ദീപക് ചഹാര്‍ മടങ്ങിയത്. ഓവറിന്‍റെ അവസാന പന്തില്‍ പരിക്കേറ്റതിന് പിന്നാലെ ചാഹര്‍ തിരിച്ചുകയറി. വെങ്കിടേഷ് അയ്യരാണ് അവസാന പന്തെറിഞ്ഞ് ആ ഓവര്‍ പൂര്‍ത്തിയാക്കിയത്