ഒരു ദിനം ബാക്കി; ഇന്ത്യൻജയം നാല് വിക്കറ്റകലെ

നാലാംദിനം തന്നെ അനാസായം ജയം സ്വന്തമാക്കാമെന്ന ഇന്ത്യൻ സ്വപ്‌നങ്ങൾ ബംഗ്ലാ ഓപണർമാരായ സാക്കിർ ഹുസൈനും(100) നജ്മുൽ ഹുസൈൻ ശാന്തോയും(67) ചേർന്നാണ് തകർത്തത്

Update: 2022-12-17 13:57 GMT
Editor : Shaheer | By : Web Desk
Advertising

ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻജയം നാലു വിക്കറ്റകലെ. ഒരു ദിവസം ബാക്കിനിൽക്കെ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 241 റൺസാണ്. ഇന്ത്യ ഉയർത്തിയ 513 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാ സംഘം ഓപണർമാരായ സാക്കിർ ഹുസൈന്റെ(100)യും നജ്മുൽ ഹുസൈൻ ശാന്തോ(67)യുടെയും അസാമാന്യ പോരാട്ടത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മൂന്നാംദിനം കൂറ്റന്‍ലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത ഇന്ത്യൻ നായകൻ കെ.എൽ രാഹുലും കോച്ച് രാഹുൽ ദ്രാവിഡും നാലാം ദിവസം വിജയം അനായാസം കൈപിടിയിലാക്കാമെന്നായിരിക്കും കരുതിയിരിക്കുക. എന്നാൽ, ഇന്ത്യൻ സ്വപ്‌നങ്ങൾ ഒരു ദിവസം കൂടി നീട്ടിയിരിക്കുകയാണ് ബംഗ്ലാ കടുവകൾ. നൂറു കടന്ന ഓപണിങ് കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാർക്ക് ഏറെ തലവേദന സൃഷ്ടിച്ചപ്പോൾ ഒരുപക്ഷെ വിജയം ബംഗ്ലാദേശ് ഇന്ത്യയിൽനിന്ന് തട്ടിയെടുക്കുമെന്നു വരെ ചിന്തകളുണ്ടായി.

അർധസെഞ്ച്വറി കടന്ന നജ്മുൽ ഹുസൈനെ പുറത്താക്കി ഉമേഷ് യാദവാണ് ഒടുവിൽ ഇന്ത്യയ്ക്ക് ആദ്യത്തെ ആശ്വാസം നൽകിയത്. 156 പന്ത് നേരിട്ട് നാല് ബൗണ്ടറികളോടെ 67 റൺസെടുത്താണ് നജ്മുൽ ഹുസൈൻ പുറത്തായത്. തൊട്ടുപിന്നാലെ യാസിർ അലിയെ അക്‌സർ പട്ടേൽ ക്ലീൻബൗൾഡാക്കുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയാണെന്നുറപ്പിച്ചു.

എന്നാൽ, അപ്പുറത്ത് ലിട്ടൺ ദാസിനെയും മുഷ്ഫിഖുറഹീമിനെയും കൂട്ടി സാകിർ ഹുസൈൻ ബംഗ്ലാ ടോട്ടൽ ഉയർത്തിക്കൊണ്ടിരുന്നു. ഇടവേളകളിൽ കുൽദീപ് യാദവിന്റെ പന്തിൽ ഉമേഷ് പിടികൂടി ലിട്ടൺ(19) മടങ്ങി. പിന്നാലെ സാക്കിർ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. എന്നാൽ, സെഞ്ച്വറിക്കു പിന്നാലെ സാക്കിറിന്റെ പോരാട്ടം അവസാനിച്ചു. രവിചന്ദ്രൻ അശ്വിന്റെ പന്തിൽ വിരാട് കോഹ്ലി പിടിച്ച് സാക്കിർ പുറത്തായതോടെ ഇന്ത്യ ശരിക്കും ആശ്വസിച്ചു. 224 പന്ത് നേരിട്ട് 13 ഫോറും ഒരു സിക്‌സും അടിച്ചാണ് താരം ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.

തൊട്ടു പിന്നാലെ അക്‌സർ പട്ടേലിന്റെ പന്തിൽ ബൗൾഡായി മുഷ്ഫിഖും(23) മടങ്ങിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. ഒടുവിൽ, മൂന്നംദിനം സ്റ്റംപെടുക്കുമ്പോൾ ബംഗ്ലാദേശ് ആറിന് 272 എന്ന നിലയിലാണ്. നായകൻ ഷക്കീബുൽ ഹസനും(40) മെഹിദി ഹസൻ മിറാസും(ഒൻപത്) ആണ് ക്രീസിലുള്ളത്.

Summary: India four wickets away from winning the first Test against Bangladesh in Chattogram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News