വീണ്ടും ഇന്ത്യയെ പരിശീലിപ്പിക്കാൻ ബി.സി.സി.ഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റൻ
2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിന്റെ പരിശീലകനായിരുന്നു ഗാരി
ന്യൂഡൽഹി: 28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 2011ലാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും ഇന്ത്യയ്ക്ക് വീണ്ടും ലോക ഏകദിന കിരീടം സമ്മാനിക്കുന്നത്. അന്ന് ഇന്ത്യയെ ചാംപ്യൻ സംഘമാക്കിയതിനു പിന്നിലെ പ്രധാന ശക്തിയായിരുന്നു മുൻ ദക്ഷിണാഫ്രക്കൻ താരം കൂടിയായ ഗാരി കേസ്റ്റൻ. ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന കേസ്റ്റനെ തിരിച്ചുവിളിച്ചിരിക്കുകയാണിപ്പോള്‍ ബി.സി.സി.ഐ.
ഇത്തവണ വനിതാ സംഘത്തെ പരിശീലിപ്പിക്കാനാണ് ബി.സി.സി.ഐ കേസ്റ്റനെ ക്ഷണിച്ചത്. എന്നാൽ, ആവശ്യം അദ്ദേഹം നിരസിച്ചതായി 'ഇ.എസ്.പി.എൻ ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്തു. ഐ.പി.എൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ലീഗുകളിൽ വിവിധ ടീമുകളുടെ ചുമതല വഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേസ്റ്റൻ ആവശ്യം തള്ളിക്കളഞ്ഞതെന്നാണ് വിവരം.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഹൃതികേഷ് കനിത്കർ ആണ് നിലവിൽ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ. താൽക്കാലിക ചുമതലയിലാണ് അദ്ദേഹമുള്ളത്. കനിത്കറിനു പകരക്കാരനായാണ് ബി.സി.സി.ഐ കേസ്റ്റനെ നോട്ടമിട്ടിരുന്നത്. എന്നാൽ, ഐ.പി.എല്ലിൽ നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മെന്ററാണ് അദ്ദേഹം.
കേസ്റ്റനെ ലഭിക്കാതായതോടെ മറ്റൊരു അന്താരാഷ്ട്ര മുഖത്തെയാണ് ബി.സി.സി.ഐ നോട്ടമിടുന്നതെന്നാണ് വിവരം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാഡ്ഡിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ വനിതാ ടീമിനെ സജ്ജമാക്കുകയാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശകോച്ചിനെ ലഭിച്ചില്ലെങ്കിൽ മുൻ മുംബൈ ക്യാപ്റ്റൻ അമോൽ മജുംദാറിനെ പരിഗണിക്കാനും ആലോചനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇല്ലെങ്കിൽ താൽക്കാലിക കോച്ച് കനിത്കറിന്റെ നിയമനം സ്ഥിരമാക്കിയേക്കും.
Summary: Gary Kirsten turns down offer to coach India Women Cricket Team