ധോണി ഗ്രൗണ്ടിൽ മാത്രമായിരുന്നു ക്യാപ്റ്റൻ കൂൾ; അഗ്രഷൻ കാണിച്ചാൽ വിക്കറ്റ് കിട്ടുമെന്ന് വിചാരിച്ചു- വിരമിക്കലിനു പിന്നാലെ ശ്രീശാന്ത്
''ചിലർ എന്നെക്കുറിച്ച് എഴുതിയത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. എന്ത് തെറ്റാണ് ചെയ്തതെന്ന് ആലോചിച്ചിട്ടുണ്ട്. ആത്മകഥ എഴുതുന്നുണ്ട്. അതിൽ കൂടുതൽ കാര്യങ്ങൾ തുറന്നെഴുതും.'' മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്
ആഭ്യന്തര ക്രിക്കറ്റിൽനിന്നു മാത്രമാണ് വിരമിച്ചതെന്ന് മുൻ മലയാളി താരം എസ്. ശ്രീശാന്ത്. കോച്ചിങ്, കമന്റേറ്റർ എന്നീ മേഖലകളിൽ തുടരാൻ താൽപര്യമുണ്ട്. സെലക്ഷൻ ക്രിക്കറ്റിൽനിന്നു മാത്രമാണ് വിരമിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഇന്നലെയാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ ആഭ്യന്തര ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
രണ്ടുമൂന്നു മാസമായി വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നു. കളിനിർത്തുമ്പോൾ ആരോടും പരിഭവമില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ടി.സി മാത്യുവും താനും നല്ല സുഹൃത്തുക്കളാണ്. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ചിലർ എന്നെക്കുറിച്ച് എഴുതിയത് കണ്ട് സങ്കടം തോന്നി. എന്ത് തെറ്റാണ് ചെയ്തതെന്ന് ആലോചിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
ആസ്ട്രേലിയൻ കളിക്കാരെ കണ്ടാണ് ക്രിക്കറ്റ് പഠിച്ചത്. അതുകൊണ്ടുതന്നെ അഗ്രഷൻ കാണിച്ചാൽ വിക്കറ്റ് കിട്ടുമെന്നാണ് വിചാരിച്ചിരുന്നത്. ധോണി ഗ്രൗണ്ടിൽ മാത്രമായിരുന്നു ക്യാപ്റ്റൻ കൂൾ. ഡ്രസിങ് റൂമിൽ നന്നായി ചീത്ത പറയുമായിരുന്നു. ആത്മകഥ എഴുതുന്നുണ്ട്. അതിൽ കൂടുതൽ കാര്യങ്ങൾ തുറന്നെഴുതും. ഓണത്തിനുമുൻപ് ആത്മകഥ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.
''സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത് കരിയറിലെ മറക്കാനാവാത്ത അനുഭവമാണ്. ജീവിതത്തിലെ പകുതി വിക്കറ്റുകളിലും സച്ചിൻ അടക്കമുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഗുജറാത്തിനെതിരെ കളിച്ചുനിർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഐ.പി.എല്ലിൽ കളിക്കാരനായിട്ടല്ല, മറ്റൊരു രീതിയിൽ ഭാഗമാകും. സഞ്ജു സാംസൺ അടക്കം നിരവധി യുവാക്കൾ പ്രതീക്ഷ നൽകുന്നുണ്ട്.''
ചലച്ചിത്ര മേഖലയിലുള്ളവർ വിളിച്ചു പിന്തുണ അറിയിച്ചു. കന്നഡ സിനിമ ഉടൻ ഇറങ്ങാനിരിക്കുകയാണ്. ജീവിതം സിനിമയാക്കാൻ ചർച്ച നടക്കുന്നുണ്ട്. വിജയ് സേതുപതിയുമായിട്ടുള്ള തമിഴ്ചിത്രം പുറത്തുവരാനുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
പുതുതലമുറയ്ക്കായി വഴിമാറുകയാണെന്നാണ് വിരമിക്കൽ കുറിപ്പിൽ ശ്രീശാന്ത് പറഞ്ഞത്. അവസാനമായി രഞ്ജി ട്രോഫിയിൽ കേരളത്തിനുവേണ്ടി മേഘാലയയ്‌ക്കെതിരെയാണ് താരം കളിച്ചത്. മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 2007ൽ ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലും 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
'അടുത്ത തലമുറയിലെ താരങ്ങൾക്കായി ഞാൻ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേതുമാത്രമാണ്. ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണിത്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്' വിരമിക്കൽ കുറിപ്പിൽ ശ്രീശാന്ത് സൂചിപ്പിച്ചു.
രാജ്യാന്തരതലത്തിൽ 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമിട്ടിട്ടുണ്ട്് ശ്രീശാന്ത്. ഇതിൽ 27 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽനിന്നായി 75 വിക്കറ്റും 10 ടി20യിൽനിന്ന് ഏഴു വിക്കറ്റും സ്വന്തമാക്കി. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെ രാജ്യാന്തര കരിയറിലെ അവസാന ടെസ്റ്റും കളിച്ചു. 2011 ഏപ്രിലിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാനമായി ഏകദിനം കളിച്ചത്. ടി20യിൽ 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 2008 ഫെബ്രുവരിയിൽ ആസ്ട്രേലിയയ്‌ക്കെതിരെ അവസാന ടി20യും കളിച്ചു.
Summary: Dhoni was 'captain cool' only on the field, Says S Sreesanth After retirement