ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്ക് എന്ത് ലഭിക്കും? പ്രൈസ് മണി പ്രഖ്യാപിച്ച് ഐ.സി.സി
ജേതാക്കൾക്കും റണ്ണേഴ്‌സ് അപ്പിനും പുറമെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ മറ്റ് ഏഴ് ടീമുകൾക്കും നിശ്ചിത വിഹിതം പ്രതിഫലമായി ലഭിക്കും
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തൊട്ടരികെ നിൽക്കെ വിജയികൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വിജയികൾക്കും റണ്ണേഴ്‌സ് അപ്പ് ടീമിനും പുറമെ മറ്റ് ഒൻപതു ടീമുകൾക്കു കൂടിയുള്ള പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താകുറിപ്പിലൂടെയാണ് ഐ.സി.സി വിവരങ്ങൾ പുറത്തുവിട്ടത്. ജൂൺ ഏഴിനാണ് ഇന്ത്യ-ആസ്‌ട്രേലിയ ഫൈനൽ ആരംഭിക്കുന്നത്.
പ്രതിഫലത്തിന്റെ കാര്യത്തിൽ കഴിഞ്ഞ സീസണിൽനിന്ന് ഒരു മാറ്റവും ഇത്തവണയില്ലെന്ന് ഐ.സി.സി അറിയിച്ചു. വിജയികൾക്ക് 1.6 മില്യൻ യു.എസ് ഡോളർ(ഏകദേശം 13.21 കോടി രൂപ) ആണ് ലഭിക്കുക. രണ്ടാമതാകുന്ന ടീമിന് എട്ട് ലക്ഷം ഡോളറും(ഏകദേശം 6.60 കോടി രൂപ) ലഭിക്കും. ആകെ 3.8 മില്യൻ ഡോളർ(ഏകേദശം 31.38 കോടി രൂപ) ആണ് ഐ.സി.സി ടൂർണമെന്റിനായി വകയിരുത്തിയിട്ടുള്ളത്.
2019-21 കാലയളവിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പ്രഥമ സീസണിലും ഇതേ പ്രതിഫലം തന്നെയായിരുന്നു നൽകിയിരുന്നത്. ടൂർണമെന്റിന്റെ ഭാഗമായ മുഴുവൻ ടീമുകൾക്കും ഒരു വിഹിതം ലഭിക്കും. ഇത്തവണ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 4.50 ലക്ഷം ഡോളറാണ് കിട്ടുക. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 3.50 ലക്ഷം ഡോളർ, അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് രണ്ടു ലക്ഷം ഡോളർ എന്നിങ്ങനെയും ലഭിക്കും. ന്യൂസിലൻഡ്(ആറ്), പാകിസ്താൻ(ഏഴ്), വെസ്റ്റിൻഡീസ്(എട്ട്), ബംഗ്ലാദേശ്(ഒൻപത്) എന്നിങ്ങനെ അവശേഷിക്കുന്ന ടീമുകൾക്ക് ഒരു ലക്ഷം ഡോളർ വീതവും ലഭിക്കും.
ലണ്ടനിലെ വിഖ്യാതമായ ഓവലാണ് ഇത്തവണ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് പോരാട്ടം മഴ അടക്കമുള്ള കാരണങ്ങളാൽ തടസപ്പെടുകയാണെങ്കിൽ ജൂൺ 12 റിസർവ് ദിവസമായും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ഫൈനലും മഴ കാരണം അധികദിവസത്തേക്ക് നീണ്ടിരുന്നു. 2021 ജൂൺ 18 മുതൽ 23 വരെ സതാംപ്ടണിൽ നടന്ന ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു തോൽപിച്ചാണ് കെയിൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള കിവികൾ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കളായത്.
Summary: ICC announces prize money for World Test Championship Final 2023