സൗത്തി പ്രഹരം; ഇന്ത്യ 345ന് ഓൾഔട്ട്‌; കരുതലോടെ കിവീസ് തുടക്കം

അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ ഇന്നിങ്‌സ് 105ൽ അവസാനിച്ചു. അഞ്ച് വിക്കറ്റുമായി ടിം സൗത്തിയാണ് ഇന്ത്യൻ മധ്യനിരയെ പിടിച്ചുകെട്ടിയത്

Update: 2021-11-26 08:52 GMT
Editor : Shaheer | By : Web Desk
Advertising

ശ്രേയസ് അയ്യറുടെ അരങ്ങേറ്റ സെഞ്ച്വറി പ്രകടനത്തിലും ഇന്ത്യൻ സ്‌കോർ 400 കടന്നില്ല. ഒരുഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്നു തോന്നിപ്പിച്ച ഇന്ത്യൻ ഇന്നിങ്‌സ് 345 റൺസിലൊതുങ്ങി. അഞ്ച് വിക്കറ്റുകളുമായി ടിം സൗത്തിയാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. ആദ്യദിനം കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറി കടന്നത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇന്ന് ഓർക്കാനുള്ളത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസെടുത്തുനിൽക്കുകയാണ് കിവീസ് ഓപണർമാർ.

ഇന്നലെ കളി നിർത്തുമ്പോൾ 50 റൺസുമായി ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനായില്ല. ജഡേജയുടെ കുറ്റി പിഴുത് സൗത്തിയാണ് ഇന്നത്തെ 'ചടങ്ങുകൾ'ക്ക് തുടക്കമിട്ടത്. പിന്നാലെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ സൗത്തി കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ കൈയിലെത്തിച്ചു. വെറും ഒരു റൺസ് മാത്രം നേടി തിരിച്ചുവരവിലും മോശം പ്രകടനം ആവർത്തിക്കുകയായിരുന്നു സാഹ.

തുടർന്ന് രവിചന്ദ്രൻ അശ്വിനുമായി ചേർന്ന് ശ്രേയസ് അയ്യർ ഇന്ത്യയെ 400 കടത്താനുള്ള നീക്കമാരംഭിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. കന്നിക്കാരനെ വിൽ യങ്ങിന്റെ കൈയിലെത്തിച്ച് ഇന്ത്യയ്ക്ക് വീണ്ടും സൗത്തിയുടെ പ്രഹരം. ഒൻപതാമനായെത്തിയ അക്‌സർ പട്ടേലിനെക്കൂടി വന്ന പിറകേ പവലിയനിലേക്ക് തിരിച്ചയച്ച് സൗത്തിക്ക് തുടർച്ചയായി നാലാം വിക്കറ്റ്. പേസർ ഉമേഷ് യാദവിനെ ഒരറ്റത്ത് നിർത്തി അവസാന രക്ഷാപ്രവർത്തനം ഏറ്റെടുത്തു നടത്തുകയായിരുന്നു പിന്നീട് അശ്വിൻ. അതീവ സൂക്ഷ്മതയോടെയുള്ള മറ്റൊരു മനോഹര ടെസ്റ്റ് ഇന്നിങ്‌സായിരുന്നു അശ്വിന്റേത്. എന്നാൽ, അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ അജാസ് പട്ടേൽ ബൗൾഡാക്കി. പുറത്താകുമ്പോൾ 56 പന്തിൽ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 38 റൺസെടുത്തിരുന്നു അശ്വിൻ. തുടർന്നുള്ള ഉമേഷ് യാദവിന്റെ ചെറുത്തുനിൽപ്പും അധികം നീണ്ടില്ല. ഇഷാന്ത് ശർമയെ വിക്കറ്റിനുമുന്നിൽ കുരുക്കി അജാസ് ഇന്ത്യൻ ഇന്നിങ്‌സിന് അന്ത്യംകുറിച്ചു.

കിവി ബൗളിങ് നിരയിൽ ആദ്യദിനം ഇന്ത്യൻ മുൻനിരയെ വിറപ്പിച്ചത് കൈൽ ജാമീഷനായിരുന്നുവെങ്കിൽ ഇന്ന് സൗത്തിയുടെ ദിനമായിരുന്നു. ടെസ്റ്റ് കരിയറിലെ 12-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സൗത്തി ഇന്ന് സ്വന്തമാക്കിയത്. ജാമീഷൻ മൂന്നും അജാസ് രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ കിവീസ് ഓപണർമാരായ ടോം ലാഥവും വിൽ യങ്ങും കരുതലോടെയാണ് കളിക്കുന്നത്. 13 ഓവർ പിന്നിടുമ്പോൾ ലാഥം ഒൻപതും(43 പന്തിൽ) യങ് 22ഉം(39) റൺസുമായാണ് ക്രീസിലുള്ളത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News