വീണ്ടും തോല്‍വി, ദുരന്തക്കാഴ്ചയായി ലോക ചാംപ്യന്മാർ! ലങ്കയ്ക്ക് അനായാസജയം

അഫ്ഗാനിസ്താനോടും ദക്ഷിണാഫ്രിക്കയോടും വമ്പൻ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിൽനിന്നു മുക്തമാകുംമുന്‍പാണ് ശ്രീലങ്കയുടെ വക ഇംഗ്ലണ്ടിന് അടുത്ത പ്രഹരം

Update: 2023-10-26 14:10 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: 2023 ഏകദിന ലോകകപ്പിൽ ലോക ചാംപ്യന്മാരുടെ ദുരന്തം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. അഫ്ഗാനിസ്താനോടും ദക്ഷിണാഫ്രിക്കയോടും വമ്പൻ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിൽനിന്നു കരകയറുംമുൻപാണ് ശ്രീലങ്കയും ആ മുറിവിൽ എരിവുപുരട്ടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 156 റൺസിൽ ചുരുട്ടിക്കെട്ടിയ ശേഷം 24.2 ഓവർ ബാക്കിനിൽക്കെ എട്ടു വിക്കറ്റിനാണ് ലങ്കൻ വിജയം.

ലഹിരു കുമാര, ആഞ്ചെലോ മാത്യൂസ്, കസുൻ രജിത എന്നിവർ ചേർന്ന് ഇംഗ്ലീഷ് ബാറ്റർമാരെ നിലംതൊടാൻ അനുവദിക്കാതെ കൂടാരം കയറ്റിയ ശേഷമാണ് ലങ്ക ആധികാരികമായി ലക്ഷ്യം മറികടന്നത്. കുശാൽ പെരേരയെയും നായകൻ കുശാൽ മെൻഡിസിനെയും ഇംഗ്ലണ്ടിനു വീഴ്ത്താനായെങ്കിലും പാത്തും നിസങ്കയും സദീര സമരവിക്രമയും ചേർന്ന് അനായാസം, ടീമിനെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചു.

83 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 77 റൺസെടുത്താണ് നിസങ്ക ലങ്കൻ ചേസിങ് നയിച്ചത്. മറുവശത്ത് സദീര ആക്രമണമൂഡിലായിരുന്നു. 54 പന്തിൽ ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടിച്ചുപറത്തി 65 റൺസുമായി നിസങ്കയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ഇതോ ലോക ചാംപ്യന്മാര്‍! നാണംകെട്ട് ബട്ലറും സംഘവും

നേരത്തെ ശ്രീലങ്കൻ ബൗളിങ്ങിനു മുൻപിൽ ആയുധംവച്ചു കീഴടങ്ങുകയായിരുന്നു ലോക ചാംപ്യന്മാർ. വെറും 33.2 ഓവറിനുള്ളിലാണു പേരുകേട്ട ഇംഗ്ലീഷ് പട ഒന്നൊന്നായി കൂടാരം കയറിയത്. വെറും 156 റൺസെടുക്കാനാണ് ജോസ് ബട്‌ലറുടെ സംഘത്തിനായത്. ലങ്കൻ ബൗളർമാരിൽ ലഹിരു കുമാര, ആഞ്ചെലോ മാത്യുസ്, കസുൻ രജിത എന്നിവർ നിറഞ്ഞാടിയ ദിനത്തിൽ 43 റൺസെടുത്ത് ചെറുത്തുനിന്ന ബെൻ സ്‌റ്റോക്‌സ് ആണ് ടീമിനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസിൽനിന്നു തുടങ്ങിയ പിഴവ് വീണ്ടും ആവർത്തിക്കുകയായിരുന്നു ഇന്ന് ബട്‌ലർ. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ടീമിന്റെ തുടക്കം. ആദ്യ ആറ് ഓവർ തകർത്തടിക്കുകയായിരുന്നു ഓപണർമാരായ ജോണി ബെയർസ്‌റ്റോയും ഡേവിഡ് മലാനും. എന്നാൽ, ഏഴാം ഓവറിൽ മലാനെ(28) വീഴ്ത്തി ആഞ്ചെലോ മാത്യൂസ് ഇംഗ്ലീഷ് പതനത്തിനു തുടക്കമിട്ടു. ജോ റൂട്ട്(മൂന്ന്) വന്ന വഴിയേ റണ്ണൗട്ടായി മടങ്ങി. ബെയർസ്‌റ്റോയെ(30) ധനഞ്ജയ ഡിസിൽവയുടെ കൈയിലെത്തിച്ച് രജിതയുടെ വക ഇംഗ്ലണ്ടിനു മൂന്നാമത്തെ പ്രഹരവും.

പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിന് എണീറ്റുനിൽക്കാനേ ആയില്ല. ഇടയ്ക്ക് ആറാം വിക്കറ്റിൽ ഓൾറൗണ്ടർമാരായ ബെൻ സ്‌റ്റോക്‌സും മോയിൻ അലിയും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും അധികം ആയുസുണ്ടായിരുന്നില്ല. 37 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്ത് ആ സഖ്യവും പിരിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. അവസാനം ലഹിരു കുമാരയുടെ കിടിലൻ ബൗളിൽ ബെൻ സ്റ്റോക്‌സും കീഴടങ്ങിയതോടെ ഇംഗ്ലീഷ് ദുരന്തം പൂർണമായി. 73 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിയം 43 റൺസെടുത്താണ് സ്റ്റോക്‌സ് കൂടാരം കയറിയത്.

ജോസ് ബട്‌ലർ(എട്ട്), ലിയാം ലിവിങ്‌സ്റ്റൺ(ഒന്ന്), മോയിൻ അലി(15), ക്രിസ് വോക്‌സ്(പൂജ്യം), ആദിൽ റഷീദ്(രണ്ട്), മാർക്ക് വുഡ്(അഞ്ച്) എന്നിങ്ങനെയുള്ള ഇംഗ്ലീഷ് സ്‌കോർകാർഡ് ആ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കും. ഡേവിഡ് വില്ലി 14 റൺസെടുത്ത് പുറത്താകാതെ നിന്നു.

ലങ്കൻ ബൗളർമാരിൽ ഏഴ് ഓവറിൽ 35 റൺസ് മാത്രം വിട്ടുനിൽകിയ ലഹിരു കുമാരയാണ് ഇംഗ്ലണ്ടിന് ഏറ്റവും വലിയ പ്രഹരം നൽകിയത്. കസുൻ രജിത ഏഴ് ഓവറിൽ 36 റൺസ് വിട്ടുനൽകിയും ആഞ്ചെലോ മാത്യൂസ് അഞ്ച് ഓവറിൽ വെറും 14 റൺസ് വിട്ടുനൽകിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ അഞ്ച് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട് ശ്രീലങ്ക. ഡേവിഡ് വില്ലിയുടെ പന്തിൽ ബെൻ സ്റ്റോക്‌സ് പിടിച്ച് ഓപണർ കുശാൽ പെരേര(നാല്)യാണു പുറത്തായത്.

Summary: England vs Sri Lanka Live Score, Cricket World Cup 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News