ബി.സി.സി.ഐ വിപ്ലവം; പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കി

വിവേചനങ്ങൾ മറികടക്കാനുള്ള ആദ്യ ചവിട്ടുപടിയെന്നാണ് ബി.സി.സി.ഐ തീരുമാനത്തെ ജയ് ഷാ വിശേഷിപ്പിച്ചത്

Update: 2022-10-27 09:25 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലിംഗസമത്വത്തിന് ഊന്നൽ നൽകിയുള്ള ചരിത്രപരമായ പ്രഖ്യാപനവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ബി.സി.സി.ഐ തുല്യവേതനം നടപ്പാക്കി. സെക്രട്ടറി ജയ് ഷാ ആണ് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്.

വർഷങ്ങളായി വനിതാ ക്രിക്കറ്റർമാർ ഉന്നയിച്ചുവരുന്ന പ്രശ്‌നത്തിനാണ് ബി.സി.സി.ഐ പ്രഖ്യാപനത്തോടെ പരിഹാരമായിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ബോർഡിന്റെ കരാർ പട്ടികയിൽ ഉൾപ്പെട്ട വനിതാ, പുരുഷതാരങ്ങൾക്ക് ഗ്രേഡിനനുസരിച്ച് തുല്യവേതനമായിരിക്കും ലഭിക്കുക. അടുത്ത വർഷം തൊട്ട് വനിതാ ഐ.പി.എൽ ആരംഭിക്കാൻ ബി.സി.സി.ഐ വാർഷിക ജനറൽ മീറ്റിങ്ങിൽ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ താരങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകരുന്ന പുതിയ പ്രഖ്യാപനം.

വിവേചനങ്ങൾ മറികടക്കാനുള്ള ബി.സി.സി.ഐയുടെ ആദ്യ ചവിട്ടുപടിയാണെന്നാണ് പുതിയ തീരുമാനത്തെ ജയ് ഷാ വിശേഷിപ്പിച്ചത്. ബി.സി.സി.ഐയുടെ കോൺട്രാക്ട് പട്ടികയിലുള്ള വനിതാ താരങ്ങൾക്കും തുല്യവേതനം നടപ്പാക്കുകയാണ്. ക്രിക്കറ്റിൽ ലിംഗസമത്വത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഷാ ട്വീറ്റ് ചെയ്തു.

വേതനത്തിൽ തുല്യത നടപ്പാക്കുമെന്ന് താൻ വനിതാ താരങ്ങൾക്ക് ഉറപ്പുനൽകിയതായിരുന്നു. അതിന് ഉന്നത സമിതി പിന്തുണ നൽകിയതിനു നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറു ലക്ഷവും ടി20യിൽ മൂന്നു ലക്ഷവും ആയിരിക്കും മത്സരത്തിലെ വേതനം. ന്യൂസിലൻഡ് ആണ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കിയത്. ഈ വർഷം ആദ്യത്തിലായിരുന്നു കിവി ക്രിക്കറ്റ് ബോർഡിന്റെ വിപ്ലവകരമായ പ്രഖ്യാപനം.

Summary: The Board of Control for Cricket in India (BCCI) made a big announcement, stating that the match fee for both men and women cricketers (contracted) will be the same

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News