'പിച്ച് ഉണക്കാൻ 10 രൂപയുടെ സ്‌പോഞ്ച്, പെയിന്‍റ് പാട്ട, ഹെയർ ഡ്രയർ'; നാണക്കേടായി മോദി സ്റ്റേഡിയം; പൊങ്കാലയിട്ട് ആരാധകർ

മഴയില്‍ മോദി സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതിന്‍റെയും കോണിപ്പടിയിലൂടെ വെള്ളം കുത്തിയൊലിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Update: 2023-05-30 07:41 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഉദ്വേഗം നിറച്ച നിമിഷങ്ങൾ കൊണ്ട് ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ചെങ്കിലും നാണക്കേടിന്റെ അധ്യായം തുറന്നാണ് ഐ.പി.എൽ 16-ാം സീസണിന് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം രണ്ടു ദിവസം പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. ഗാലറിയുടെ മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെയും നടപ്പാതകളിലൂടെയും വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, അതിലേറെ നാണക്കേടുണ്ടാക്കുന്ന രംഗമായിരുന്നു ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. മഴയിൽ കുതിർന്ന ഗ്രൗണ്ടും പിച്ചും ഉണക്കാൻ ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന മോദി സ്‌റ്റേഡിയത്തിൽ സ്‌പോഞ്ചും ഹെയർ ഡ്രയറുമെല്ലാമായിരുന്നു ഇന്നലത്തെ താരം.

ഞായറാഴ്ച നടക്കേണ്ട മത്സരം മഴമൂലം നീട്ടിവച്ച് ഒടുവിൽ മൂന്നാം ദിവസം ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിക്കുന്നത്. മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിനും ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ഒരു സജ്ജീകരണവും മുന്നൊരുക്കങ്ങളുമില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു ഇന്നലെ ഗ്രൗണ്ടിലെ കാഴ്ചകൾ.

ചോർന്നൊലിച്ച് സ്‌റ്റേഡിയം; പിച്ചുണക്കാൻ 'പുത്തൻവിദ്യ'യുമായി ബി.സി.സി.ഐ

ഞായറാഴ്ച മഴ തടസപ്പെടുത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ചയിലേക്ക് ഫൈനൽ മത്സരം നീട്ടിവയ്ക്കുന്നത്. എന്നാൽ, ഇന്നലത്തെ മത്സരത്തിലും വില്ലനായി മഴയെത്തി. 214 എന്ന ഗുജറാത്ത് ഉയർത്തിയ ടോട്ടൽ പിന്തുടർന്ന് ചെന്നൈ ബാറ്റിങ് ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ കളി തടസപ്പെടുത്തി വീണ്ടും മഴയെത്തുകയായിരുന്നു. അരമണിക്കൂറോളം പെയ്ത മഴ തോർന്നെങ്കിലും മത്സരം ആരംഭിക്കാൻ പിന്നെയും ഒരു മണക്കൂറോളമെടുത്തു.

ഗ്രൗണ്ടിലെ വെള്ളം നീക്കം ചെയ്യാൻ വേണ്ട ആധുനിക യന്ത്രസാമഗ്രികളുടെ അപര്യാപ്തത കാരണമാണ് കളി ഇത്രയും വൈകിയത്. സ്‌പോഞ്ച് ഉപയോഗിച്ചായിരുന്നു പിച്ചിലെ വെള്ളം ഗ്രൗണ്ട് സ്റ്റാഫ് മുക്കിയെടുക്കാൻ നോക്കിയത്. അതിലേറെ വിചിത്രകരമെന്നോണം പഴയ പെയിന്റ് പാട്ടകളിലായിരുന്നു വെള്ളം മുക്കിയെടുത്തത്. ഇതിനുശേഷവും പിച്ച് ഉണങ്ങാൻ സമയമെടുത്തതോടെ മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയർ വരെ ഇറക്കി ഗ്രൗണ്ട് സ്റ്റാഫ്! മഴ പെയ്താൽ പിച്ച് മൂടാനും വെള്ളം ഉണക്കാനും ഉപയോഗിക്കുന്ന ഹോവർ കവർ പോലെയുള്ള അത്യാധുനിക സാമഗ്രികളൊന്നും ബി.സി.സി.ഐയുടെ പക്കലില്ലെന്നാണ് വ്യക്തമാകുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന്റെ ഈ അവസ്ഥ.

പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചുമാറ്റിയാണ് 800 കോടി രൂപ ചെലവിട്ട് പുതിയ സ്റ്റേഡിയം പുനർനിർമിച്ചത്. 2021ലാണ് നരേന്ദ്ര മോദിയുടെ പേരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ സ്‌റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുന്നത്. 1,32,000 കാണികളെ ഒരേ സമയം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് പറയപ്പെടുന്ന ഇവിടെ അത്യാധുനിക ഡ്രെയിനേജ് സംവിധാനങ്ങളുണ്ടെന്നും അവകാശവാദമുണ്ടായിരുന്നു. മഴ പെയ്താൽ 30 മിനിറ്റ് കൊണ്ട് വെള്ളം പൂർണമായും നീക്കം ചെയ്യാവുന്ന ഡ്രെയിനേജ് സംവിധാനമാണ് ഇവിടെയുള്ളതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് ബോർഡ് അവകാശപ്പെട്ടിരുന്നത്.

എന്നാൽ, എല്ലാ അവകാശവാദങ്ങളും മഴവെള്ളം പോലെ ഒലിച്ചുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്‌റ്റേഡിയത്തിൽനിന്നു പുറത്തുവരുന്നത്. ഞായറാഴ്ച ഫൈനലിനിടെ പെയ്ത മഴയിൽ മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സ്റ്റേഡിയത്തിന്റെ കോണിപ്പടികളിലൂടെ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്ന വിഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഇടനാഴികളെല്ലാം വെള്ളം കെട്ടിനിന്ന് കളി കാണാനെത്തിയ ആരാധകർ ശരിക്കും കഷ്ടപ്പെടുന്നത് കാണാമായിരുന്നു.

'സ്റ്റേഡിയത്തിലേക്ക് ഗംഗാജലം ഒഴുക്കിയ രാജാവ്'

കോടികൾ പൊടിപൊടിച്ചുവെന്ന് പറയപ്പെടുന്ന സ്റ്റേഡിയത്തിന്റെ നിർമാണത്തിലെ അഴിമതിയാണ് ഇപ്പോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. സ്‌റ്റേഡിയം നിർമാണത്തിനു ചെലവിട്ടെന്നു പുറത്തുപറയുന്ന തുകയുടെ കാൽശതമാനം പോലും ചെലവ് വരാത്ത സ്‌റ്റേഡിയങ്ങളുടെ അത്രപോലും സജ്ജീകരണങ്ങൾ മോദി സ്റ്റഡിയത്തിലില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മത്സരത്തിനു പിന്നാലെ ജയ് ഷായും ബി.സി.സി.ഐയും ട്വിറ്ററിൽ ട്രെൻഡാണ്.

ജയ് ഷായുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് മഴ പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് ഒരു ട്വിറ്റർ യൂസർ പറയുന്നു. 'എല്ലാവരും പുതിയ ചക്രവർത്തിയെ വാഴ്ത്തുകയാണ്. അദ്ദേഹമാണ് അഹ്മദാബാദിലെ സ്റ്റേഡിയത്തിലേക്ക് ഗംഗാജലം ഒഴുക്കിയത്.'-സ്റ്റേഡിയത്തിനകത്ത് വെള്ളം കുത്തിയൊലിക്കുന്ന വിഡിയോ പങ്കുവച്ച് മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ കുറിച്ചു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തോടുള്ള പ്രിയം ബി.സി.സി.ഐ നിർത്തണമെന്ന് മറ്റൊരു യൂസർ ആവശ്യപ്പെടുന്നു.

ഐ.പി.എൽ സംപ്രേഷണാവകാശത്തിൽനിന്നു മാത്രം 48,390 കോടി രൂപയാണ് ബി.സി.സി.ഐ ഇത്തവണ വാരിയത്. ലോകത്തെ തന്നെ മുൻനിര ഫുട്‌ബോൾ ലീഗുകളെ കടത്തിവെട്ടുന്ന തുകയാണിത്. ഇതിനുപുറമെയാണ് പരസ്യാവകാശങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന കോടികൾ. നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബി.സി.സി.ഐ. ലോകത്തെ കായിക ബോർഡുകളിൽ ആദ്യ പത്തിലും വരും. ഇത്തരമൊരു സംവിധാനം ഈ തുകയെല്ലാം എന്താണ് ചെയ്യുന്നതെന്ന ചോദ്യമാണ് ഇത്തവണ ഐ.പി.എല്ലിന്റെ നാണംകെട്ട കലാശപ്പോരാട്ടത്തിനു പിന്നാലെ ആരാധകർ ഉയർത്തുന്നത്.

Summary: BCCI face harsh criticism as ground staff use hair dryer, sponge to dry pitch at Narendra Modi Stadium after rain interruptions in the IPL 2023 final between CSK and GT

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News