കടിച്ചുതൂങ്ങി നില്‍ക്കില്ല; സമയമായാൽ പിൻവാങ്ങുമെന്ന് രവി ശാസ്ത്രി
ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാർ കാലാവധി തീരുകയാണ്
പരിശീലക സ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്ന് വ്യക്തമാക്കി രവി ശാസ്ത്രി. ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പോടെ കരാർ കാലാവധി തീരാനിരിക്കെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്.
അഞ്ചുവർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനക്കാരാകുക, ആസ്‌ട്രേലിയയിൽ രണ്ടു തവണ ജയിക്കുക, ഇംഗ്ലണ്ടിൽ ജയിക്കുക... അങ്ങനെ ആഗ്രഹിച്ചതെല്ലാം നേടാനായിട്ടുണ്ട്. ഏകദിനത്തിൽ ലോകത്തെ എല്ലാ ടീമുകളെയും അവരുടെ സ്വന്തം മുറ്റത്ത് തോൽപിക്കുകയും ചെയ്തിട്ടുണ്ട്-ദ ഗാർഡിയനു നൽകിയ അഭിമുഖത്തിൽ രവിശാസ്ത്രി പറഞ്ഞു.
ഇനി ലോകകപ്പുകൂടി നേടിയാൽ അതൊരു അലങ്കാരംമാകും. അതിനപ്പുറം ഇനിയൊന്നും നേടാനില്ല. ഒരിക്കലും കടിച്ചുതൂങ്ങിനിൽക്കരുതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത് ബ്രസീൽ, ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമുകളുടെ പരിശീലകനാകുന്നതു പോലെയാണ്. എപ്പോഴും ഒരു തോക്ക് നമുക്കുനേരെയുണ്ടാകും. ഗംഭീരമായ ആറു മാസത്തിനുശേഷം ടീം 36 റൺസിനു പുറത്താകുമ്പോൾ അവർ നിങ്ങൾക്കെതിരെ വെടിയുതിർക്കും. ഉടൻതന്നെ ഒരു വിജയം കണ്ടെത്തിയില്ലെങ്കിൽ അവർ നിങ്ങളെ അപ്പോൾ തന്നെ പിച്ചിച്ചീന്തിക്കളയും-അദ്ദേഹം കൂട്ടിച്ചേർത്തു.
2017ൽ അനിൽ കുംബ്ലയ്ക്കു പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്. 2019ല്‍ കരാര്‍ നീട്ടിനല്‍കുകയും ചെയ്തു. ഇത്തവണ ടി20 ലോകകപ്പ് തീരുന്ന മുറയ്ക്കു പുതുക്കിയ കരാര്‍ കാലാവധിയും തീരും.