'പണ്ട് കപിൽദേവും ധോണിയുമായിരുന്നു, ഇപ്പോൾ കോഹ്ലി'; ഈ താരാരാധന നിർത്തണമെന്ന് ഗംഭീർ

''ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റെടുത്തപ്പോൾ ആരും അറിഞ്ഞില്ലെന്നു തോന്നുന്നു. എന്നാൽ, കോഹ്ലി സെഞ്ച്വറി അടിച്ചപ്പോൾ രാജ്യം മുഴുവൻ ആഘോഷമായിരുന്നു. ഈ താരാരാധനയിൽനിന്ന് രാജ്യം പുറത്തുകടക്കണം.''

Update: 2022-09-20 03:41 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ താരം വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന് മുൻ ഇന്ത്യൻ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റുമാകണം പ്രധാനമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. പണ്ട് കപിൽദേവിനെയും എം.എസ് ധോണിയെയും ആഘോഷിച്ച പോലെയാണ് ഇപ്പോൾ കോഹ്ലിയെ കൊണ്ടാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ദ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ തുറന്നുപറച്ചിൽ. ഏഷ്യാ കപ്പിൽ വിരാട് കോഹ്ലി സെഞ്ച്വറി അടിച്ച കളിയിൽ മീറത്തിൽനിന്നു വരുന്ന ഒരു യുവതാരം(ഭുവനേശ്വർ കുമാർ) അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചില്ല. ഇത് നിർഭാഗ്യകരമാണ്. കമന്ററിക്കിടയിൽ ഞാൻ മാത്രമാണ് അതേക്കുറിച്ച് സംസാരിച്ചതെന്നും ഗംഭീർ പറഞ്ഞു.

''ഭുവനേശ്വർ കുമാർ നാല് ഓവർ എറിഞ്ഞ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആരും അത് അറിഞ്ഞില്ലെന്നു തോന്നുന്നു. എന്നാൽ, കോഹ്ലി സെഞ്ച്വറി അടിച്ചപ്പോൾ രാജ്യം മുഴുവൻ ആഘോഷമായിരുന്നു. ഈ താരാരാധനയിൽനിന്ന് രാജ്യം പുറത്തുകടക്കണം. ഇന്ത്യൻ ക്രിക്കറ്റിലായാലും രാഷ്ട്രീയത്തിലായാലും ഡൽഹി ക്രിക്കറ്റ് ആയാലും താരാരാധന നിർത്തണം. ഇന്ത്യൻ ക്രിക്കറ്റിനെ, അല്ലെങ്കിൽ ഡൽഹിയെ, ഇന്ത്യയെ മാത്രമാണ് ആരാധിക്കേണ്ടത്.''-ഗംഭീർ അഭിപ്രായപ്പെട്ടു.

''രണ്ട് കാര്യങ്ങളാണ് ഇതെല്ലാം സൃഷ്ടിച്ചത്. ഒന്നാമത്തേക്ക് സോഷ്യൽ മീഡിയ ഫോളോവർമാർ. ഈ രാജ്യത്തെ ഏറ്റവും വ്യാജമായ സംഗതി ഒരുപക്ഷെ ഇതായിരിക്കും. എത്ര ഫോളോവർമാരുണ്ട് എന്നു നോക്കിയാണ് ആളുകളെ വിലയിരുത്തുന്നത്. അങ്ങനെയാണ് ബ്രാൻഡ് സൃഷ്ടിക്കുന്നത്. രണ്ടാമത്തെ സംഗതി മാധ്യമങ്ങളും ബ്രോഡ്കാസ്റ്റർമാരുമാണ്. നിങ്ങൾ ഒരേ വ്യക്തിയെക്കുറിച്ചുതന്നെ രാവും പകലും സംസാരിച്ചുകൊണ്ടിരുന്നാൽ സ്വാഭാവികമായും അതൊരു ബ്രാൻഡായി മാറും.''

ധോണിയിൽനിന്നു തുടങ്ങുന്നതെന്തിനാണ്? അത് 1983ൽ ആരംഭിച്ചതാണ്. ഇന്ത്യ ആദ്യത്തെ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ എല്ലാവരും കപിൽദേവിനു പിന്നാലെയായിരുന്നു. 2007ലും 2011ലും നമ്മൾ വിജയിച്ചപ്പോൾ അതു ധോണിയായി. ഇത് താരങ്ങളും ബി.സി.സി.ഐയും സൃഷ്ടിച്ചതല്ല. മാധ്യമങ്ങൾ എന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ചും രാജ്യത്തെ ക്രിക്കറ്റ് മെച്ചപ്പെടേണ്ടതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ടോ?-ഗംഭീർ ചോദിച്ചു.

Summary: ''India needs to come out of this hero worship, whether it's Indian cricket, whether it's politics''; Says Gautam Gambhir mentioning Virat Kohli and Bhuvneshwar Kumar's examples

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News