ആദ്യ ലോകകപ്പ് നേടിത്തന്ന നായകന്‍റെ കഥയല്ല, ഇത് ആദ്യ ലോകകപ്പ് നേടിത്തന്ന ഹീറോയുടെ കഥ

നിർണായക ഘട്ടങ്ങളിൽ ഗ്രൗണ്ടിൽ മായാജാലം തീർക്കാൻ കപിലിൻറെ ചെകുത്താൻ സംഘത്തിൽ ഒരാളുണ്ടായിരുന്നു... മൊഹീന്ദർ അമർനാഥ്

Update: 2021-09-24 05:47 GMT
Advertising

ആദ്യത്തെ രണ്ട് ലോകകപ്പിലും അടയാളം പോലും ബാക്കിവെക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീം... വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ 83ല്‍ ലോകകപ്പ് കളിക്കാനെത്തുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല, ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റത്ത് സംഭവിക്കാന്‍ പോകുന്ന കുടമാറ്റത്തെ സംബന്ധിച്ച്. ലോകത്ത് അതുവരെ നടന്ന രണ്ട് ലോകകപ്പിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കി ക്രിക്കറ്റിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വിന്‍ഡീസ് മാറിക്കൊണ്ടിരുന്ന സമയം, അന്ന് ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നിരയെ കളിയാക്കാന്‍ ഉപയോഗിച്ച പേരായിരുന്നു കപിലിന്‍റെ ചെകുത്താന്മാര്‍ എന്നത്. പക്ഷേ 1983ല്‍ എല്ലാ കോട്ടകൊത്തകങ്ങളും തകര്‍ന്നു, ലോകത്ത് പുതിയ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ പിറന്നു, അപ്രമാദിത്യത്തിന്‍റെ കൊടുമുടിയില്‍ നിന്ന് വിന്‍ഡീസിനെ വീഴ്ത്തി ക്രിക്കറ്റിലെ കറുത്ത കുതിരകളായി ഇന്ത്യന്‍ ടീം അവരോധിക്കപ്പെട്ടു.

ഇതു പക്ഷേ ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകന്‍റെ കഥയല്ല, ആദ്യ ലോകകപ്പ് നേടിത്തന്ന ഹീറോയുടെ കഥയാണ്, കപിലിന്‍റെ ചെകുത്താന്‍ കൂട്ടത്തിലെ വജ്രായുധം, ലോകകപ്പ് സെമിയിലും ഫൈനലിലും മാന്‍ ഓഫ് ദ മാച്ച് ആയ താരം... ദ അണ്‍സങ് ഹീറോ, മൊഹീന്ദര്‍ അമര്‍നാഥ്.

83 ലോകകപ്പ് സെമിഫൈനലാണ് വേദി, ഇംഗ്ലണ്ടിന്‍റെ 213 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് 50 റണ്‍സ് സ്കോര്‍ കാര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. ആദ്യമായി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്ന് സെമിയിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍.. പക്ഷേ നിര്‍ണായക ഘട്ടങ്ങളില്‍ ഗ്രൌണ്ടില്‍ മായാജാലം തീര്‍ക്കാന്‍ കപിലിന്‍റെ ചെകുത്താന്‍ സംഘത്തില്‍ ഒരാളുണ്ടായിരുന്നു. മൊഹീന്ദർ അമർനാഥ് ഭരദ്വാജ്, പന്തുകൊണ്ട് കാട്ടിയ അതേ മാജിക് അയാള്‍ ബാറ്റിങിലും പുറത്തെടുത്തു. യശ്പാല്‍ ശര്‍മയുമായ 92 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്, അത് മതിയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്സിന് ഇന്ധനമാകാന്‍. അര്‍ദ്ധ സെഞ്ച്വറിക്ക് നാല് റണ്‍സകലെ അമര്‍നാഥ് വീഴുമ്പോഴേക്കും ഇന്ത്യ ശക്തമായ നിലയിലെത്തിയിരുന്നു. യശ്പാല്‍ ശര്‍മയും പിന്നീടെത്തിയ സന്ദീപ് പാട്ടിലും അര്‍ദ്ധസെഞ്ച്വറി നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഞെട്ടിച്ച അമര്‍നാഥ് അങ്ങനെ ഇന്ത്യയെ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് കൈപിടിച്ചു നടത്തി. സെമിയിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പട്ടവും അമര്‍നാഥിന് തന്നെയായിരുന്നു. ക്രിക്കറ്റ് പണ്ഡിതന്മാരുടെ പ്രവചനങ്ങളെപ്പോലും അസ്ഥാനത്താക്കി അങ്ങനെ ഇന്ത്യ ഫൈനലിലെത്തി.

ക്രിക്കറ്റിന്‍റെ മെക്കയില്‍ വെസ്റ്റിന്‍ഡീസെന്ന അതികായന്‍മാരെ നേരിടാനിറങ്ങുമ്പോള്‍ കടുത്ത ഇന്ത്യന്‍ ആരാധകര്‍പോലും വിചാരിച്ചിരുന്നില്ല. ലോര്‍ഡ്സിന്‍റെ ബാല്‍ക്കണിയില്‍ പ്രൂഡന്‍ഷ്യല്‍ കിരീടം ഉയര്‍ത്താന്‍ കാലം കരുതി വെച്ചത് കപിലിനെയാകും എന്ന്. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍, സാക്ഷാല്‍ ക്ലൈവ് ലോയ്ഡിന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലോകം അടക്കിവാഴുന്ന സംഘമാവണര്‍. കരീബയന്‍ മണ്ണിലേക്ക് ഹാട്രിക് കിരീടം എത്തുമെന്ന ഏവരുടേയും പ്രതീക്ഷികളെ അട്ടമറിച്ച വിധി പക്ഷേ കരുതിവെച്ചത് മറ്റൊന്നായിരുന്നു..

1983 ജൂണ്‍ 25 ശനിയാഴ്ച. വെസ്റ്റിന്‍ഡീസിന്‍റെ അവസാന വിക്കറ്റായ മൈക്കല്‍ ഹോള്‍ഡിങ്ങിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ലോകകപ്പ് ഫൈനലില്‍ മൊഹീന്ദര്‍ അമര്‍നാഥ് ഇന്ത്യയുടെ വിജയഭേരി മുഴക്കി, ലോര്‍ഡ്സിന്‍റെ ബാല്‍ക്കണിയില്‍ കപ്പുയര്‍ത്താന്‍ കാത്തിരുന്ന സാക്ഷാല്‍ വിവിയന്‍‍ റിച്ചാര്‍ഡ്സ് അടക്കമുള്ള വിന്‍ഡീസ് സംഘം തലകുനിച്ച് ഡഗ്ഔട്ടിലേക്ക് നടന്നു നീങ്ങി. അതെ അവിടെ പുതുചരിത്രം പിറന്നു. ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റത്ത് ഇന്ത്യയുടെ പട്ടാഭിഷേകം.

ഒട്ടും പ്രതീക്ഷാവഹമായിരുന്നില്ല ഇന്ത്യക്ക് ആദ്യ ഫൈനല്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 183 റണ്‍സിന് ഓള്‍ ഔട്ടായി. 38 റണ്‍സെടുത്ത ശ്രീകാന്ത് ആയിരുന്നു ടോപ് സ്കോറര്‍. 27 റണ്‍സെടുത്ത സന്ദീപ് പാട്ടീലും 26 റണ്‍സെടുത്ത അമര്‍നാഥും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. വെസ്റ്റിന്‍ഡീസ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍, 183 എന്ന നിസാര സ്‌കോര്‍ എത്ര ഓവറില്‍ അവര്‍ മറികടക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത ഗ്രീനിഡ്ജിനെ, ബല്‍വീന്ദര്‍സിങ് സന്ധു ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴും ആരും അദ്ഭുതമൊന്നും പ്രതീക്ഷിച്ചില്ല, പക്ഷേ റിച്ചാര്‍ഡ്സ് പുറത്തായതിന് ശേഷം കളി മാറി. നിലയുറപ്പിച്ച് കളിച്ച ജെഫ് ഡുജോണിനെ അമര്‍നാഥ് ക്ലീന്‍ ബൌള്‍ഡാക്കി, മാല്‍ക്കം മാര്‍ഷലിനെ ഗവാസ്കറിന്‍റെ കൈകളിലെത്തിച്ച് വീണ്ടും അമര്‍നാഥ് കൊടുങ്കാറ്റായി. കപില്‍ ദേവിന്‍റെ പന്തില്‍ ആന്‍ഡി റോബേഴ്സ് കൂടി വീണതോടെ ഇന്ത്യക്കും ലോകകപ്പിനുമിടയില്‍ ഒരു വിക്കറ്റിന്‍റെ ദൂരം മാത്രമയി. ഒടുവില്‍ അത് സംഭവിച്ചു. മൈക്കല്‍ ഹോള്‍ഡിങ്ങിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി മൊഹീന്ദര്‍ അമര്‍നാഥ് വിന്‍ഡീസിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിച്ചു. ഇന്ത്യക്ക് ആദ്യ ലോകകപ്പ് കിരീടം

ഫൈനലില്‍ സെഞ്ച്വറിക്ക് തുല്യമായ 26 റണ്‍സും മൂന്ന് വിക്കറ്റും.. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 46 റണ്‍സും രണ്ട് വിക്കറ്റും, ലോകകപ്പ് സെമിയിലും ഫൈനലിലും മാന്‍ ഓഫ് ദി മാച്ചായ ഏകതാരമായി മൊഹീന്ദര്‍ അമര്‍നാഥ് ഇതോടെ മാറി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹീറോ മൊഹീന്ദര്‍ അമര്‍നാഥിന്‍റെ 71 ആം ജന്മദിനമാണിന്ന്.. കാലം ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കാന്‍ വേണ്ടി കരുതിവെച്ച കരുത്തന് പിറന്നാള്‍ ആശംസിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News