തുടരെ എട്ടു തോൽവി; മുംബൈയെ രക്ഷിക്കാൻ കമന്ററി ബോക്‌സിൽനിന്ന് അവൻ വരുന്നു

മുംബൈ ബൗളിങ് യൂനിറ്റിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ എട്ടു കളിയിൽനിന്നായി വഴങ്ങിയത് 229 റൺസാണ്. കാര്യമായി വിക്കറ്റ് നേടാനുമായിട്ടില്ല

Update: 2022-04-30 13:59 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: തുടരെ എട്ടു തോൽവികളുമായി ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്. അഞ്ചു തവണ ഐ.പി.എൽ ചാംപ്യന്മാരായ മുംബൈയുടെ ഏറ്റവും വലിയ കരുത്തായിരുന്നത് ടീം ബാലൻസാണ്. ഇത്തവണ മൊത്തത്തിൽ ബാലൻസ് നഷ്ടപ്പെട്ടപ്പോൾ ബൗളിങ് യൂനിറ്റാണ് ടീമിന്റെ അതിദയനീയ പ്രകടനത്തിൽ പ്രധാന ഉത്തരവാദികൾ. ഒടുവിൽ, മുൻ താരം ധവാൽ കുൽക്കർണിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് മുംബൈ.

മുംബൈയുടെ വിശ്വസ്ത ബൗളറായിരുന്ന കുൽക്കർണിയെ ഇത്തവണ മെഗാ ലേലത്തിൽ ആരും വിളിച്ചെടുത്തിരുന്നില്ല. ഇതേതുടർന്ന് ഐ.പി.എൽ കമന്ററി സംഘത്തിന്റെ ഭാഗമായിരുന്നു 33കാരനായ വെറ്ററൻ താരം. ബൗളിങ് യൂനിറ്റിന്റെ മോശം പ്രകടനത്തിന് താൽക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒടുവിൽ വിശ്വസ്തതാരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് മുംബൈ.

കുൽക്കർണി ടീമിന്റെ ബയോബബിളിൽ ചേർന്നിട്ടുണ്ടെന്നാണ് വിവരം. ഉടൻ പരിശീലനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് കുൽക്കർണി ഐ.പി.എല്ലിൽ കൂടുതൽ കളിച്ചിട്ടുള്ളത്. പഴയ ഗുജറാത്ത് ലയൺസിനു വേണ്ടിയും കുപ്പായമിട്ടിട്ടുണ്ട്.

പ്ലേഓഫ് സാധ്യതകളെല്ലാം അസ്തമിച്ചെങ്കിലും മാനം കാക്കാൻ മുംബൈക്ക് വിജയം അനിവാര്യമാണ്. നിലവിൽ ബൗളിങ് യൂനിറ്റിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ തന്നെ എട്ടു കളിയിൽനിന്നായി 229 റൺസാണ് വഴങ്ങിയിട്ടുള്ളത്. കാര്യമായി വിക്കറ്റ് നേടാനുമായിട്ടില്ല. ഇടങ്കയ്യൻ പേസർമാരായ ജയദേവ് ഉനദ്കട്ടിന്റെയും ഡാനിയൽ സാംസിന്റെയും മറ്റ് പേസർമാരായ ടിമൽ മിൽസ്, ബേസിൽ തമ്പി എന്നിവരുടെയെല്ലാം സ്ഥിതിയും വ്യത്യസ്തമല്ല.

Summary: Dhawal Kulkarni joins Mumbai Indians squad for remainder of IPL 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News