കോഹ്ലി താണ്ഡവം, തീതുപ്പി സിറാജ്; ഇന്ത്യയ്ക്ക് 317 റൺസിന്റെ റെക്കോര്‍ഡ് ജയം
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായാണ് പിടിച്ചെടുത്തത്. 2008ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാർജിനിലുള്ള വിജയം
തിരുവനന്തപുരം: ശ്രീലങ്കൻ ബൗളർമാർക്കുമേൽ ആദ്യം വിരാട് കോഹ്ലിയുടെ സംഹാരതാണ്ഡവം. പിന്നീട്, ലങ്കൻ ബാറ്റിങ്‌നിരയ്ക്കു മുന്നിൽ തീതുപ്പി മുഹമ്മദ് സിറാജ്. ഏത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും സ്വപ്‌നം കാണുന്ന മഹാവിജയത്തിനു പക്ഷെ കാര്യവട്ടം ഗ്രീൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത്. 317 റൺസെന്ന ഏകദിന ക്രിക്കറ്റിലെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.
കോഹ്ലിയുടെയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഉയർത്തിയ 391 എന്ന് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയെ സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ വെറും 22 ഓവറിൽ 73 റൺസിന് എറിഞ്ഞിട്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായി അടിച്ചെടുക്കുകയും ചെയ്തു. 2008ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാർജിനിലുള്ള വിജയം.
സൂപ്പർ സിറാജ്; മറുപടിയില്ലാതെ ലങ്ക
മറുപടി ബാറ്റിങ്ങിൽ പവർപ്ലേയിൽ ലങ്കയുടെ മുൻനിരക്കാരടക്കം നാല് ബാറ്റർമാരെയാണ് സിറാജ് തീതുപ്പും ബൗളിങ്ങിൽ കൂടാരം കയറ്റിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിൽതന്നെ ഓപണർ ആവിഷ്‌ക ഫെർനാൻഡോയെ(ഒന്ന്) ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചാണ് സിറാജ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ലങ്കൻ നിരയിലെ മൂന്നാമൻ കുശാൽ മെൻഡിസിനെ(നാല്) വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലുമെത്തിച്ചു സിറാജ്. തൊട്ടുപിന്നാലെ ചരിത് അസലങ്ക(ഒന്ന്) മുഹമ്മദ് ഷമിയും പുറത്താക്കി. അക്‌സർ പട്ടേൽ പിടിച്ചാണ് താരം പുറത്തായത്. ഒരറ്റത്ത് ബാറ്റർമാർ ഓരോന്നായി കടപുഴകിയപ്പോഴും തന്റെ ഭാഗം ഭദ്രമാക്കിക്കളിച്ച ഓപണർ നുവാനിദു ഫെർനാൻഡോയുടെ പോരാട്ടവും അധികം നീണ്ടില്ല. എട്ടാം ഓവറിൽ സിറാജിന് കീഴടങ്ങി നുവാനിദുവും പുറത്ത്. 27 പന്തിൽ 19 റൺസെടുത്ത് സിറാജിന്റെ ആക്രമണത്തിനു മുന്നിൽ പ്രതിരോധം തകർന്നാണ് താരം പുറത്തായത്.
അടുത്ത ഒാവറിൽ ലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക(ഒന്ന്)യെയും സിറാജ് തിരിച്ചയച്ചു. മനോഹരമായൊരു ഇൻസ്വിങ്ങറിൽ ബൗൾഡായായിരുന്നു മടക്കം. സിറാജിന്റെ അടുത്ത ഇര ചാമിക കരുണരത്‌ന(ഒന്ന്)യായിരുന്നു. ഇത്തവണ റൺഔട്ടിലൂടെയായിരുന്നു വിക്കറ്റ്.
വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽകൂടി ടീമിനെ നാണക്കേടിൽനിന്ന് കരകയറ്റാനായിരുന്നു നായകൻ ദാസുൻ ഷനകയുടെ ശ്രമം. എന്നാൽ, കുൽദീപ് യാദവ് ലങ്കൻ നായകൻ ഷനകയുടെ പോരാട്ടം അതിമനോഹരമായൊരു പന്തിലൂടെ അവസാനിപ്പിച്ചു. 26 പന്തിൽ 11 റൺസെടുത്താണ് ഷനക മടങ്ങിയത്. ദുനിത് വെല്ലലാഗെയെ(മൂന്ന്) കുൽദീപ് യാദവിന്റെ കൈയിലെത്തിച്ച് ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി.
പിന്നീടങ്ങോട്ട് ലങ്കൻ വാലറ്റത്തെ അനായാസം കൂടാരം കയറ്റാമെന്നായിരുന്നു ഇന്ത്യൻ മോഹം. എന്നാൽ, ഒൻപതാം വിക്കറ്റിൽ ഒന്നിച്ച കാസുൻ രജിതയും ലഹിരു കുമാരെയും ലങ്കൻ ആയുസ് അൽപംകൂടി നീട്ടിക്കൊണ്ടുപോയി. 21 ഓവറിനകം 10 ഓവറും എറിഞ്ഞുതീർത്തിട്ടും കൂട്ടുകെട്ട് പൊളിക്കാൻ സിറാജിനായില്ല. ഒടുവിൽ കുൽദീപ് ആണ് ആ പോരാട്ടം അവസാനിപ്പിച്ചത്. ലഹിരു കുമാരയുടെ വിക്കറ്റ് തെറിക്കുമ്പോൾ 19 പന്ത് നേരിട്ട് ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ആഷൻ ബന്ദാരയ്ക്ക് മത്സരത്തിനിടക്ക് പരിക്കേറ്റതിനാൽ കളിക്കാനായില്ല. ഇതോടെ ഇന്ത്യയുടെ റെക്കോർഡ് വിജയം സമ്പൂർണമായി. 19 പന്തിൽ 13 റൺസെടുത്ത് രജിത പുറത്താകാതെ നിന്നു.
നിശ്ചിത ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത സിറാജ് തന്നെയാണ് ലങ്കയുടെ നടുവൊടിച്ചത്. ഷമിയും കുൽദീപും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
റെക്കോർഡുകൾക്കുമുന്നിൽ ഒരേയൊരു കോഹ്ലി
നേരത്തെ, ശ്രീലങ്കൻ ബൗളർമാർക്ക് യാതൊരു അവസരവും കൊടുക്കാതെ ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും ആടിത്തകർത്തപ്പോൾ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. ഗില്ലിൻറെ രണ്ടാം ഏകദിന സെഞ്ച്വറിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷിയായപ്പോൾ മറുവശത്ത് കോഹ്ലി തൻറെ 46-ാം ഏകദിന സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 131 റൺസിൻറെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
166 റൺസെടുത്ത കോഹ്ലി ഏകദിനത്തിൽ തൻറെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ കൂടിയാണ് കണ്ടെത്തിയത്. പാകിസ്താനെതിരെ നേടിയ 183 റൺസാണ് കോഹ്ലിയുടെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോർ. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻറെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി മറികടന്നു. ഇന്നത്തെ സെഞ്ച്വറിയുൾപ്പെടെ 21 സെഞ്ച്വറികളാണ് കോഹ്ലി ഇന്ത്യൻ മണ്ണിൽ വെച്ച് നേടിയിട്ടുള്ളത്. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻറെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി മറികടന്നു. ഇന്നത്തെ സെഞ്ച്വറിയുൾപ്പെടെ 21 സെഞ്ച്വറികളാണ് കോഹ്ലി ഇന്ത്യൻ മണ്ണിൽ വെച്ച് നേടിയിട്ടുള്ളത്. ഹോം ഗ്രൗണ്ടിൽ സച്ചിൻറെ 20 സെഞ്ച്വറികളെന്ന നേട്ടമാണ് കോഹ്ലി മറികടന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ചേർന്ന് 95 റൺസിൻറെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. സെഞ്ച്വറി കൂട്ടുകെട്ടിന് തൊട്ടരികെ രോഹിത് മടങ്ങുകയായിരുന്നു. ചാമിക കരുണരത്നെയുടെ പന്തിൽ ആവിഷ്‌ക ഫെർണാണ്ടോയ്ക്ക് ക്യാച്ച് നൽകിയാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്. 49 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ബൌണ്ടറിയുമുൾപ്പെടെ 42 റൺസ് രോഹിത് നേടി.
പിന്നാലെയെത്തിയ വിരാട് കോഹ്ലി ഗില്ലിന് മികച്ച പിന്തുണ നൽകിയപ്പോൾ ടീം സ്‌കോർ ടോപ് ഗിയറിലായി. ഇന്ത്യൻ സ്‌കോർ 200 കടന്നപ്പോൾ ഗിൽ തൻറെ ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയും കണ്ടെത്തി. 89 പന്തിൽ 14 ബൌണ്ടറിയും രണ്ട് സിക്‌സറും പറത്തിയാണ് ഗിൽ മൂന്നക്കം കണ്ടെത്തിയത്. സെഞ്ച്വറി നേടിയതിന് പിന്നാലെ റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഗിൽ വീണു. 97 പന്തിൽ 14 ബൌണ്ടറിയും രണ്ട് സിക്‌സറുമുൾപ്പെടെ 116 റൺസെടുത്ത ഗില്ലിനെ കസൂൻ രജിതയാണ് ബൌൾഡാക്കിയത്.
മറുഭാഗത്ത് ഗിൽ നിർത്തിയിടത്തുനിന്ന് കോഹ്‌ലി തുടങ്ങി. ശ്രേയസ് അയ്യറെ കാഴ്ചക്കാരനാക്കി കോഹ്‌ലി ടീം സ്‌കോർ 250ഉം 300ഉം കടത്തി. ഏറെക്കാലത്തെ റൺവരൾച്ചക്ക് പഴികേട്ട കോഹ്‌ലി വീണ്ടും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ബാറ്റ് വീശിയത്. ഒടുവിൽ വീണ്ടും ആ ബാറ്റിൽ നിന്ന് തുടർച്ചയായി സെഞ്ച്വറി പെയ്തിറങ്ങുന്ന കാഴ്ചക്ക് ആരാധകർ സാക്ഷിയാകുകയാണ്. ഈ പരമ്പരയിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയാണിത്. 110 പന്തിൽ 13 ബൌണ്ടറിയും എട്ട് സിക്‌സറുമുൾപ്പെടെയാണ് കോഹ്‌ലിയുടെ മാരത്തൺ ഇന്നിങ്‌സ്(166*) .
കോഹ്ലി അവസാനമായി കളിച്ച നാല് അന്താരാഷ്ട് മത്സരങ്ങളിൽ മൂന്ന് തവണയും കോഹ്‌ലി ബാറ്റ് താഴെവെച്ചത് സെഞ്ച്വറി നേടിയ ശേഷമാണ്. അഫ്ഗാനിസ്താനെതിരെ കഴിഞ്ഞ ഏഷ്യാ കപ്പ് ടി20യിൽ സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ട കോഹ്ലി അതിന് ശേഷം നടന്ന ബംഗ്ലാദേശ് ഏകദിന പരമ്പരയിലും സെഞ്ച്വറി നേടി. അതിന് ശേഷം ശ്രീലങ്കയുമായുള്ള ഈ പരമ്പരയിലെ ആദ്യ ഏകദനിത്തിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. അവസാനം കളിച്ച നാല് ഏകദിന മത്സരങ്ങളിൽ മൂന്നിലും കോഹ്ലിയുടെ ബാറ്റ് സെഞ്ച്വറി കണ്ടെത്തി.
ലഹിരു കുമാരയാണ് കോഹ്‌ലി-അയ്യർ സെഞ്ച്വറി പാർട്ണർഷിപ്പ് പിരിക്കുന്നത്. അയ്യറിനെ സബ് ആയിറങ്ങിയ ഡിസിൽവയുടെ കൈകളിൽ എത്തിച്ചാണ് ലഹിരു കുമാര 108 റൺസിൻറെ കൂട്ടുകെട്ട് തകർത്തത്. 32 പന്തിൽ രണ്ട് ബൌണ്ടറിയും ഒരു സിക്‌സറുമുൾപ്പെടെ അയ്യർ 38 റൺസെടുത്തു. പിന്നീടെത്തിയ കെ.എൽ രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആറ് പന്തിൽ ഏഴ് റൺസെടുത്ത രാഹുലിനെയും ലഹിരു കുമാരയാണ് മടക്കിയത്. സൂര്യകുമാർ യാദവും വന്നതുപോലെ തന്നെ മടങ്ങി, നാല് പന്തിൽ നാല് റൺസെടുത്ത സൂര്യയെ കസൂൻ രജിതയാണ് തിരിച്ചയച്ചത്.
Summary: