''അതെന്റെ ഈഗോയല്ല, കോൺഫിഡൻസ്''; 20-ാം ഓവർ ഹീറോയിസത്തെക്കുറിച്ച് ഹർദിക് പാണ്ഡ്യ
അവസാന ഓവറിൽ വെറും ഏഴു റൺ വേണ്ടിടത്തുനിന്ന് മൂന്ന് പന്തിൽ ആറു റൺ എന്ന നിലയിലെത്തിയപ്പോഴായിരുന്നു പാണ്ഡ്യയുടെ ആ 'വൈറൽ എക്‌സ്പ്രഷൻ'. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ പ്രകടനത്തെക്കുറിച്ച് താരം പിന്നീട് വെളിപ്പെടുത്തി
ദുബൈ: നീണ്ട ഇടവേളയ്ക്കുശേഷമായിരുന്നു ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ ഏറ്റുമുട്ടിയത്. ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറം അവസാന ഓവർ വരെ വീറും വാശിയും സമ്മാനിച്ച ത്രില്ലർ പോരാട്ടത്തിനായിരുന്നു ഇന്നലെ ദുബൈ രാജ്യാന്തര സ്‌റ്റേഡിയം സാക്ഷിയായത്. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ നടത്തിയ ഹീറോയിസമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
അവസാന ഓവറിൽ കാണികൾക്ക് ആവേശം പകർന്ന പ്രകടനത്തെ കുറിച്ച് മത്സരശേഷം പാണ്ഡ്യ പ്രതികരിച്ചിരുന്നു. അവസാന ഓവറിൽ വെറും ഏഴു റൺ വേണ്ടിടത്തുനിന്ന് മൂന്ന് പന്തിൽ ആറു റൺ എന്ന നിലയിലെത്തിയപ്പോഴായിരുന്നു പാണ്ഡ്യയുടെ ആ വൈറൽ എക്‌സ്പ്രഷൻ. 'പേടിക്കാനൊന്നുമില്ല, ഞാനിവിടെയുണ്ട്' എന്നായിരുന്നു ആ തലകുലുക്കലിലുണ്ടായിരുന്നത്. അടുത്ത പന്തിൽ തന്നെ പന്ത് ഗാലറിയിലേക്ക് പറത്തി പാണ്ഡ്യ സ്റ്റൈലായി ഫിനിഷ് ചെയ്യുകയും ചെയ്തു.
ഇന്ത്യയ്ക്ക് ജയിക്കാൻ വെറും ഏഴ് റൺസ് മാത്രം വേണ്ടിയിരുന്നിടത്ത് പാകിസ്താൻ സംഘത്തിൽ പന്തെറിയാനുണ്ടായിരുന്നത് സ്പിന്നർ മുഹമ്മദ് നവാസ് മാത്രമായിരുന്നു. സ്‌ട്രൈക്കിൽ ഫോമിലുള്ള രവീന്ദ്ര ജഡേജ. നോൺ സ്‌ട്രൈക്ക് എൻഡിൽ എപ്പോഴും അപകടവിതക്കാൻ ശേഷിയുള്ള ഹർദിക്കും. എന്നാൽ, ഇന്ത്യൻ ആരാധകരുടെ നെഞ്ചിൽ ഇടിത്തീയായി ആദ്യ പന്തിൽ തന്നെ നവാസിന്റെ ഷോക്ക്. കൂറ്റനടിക്കു ശ്രമിച്ച ജഡേജയുടെ കുറ്റി പിഴുതാണ് ആദ്യ പന്ത് കടന്നുപോയത്. പിന്നീട് ക്രീസിലെത്തിയത് ഫിനിഷിങ്ങിനു പേരുകേട്ട ദിനേശ് കാർത്തിക്. എന്നാൽ, ലെഗിലേക്കെറിഞ്ഞ രണ്ടാം പന്തിൽ കാർത്തിക്കിന് സിംഗിൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പാണ്ഡ്യ ക്രീസിൽ. എന്നാൽ, മിഡിൽ സ്റ്റംപ് ലക്ഷ്യമിട്ട് എറിഞ്ഞ പന്ത് പാണ്ഡ്യ എക്‌സ്ട്രാ കവറിലേക്ക് പായിച്ചെങ്കിലും റണ്ണൊന്നും എടുക്കാനായില്ല. അപ്പോഴായിരുന്നു ആ വൈറൽ എക്‌സ്പ്രഷൻ. ഇന്ത്യൻ ക്യാംപിൽ സമ്മർദം കൂടിവരുമ്പോഴാണ് ഓഫ് സ്റ്റംപിലേക്ക് എറിഞ്ഞ നാലാമത്തെ പന്ത് ലോങ് ഓണിലൂടെ ഗാലറിയിലേക്ക് പറത്തി ടീമിന്റെ വിജയറൺ കുറിച്ചത്.
അവസാന 15 റൺസ് വേണ്ടിയിരുന്നെങ്കിലും താൻ ഇങ്ങനെത്തന്നെയാകുമെന്നായിരുന്നു പാണ്ഡ്യ മത്സരശേഷം വ്യക്തമാക്കിയത്. ''20-ാം ഓവറിൽ എനിക്കെതിരെ എറിയുമ്പോൾ ബൗളർക്കായിരുന്നു എന്നെക്കാൾ സമ്മർദമെന്ന് എനിക്ക് അറിയാം. കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യുകയാണ് ഞാൻ ചെയ്തത്. അത് എന്റെ ഈഗോയല്ല. അത് എന്റെ ആത്മവിശ്വാസമാണ്.''-ഹർദിക് പാണ്ഡ്യ വെളിപ്പെടുത്തി.
ഇത്തരം ചേസിങ്ങിൽ ഓരോ ഓവറിലും പ്ലാനിങ്ങുമായാണ് മുന്നോട്ടുപോകാറുള്ളതെന്നും ഹർദിക് പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ധോണിയില്‍നിന്ന് താന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ബൗളിങ്ങിൽ ഓരോ സാഹചര്യവും വിലയിരുത്തിയാണ് നമ്മുടെ ആയുധങ്ങൾ ഉപയോഗിക്കുക. ഷോർട്ട്, ഹാർഡ് ലെങ്ത് പന്തുകളാണ് ബൗളിങ്ങിന്റെ തന്റെ കരുത്തെന്നും താരം കൂട്ടിച്ചേർത്തു.
Summary: ''It's not my ego. Just the confidence I have''; Hardik Pandya reveals about the last over heroics in India's match against Pakistan in Asia Cup