ദി ഗ്രേറ്റ് ശുഭ്മൻ ഗിൽ; ഫൈനലിലേക്ക് മുംബൈയ്ക്ക് 234 റൺസ് ദൂരം
'സെമി ഫൈനല്‍' പോരാട്ടത്തില്‍ സെഞ്ച്വറി(129)യുമായി നിറഞ്ഞാടിയ ഗില്‍ കൂറ്റന്‍ സ്കോറിലേക്കാണ് ഗുജറാത്തിനെ നയിച്ചത്
അഹ്മദാബാദ്: ശുഭ്മൻ ഗിൽ ഇതിഹാസത്തിലേക്കുള്ള യാത്രയിലാണ്. അവിടെ കാഴ്ചക്കാർ മാത്രമാണ് ബാക്കിയുള്ളവരെല്ലാം. 'സെമി ഫൈനലി'ൽ ഫോമിന്റെ പരകോടിയിൽ ഗിൽ നിറഞ്ഞാടിയ ദിനം മുംബൈയ്ക്ക് മറുമരുന്നുകളൊന്നുമുണ്ടായിരുന്നില്ല. നിര്‍ണായക മത്സരത്തില്‍ സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച ഗിൽ ടീമിനെ നയിച്ചത് കൂറ്റൻ സ്‌കോറിലേക്ക്. ഫൈനലിലേക്ക് കുതിക്കണമെങ്കിൽ മുംബൈയ്ക്കിന്ന് മറികടക്കാനുള്ളത് 234 എന്ന കൂറ്റൻ വിജയലക്ഷ്യം.
ഏറെനേരം മഴ തടസപ്പെടുത്തിയ മത്സരത്തിൽ രാത്രി 7.45ഓടെയാണ് ടോസിട്ടത്. നിർണായകദിനത്തിൽ ടോസ് ഭാഗ്യം മുംബൈ നായകൻ രോഹിത് ശർമയ്‌ക്കൊപ്പമായിരുന്നു. ഒന്നും സംശയിക്കാതെ ബൗളിങ് തിരഞ്ഞെടുത്തു രോഹിത്. മഴയിൽ കുതിർന്ന പിച്ചിന്റെ ആനുകൂല്യവും ചേസിങ് കരുത്തിന്റെ ആത്മവിശ്വാസവുമായിരിക്കാം രോഹിതിന്റെ മനസിൽ.
എന്നാൽ, പവർപ്ലേയിൽ തന്നെ വരാൻ പോകുന്നതിന്റെ സൂചന നൽകിയിരുന്നു ഗിൽ. തുറുപ്പുചീട്ട് ആകാശ് മധ്‌വാൾ അടക്കം നാല് പേസർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും രോഹിത് ആഗ്രഹിച്ച ബാക്ത്രൂ ലഭിച്ചില്ല. ഒടുവിൽ പവർപ്ലേയ്ക്കു തൊട്ടുപിന്നാലെയാണ് മത്സരത്തിൽ മുംബൈയ്ക്ക് ആദ്യത്തെ ആശ്വാസം ലഭിച്ചത്. ഇത്തവണ പിയൂഷ് ചൗളയായിരുന്നു ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. വിക്കറ്റ് കീപ്പർ ഇഷൻ കിഷന് ക്യാച്ച് നൽകിയായിരുന്നു സാഹയുടെ(18) മടക്കം.
പിന്നീടങ്ങോട് മുംബൈ കളത്തിലേയുണ്ടായിരുന്നില്ല. എല്ലാം ഗില്ലായിരുന്നു. മുംബൈ ബൗളർമാർക്ക് നിലത്തുനിൽക്കാൻ ഒരു നിമിഷം പോലും കിട്ടിയില്ല. തുടരെ ഗാലറിയിലേക്കും ബൗണ്ടറിയുടെ വെളിയിലേക്കും അടിച്ചുപറത്തിക്കൊണ്ടിരുന്നു ഗിൽ. ഇടവേളകളിൽ സിംഗിളും ഡബിളുമായും കളംവാണു. ഒടുവിൽ നേരിട്ട 49-ാമത്തെ പന്തിൽ ഗ്രീനിനെ സിംഗിളെടുത്ത് സീസണിലെ മൂന്നാം സെഞ്ച്വറിയും കുറിച്ചു.
സെഞ്ച്വറി കുറിച്ചതോടെ ആക്രമണശൗര്യം കൂടുക മാത്രമാണുണ്ടായത്. ഒടുവിൽ മധ്‌വാൾ തന്നെ ക്യാപ്റ്റന്റെ ആഗ്രഹം തീർത്തുകൊടുത്തു. അനാസായം ബൗണ്ടറിയിലേക്കെന്ന് കരുതിയ പന്ത് പക്ഷെ ടിം ഡേവിഡിന്റെ കൈയിനപ്പുറം പോയില്ല. 30-ാം റൺസിലിരിക്കെ ഗില്ലിന് നൽകിയ ജീവന് ഡേവിഡ് തന്നെ കണക്കുതീർത്തെങ്കിലും അപ്പോഴേക്കും നാശം സമ്പൂർണമായിരുന്നു. 60 പന്തിൽ 129 റൺസെടുത്താണ് ഗിൽ മടങ്ങിയത്. 10 സിക്‌സറും ഏഴ് ഫോറും ഇന്നിങ്‌സിന് കൊഴുപ്പേകി.
ഗില്ലു പോയതോടെ മുംബൈയ്ക്ക് ശ്വാസം നേർക്കുവീണതു പോലെയായിരുന്നു. പടുകൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ഗുജറാത്തിലെ അൽപമെങ്കിലും പിടിച്ചുകെട്ടാനായി. ഒടുവിൽ ജോർദൻ എറിഞ്ഞ അവസാന ഓവറിൽ 19 റൺസ് പറത്തിയാണ് അപകടകാരികളായ മുംബൈ ബാറ്റിങ്ങിനുമുന്നിൽ ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും ചേർന്ന് വെല്ലുവിളിയായേക്കാവുന്ന സ്‌കോർ ഉയർത്തിയത്.
രണ്ടാം വിക്കറ്റിൽ ഗില്ലിന് ഉറച്ച പിന്തുണ നൽകിയ സായ് സുദർശനെ(31 പന്തിൽ 43) അവസാന ഓവറുകളിൽ ടീം തിരിച്ചുവിളിക്കുകയായിരുന്നു. അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താനായി റാഷിദ് ഖാനെ അയക്കാനായിരുന്നു നീക്കം.