'ഗാംഗുലിയുടെ കടുത്ത ആരാധകന്‍'; വെങ്കിടേഷ് അയ്യര്‍ വലങ്കയ്യനില്‍ നിന്ന് ഇടങ്കയ്യനായതിന് പിന്നിലെ കഥ

ഓപ്പണറായിറങ്ങി ആരെയും കൂസാതെയുള്ള ബാറ്റിങ് ശൈലി ​പുറത്തെടുത്തുകൊണ്ടാണ്​ വെങ്കിടേഷ്​ അയ്യര്‍ ആരാധകരുടെ ശ്രദ്ധ നേടിയത്.

Update: 2021-09-24 08:54 GMT
Advertising

ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ കളിയാരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യര്‍. ഓപ്പണറായിറങ്ങി ആരെയും കൂസാതെയുള്ള ബാറ്റിങ് ശൈലി ​പുറത്തെടുത്തുകൊണ്ടാണ്​ വെങ്കിടേഷ്​ അയ്യര്‍ ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോള്‍ തന്‍റെ ഫേവറൈറ്റ് താരമാരാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വെങ്കിടേഷ്.

ഗാഗുലിയുടെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയ വെങ്കിടേഷ് കൊല്‍ക്കത്തക്ക് വേണ്ടി കളിക്കുക എന്നത്  ആദ്യ കാലം മുതലുള്ള ആഗ്രഹമാണെന്നും വ്യക്തമാക്കി. ഇന്നലെ നിലവിലെ ജേതാക്കളായ മുംബൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത​ ഏഴുവിക്കറ്റിന് ജയിച്ചിരുന്നു. ടീം തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ അർധസെഞ്ച്വറിയുമായി കളംനിറഞ്ഞത് വെങ്കിടേഷ് ആണ്. നാല് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 30 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

'സൗരവ്​ ഗാംഗുലി നായകനായിരുന്ന ടീമായതിനാൽ തന്നെ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കുക എന്നത് പണ്ട് മുതലുള്ള ആഗ്രഹം ആയിരുന്നു. ആ ടീം എന്നെ സ്വീകരിച്ചപ്പോള്‍ അത്​ സ്വപ്​ന സാക്ഷാത്​കാരമായാണ് തോന്നിയത്. ലോകത്തെമ്പാടും ഗാംഗുലിക്ക് ലക്ഷക്കണക്കിന്​ ആരാധകരുണ്ട്, അതില്‍ ഒരു ആരാധകനാകാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്'. തുടക്കകാലത്ത്​ ഞാൻ വലംകൈയ്യന്‍ ബാറ്റര്‍ ആയിരുന്നെന്നും ദാദയോടുള്ള ഇഷ്ടം കൊണ്ടാണ് അത് പിന്നീട് മാറ്റിയതെന്നും വെങ്കിടേഷ് പറഞ്ഞു. 'ഗാംഗുലിയെ അതേ പടി പകർത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം എങ്ങനെയാണോ സിക്​സ്​ അടിക്കുന്നത്, എങ്ങനെയാണോ ഷോട്ട് കളിക്കുന്നത്, അതെല്ലാം അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു, തീര്‍ച്ചയായും ഗാംഗുലി എന്‍റെ ബാറ്റിങ്ങിൽ അത്രയും വലിയ ​പങ്കുവഹിച്ചിട്ടുണ്ട്​. ഇനിയും അവസരങ്ങൾക്കായി ഞാന്‍ കാത്തിരിക്കുകയാണ്'. വെങ്കിടേഷ് അയ്യര്‍ പറഞ്ഞു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News