ഗെയ്‌ലിന്റെ ബാറ്റൊടിച്ച ബൗളർ കുടുങ്ങി; പിന്നെ കണ്ടത് വെടിക്കെട്ട് പൊടിപൂരം
പന്ത്രണ്ടാമൻ കൊണ്ടുവന്ന ബാറ്റുമായി ഇന്നിങ്‌സ് തുടർന്ന ഗെയ്ൽ പിന്നീട് തന്നേക്കാൾ 17 വയസ്സ് പ്രായക്കുറവുള്ള ഒഡിയൻ സ്മിത്തിനോട് ഒരു ദയയും കാണിച്ചില്ല
കരീബിയൻ സൂപ്പർ ലീഗിൽ വെറ്ററൻ താരങ്ങളായ ക്രിസ് ഗെയിലും ഡ്വെയ്ൻ ബ്രാവോയും അണിനിരക്കുന്ന സെയ്ന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സ് ഫൈനലിൽ. ഗയാന ആമസോൺ വാരിയേഴ്‌സിനെ ഏഴു വിക്കറ്റിന് തകർത്താണ് പാട്രിയറ്റ്‌സ് കലാശക്കളിക്ക് യോഗ്യത നേടിയത്. 39 പന്തിൽ നിന്ന് പുറത്താകാതെ 77 റൺസടിച്ച എവിൻ ലൂയിസാണ് പാട്രിയറ്റ്‌സിന് അനായാസ ജയമൊരുക്കിയതെങ്കിലും മൂന്നു സിക്‌സറിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 27 പന്തിൽ നിന്ന് 42 റൺസെടുത്ത ഗെയിലിന്റെ ഇന്നിങ്‌സും നിർണായകമായി.
ഗയാന വാരിയേഴ്‌സ് മുന്നോട്ടുവച്ച 179 റൺസിനെതിരെ എവിൻ ലൂയിസിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗെയ്ൽ പതിഞ്ഞ മട്ടിലാണ് ബാറ്റിങ് തുടങ്ങിയത്. എന്നാൽ, ഒഡിയൻ സ്മിത്ത് എറിഞ്ഞ നാലാം ഓവറിൽ കഥയാകെ മാറുന്നതാണ് കണ്ടത്. സ്മിത്തിന്റെ അതിവേഗ പന്ത് കൊണ്ട് ബാറ്റ് ഒടിഞ്ഞതിനു പിന്നാലെ ഗെയ്ൽ വെടിക്കെട്ടിന്റെ മാലപ്പടക്കം പൊട്ടിക്കുകയായിരുന്നു.
മൂന്ന് ഓവർ പിന്നിടുമ്പോൾ പാട്രിയറ്റ്‌സിന്റെ സ്‌കോർ ബോർഡിൽ 19 റൺസുണ്ടായിരുന്നെങ്കിലും എട്ട് പന്തിൽ നിന്ന് ഒരു റൺ മാത്രമായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. ഗെയ്ൽ - ലൂയിസ് കൂട്ടുകെട്ട് പൊളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വാരിയേഴ്‌സ് ക്യാപ്ടൻ നിക്കൊളാസ് പൂരാൻ 24-കാരനായ സ്മിത്തിനെ പന്തേൽപ്പിച്ചത്. ഗെയിലിനെതിരെ 150 കിലോമീറ്റർ വേഗതയിൽ ടൂർണമെന്റിലെ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞു കൊണ്ടായിരുന്നു സ്മിത്തിന്റെ തുടക്കം. വെറ്ററൻ താരത്തിൽ നിന്ന് ഏറെ അകലെയായി പതിച്ച പന്ത് വൈഡായി മാറി. സ്മിത്തിന്റെ അടുത്ത യോർക്കർ ശ്രമം പക്ഷേ പാളി. ഗെയിലിന്റെ അരയ്ക്കു പാകത്തിൽ ഫുൾടോസായി വന്ന പന്ത് നിമിഷങ്ങൾക്കുള്ളിൽ ബൗണ്ടറി കടന്നു.
അടുത്ത പന്തിലാണ് സ്മിത്ത് ഗെയ്‌ലിന്റെ ബാറ്റ് രണ്ടായി ഒടിച്ചത്. ഓഫ്‌സൈഡിൽ ഫുൾ ലെങ്തിലെത്തിയ പന്ത് ബൗണ്ടറിയിലേക്കു തന്നെ വിടാനായിരുന്നു വെറ്ററൻ താരത്തിന്റെ പ്ലാനെങ്കിലും, താഴ്ഭാഗത്തു പന്ത് തട്ടിയതോടെ പിടി മാത്രം ഗെയിലിന്റെ കൈയിൽ നിർത്തി ബാറ്റ് പിച്ചിന്റെ മധ്യത്തിലേക്കു തെറിച്ചുപോയി.
പന്ത്രണ്ടാമൻ കൊണ്ടുവന്ന ബാറ്റുമായി ഇന്നിങ്‌സ് തുടർന്ന ഗെയ്ൽ പിന്നീട് തന്നേക്കാൾ 17 വയസ്സ് പ്രായക്കുറവുള്ള ഒഡിയൻ സ്മിത്തിനോട് ഒരു ദയയും കാണിച്ചില്ല. ഓവറിലെ മൂന്നാം പന്ത് മിഡ്ഓഫിൽ പൂരാനെയും മറികടന്ന് നേരെ ബൗണ്ടറിയിലേക്ക്. നാലാം പന്ത് ബൗണ്ടറിയിലെത്തിയത് ഫൈൻ ലെഗ്ഗിലൂടെ. അഞ്ചാം പന്ത് 143 കിലോമീറ്റർ വേഗതയിലാണ് സ്മിത്തെറിഞ്ഞത്. പരിചയസമ്പന്നനായ ഗെയ്ൽ പൂപറിക്കുന്ന ലാഘവത്തിൽ അപ്പർകട്ടിലൂടെ പന്ത് ബൗണ്ടറിക്ക് പുറത്തെത്തിച്ചു. സിക്‌സറടിച്ചിട്ടും ഗെയ്ൽ നിർത്തിയില്ല; 140 കി.മീ വേഗതയിൽ വന്ന ആറാം പന്തിനുമേൽ പൂർണനിയന്ത്രണം കിട്ടിയില്ലെങ്കിലും തിക്ക് എഡ്ജ് ചെയ്ത പന്ത് ഷോർട്ട് തേഡ്മാന്റെ തലയ്ക്കു മുകളിലൂടെ അതിർത്തിവര കടന്നു. കരീബിയൻ ലീഗിൽ 2500 റൺസ് എന്ന നേട്ടവും ഇതോടെ ഗെയ്ൽ സ്വന്തമാക്കി.
അടുത്ത ഓവറിൽ ഇംറാൻ താഹിറിനെ ബൗണ്ടറിക്കും സിക്‌സറിനും പറത്തിയ ഗെയിൽ എട്ടാം ഓവറിൽ ഹെറ്റ്‌മെയറുടെ മികച്ച ക്യാച്ചിലാണ് പുറത്തായത്. എന്നാൽ, ഗെയിൽ നിർത്തിയേടത്തു നിന്ന് തുടങ്ങിയ ലൂയിസ് ബ്രാവോയുടെ (31 പന്തിൽ 34) പിന്തുണയോടെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. എട്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമായി ലൂയിസിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 13 പന്ത് ശേഷിക്കെ പാട്രിയറ്റ്‌സ് വിജയതീരമണിയുകയും ചെയ്തു.
ഇന്നു നടക്കുന്ന ഫൈനലിൽ ഫാഫ് ഡുപ്ലസ്സി നയിക്കുന്ന സെയ്ന്റ് ലൂസിയ കിങ്‌സ് ആണ് പാട്രിയറ്റ്‌സിന്റെ എതിരാളികൾ.