ഇംഗ്ലണ്ടിനെ റൂട്ട് കാത്തു; ന്യൂസിലൻഡിന് 283 റൺസ് വിജയലക്ഷ്യം

86 പന്ത് നേരിട്ട് ഒരു സിക്‌സും നാല് ഫോറും സഹിതം 77 റൺസെടുത്താണ് ജോ റൂട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽനിന്നു കാത്തത്

Update: 2023-10-05 12:44 GMT
Editor : Shaheer | By : Web Desk

ജോ റൂട്ടിന്‍റെ ബാറ്റിങ്ങില്‍നിന്ന്

Advertising

അഹ്മദാബാദ്: ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ 282 റൺസിലൊതുക്കി കിവീസ് ബൗളർമാർ. ജോ റൂട്ടിന്റെ അർധസെഞ്ച്വറി(77) ഒഴിച്ചുനിർത്തിയാൽ നായകൻ ജോസ് ബട്‌ലർക്കും(43) ഓപണർ ജോണി ബെയർസ്‌റ്റോയ്ക്കും(33) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ കാര്യമായെന്തെങ്കിലും ചെയ്യാനായത്. മൂന്നു വിക്കറ്റുമായി മാറ്റ് ഹെൺറിയും രണ്ടു വിക്കറ്റുമായി മിച്ചൽ സാന്റ്‌നറുമാണ് ന്യൂസിലന്‍ഡ് ബൗളിങ് നിരയില്‍ തിളങ്ങിയത്.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒഴിഞ്ഞ ഗാലറിക്കുമുൻപിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കിവീസ് നായകൻ ടോം ലാഥമിനെയാണ് ടോസ് ഭാഗ്യം തുണച്ചത്. ഇംഗ്ലീഷ് സംഘത്തെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു ലാഥം. കിവീസ് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ബെയർസ്‌റ്റോ ഒരുവശത്ത് ആക്രമണമൂഡിലായിരുന്നെങ്കിലും മറുതലയ്ക്കൽ ഡേവിഡ് മലാൻ തപ്പിത്തടഞ്ഞു.

മലാനെ(14) വിക്കറ്റിനു പിന്നിൽ ലാഥമിന്റെ കൈയിലെത്തിച്ച് ഹെൺറിയാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. അധികം വൈകാതെ ബെയര്‍‌സ്റ്റോയുടെ പോരാട്ടം മിച്ചൽ സാന്റ്‌നറും അവസാനിപ്പിച്ചു. ഹാരി ബ്രൂക്ക്(25) വെടിക്കെട്ട് ഫോമിലായിരുന്നെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. മോയിൻ അലിയും(11) വന്നവഴി മടങ്ങിയതോടെ ഇംഗ്ലണ്ട് നാലിന് 118 എന്ന നിലയിൽ കൂട്ടത്തകർച്ച മുന്നിൽകാണുകയായിരുന്നു.

പിന്നീട് അഞ്ചാം വിക്കറ്റിൽ ജോ റൂട്ടും ബട്‌ലറും ചേർന്നാണ് ടീമിനെ കരകയറ്റിയത്. റൂട്ടിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ബട്‌ലർ ആക്രമിച്ചുകളിച്ചെങ്കിലും അർധസെഞ്ച്വറിക്ക് ഏഴു റൺസകലെ വീണു. ഹെൺറിയാണ് വീണ്ടും കിവികൾക്ക് ബ്രേക് ത്രൂ നൽകിയത്. ഇതിനിടെ ഗ്ലെൻ ഫിലിപ്‌സിന്റെ പന്തിൽ റൂട്ടിന്റെ പോരാട്ടവും അവസാനിച്ചു. 86 പന്ത് നേരിട്ട് ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 77 റൺസെടുത്ത് ബൗൾഡായാണ് റൂട്ട് മടങ്ങിയത്. ലിയാം ലിവിങ്സ്റ്റൺ(20), സാം കറൻ(14), ക്രിസ് വോക്‌സ്(11), ആദിൽ റഷീദ്(15), മാർക്ക് വുഡ്(13) എന്നിവരെല്ലാം ചെറിയ സ്‌കോറുകളുമായി കൂടാരം കയറിയതോടെ ഇംഗ്ലീഷ് ഇന്നിങ്‌സ് 282 റൺസിൽ അവസാനിച്ചു.

ഹെൺറി പത്ത് ഓവറിൽ 48 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോൾ സാന്റ്‌നർ 37 റൺസ് മാത്രം നൽകിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഫിലിപ്‌സിനും ലഭിച്ചു രണ്ടു വിക്കറ്റ്. ട്രെന്റ് ബോൾട്ടും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Summary: England vs New Zealand Live Score, World Cup 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News