വമ്പന്മാരെ പിന്നിലാക്കി ബംഗ്ലാദേശ്; സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമത്
ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര വിജയത്തോടെ ഐസിസി ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്ത്.
ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര വിജയത്തോടെ ഐസിസി ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോൽവിയുമായി 50 പോയിന്റാണ് ബംഗ്ലാദേശിനുള്ളത്. ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് തോൽവിയുമായി 40 പോയിന്റ് നേടിയ ഇഗ്ലണ്ട് ആണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ മൂന്ന് വീതം ജയവും തോൽവിയുമായി ഇന്ത്യ പട്ടികയിൽ സിംബാബ്വെക്ക് തൊട്ട് മുകളിലായി എട്ടാം സ്ഥാനത്താണ്.
ആദ്യ ഏകദിനത്തിൽ 33 റൺസിന്റെ വിജയം നേടിയ ബംഗ്ലാദേശ് ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ 103 റണ്‍സിനാണ് ശ്രീലങ്കയെ തകർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കി. ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതിന്റെ കൂടെ ആഹ്ലാദത്തിലാണ് ബംഗ്ലാ കടുവകൾ
എന്താണ് ഐ.സി.സി സൂപ്പർ ലീഗ്?
2023 ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരം എന്ന നിലയിലാണ് സൂപ്പർ ലീഗിനെ ഐസിസി പരിചയപ്പെടുത്തുന്നത്. ഫുട്ബോൾ ലോകകപ്പിൽ ഒക്കെ യോഗ്യതാ മത്സരങ്ങളുണ്ടെങ്കിലും ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായാണ് ഐസിസി ഇങ്ങനൊരു പരീക്ഷണത്തിന് മുതിരുന്നത്.
ഐസിസി അംഗീകാരമുള്ള 12 രാജ്യങ്ങളും ഒരു അസോസിയേറ്റ് രാജ്യവും ഉൾപ്പടെ 13 ടീമുകൾ ആണ് സൂപ്പർ ലീഗിൽ ഉള്ളത്. ഒരു ടീമിന് നാല് ഹോം മാച്ചുകളും നാല് എവേയ് മാച്ചുകളും ഉൾപ്പടെ ആകെ എട്ട് മത്സരങ്ങൾ ആണുള്ളത്. പോയിന്റ് പട്ടിക അനുസരിച്ച്
ഇതിൽ ആദ്യ എട്ട് സ്ഥാനക്കാർ നേരിട്ട് ലോകകപ്പിനുള്ള യോഗ്യത നേടും. രണ്ട് ടീമുകൾക്ക് കൂടി ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കും. അവസാന അഞ്ച് സ്ഥാനക്കാരിൽ നിന്ന് പിന്നെയും യോഗ്യത മത്സരങ്ങൾ നടത്തിയാകും രണ്ട് ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്തുക. ആതിഥേയ രാജ്യം എന്ന നിലയിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന രാജ്യത്തിനും ടൂർണമെന്റിൽ നേരിട്ട് യോഗ്യത ലഭിക്കും. 2023 ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്.
നിലവിലെ സൂപ്പർ ലീഗ് പോയിന്റ് നില
രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ആസ്ട്രേലിയ എന്നീ ടീമുകളാണ്. മൂന്ന് ടീമുകള്‍ക്കും 40 പോയിന്റ് വീതമാണുള്ളത്. ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റീന്‍ഡീസ് എന്നിവര്‍ 30 പോയിന്റ് വീതം നേടി അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഇന്ത്യ 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
പത്ത് പോയിന്റുമായി സിംബാബ്‍വേയും അയര്‍ലന്റും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 9 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 11ആം സ്ഥാനത്താണ്. 12ാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് -2 പോയിന്റാണ് സമ്പാദ്യം.