വിദേശത്തും ഇനി 'ഹിറ്റ്‍മാന്‍', രോഹിതിന് ശതകം; ഇന്ത്യ ഡ്രൈവിങ് സീറ്റിൽ
രോഹിത് ശർമയുടെ സെഞ്ച്വറി(127) വിരുന്നിന്‍റെയും ചേതേശ്വർ പുജാരയുടെ പതിവുമട്ടില്‍നിന്നു മാറിയ അർധ സെഞ്ച്വറി(61) ഇന്നിങ്സിന്‍റെയും ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 എന്ന നിലയിലാണ് ഇന്ത്യ
രോഹിത് ശർമയുടെ സെഞ്ച്വറി(127) വിരുന്നിന്‍റെയും ചേതേശ്വർ പുജാരയുടെ പതിവുമട്ടില്‍നിന്നു മാറിയ അർധ സെഞ്ച്വറി(61)യുടെയും കരുത്തില്‍ ഓവലില്‍ ടീം ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. മുൻനിര ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തകർച്ച കണ്ട ഒന്നാം ഇന്നിങ്‌സിനു ശേഷമാണ് ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചുവരവ്. ഒടുവിൽ വാർത്ത ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.
വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ച്വറിക്കുവേണ്ടിയുള്ള വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഓവലിൽ രോഹിത് ശർമ അന്ത്യം കുറിച്ചത്. എട്ടു വർഷം മുൻപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശേഷമുള്ള താരത്തിന്റെ ആദ്യ വിദേശ സെഞ്ച്വറിയാണിത്; ടെസ്റ്റ് കരിയറിലെ എട്ടാമത്തെ ശതകവും. മോയിൻ അലിയുടെ പന്ത് ഗാലറിയിലേക്ക് പറത്തിയായിരുന്നു ആ നാഴികക്കല്ല് രോഹിത് പിന്നിട്ടത്. ഇംഗ്ലണ്ടിൽ ഓപണറായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ വിദേശതാരവുമായി രോഹിത്.
രണ്ടാംദിനം കളി നിർത്തിയേടത്തുനിന്നാണ് ഇന്ത്യൻ ഓപണർമാരായ രാഹുലും രോഹിതും ഇന്ന് കളി തുടങ്ങിയത്. ജിമ്മി ആൻഡേഴ്സനും ക്രിസ് വോക്സും മികച്ച ഫോം തുടർന്നപ്പോഴും കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠം ചെയ്തുമായിരുന്നു രോഹിതും രാഹുലും ക്രീസിലെത്തിയതെന്നു വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും മികച്ച ഇന്നിങ്സ്. ആദ്യ ഇന്നിങ്സിൽ സംഭവിച്ച പിഴവുകളെല്ലാം തിരുത്തുന്ന തരത്തിൽ ഇന്ത്യയെ ശക്തമായ നിലയിലേക്കു നയിക്കുകയായിരുന്നു ഇരുവരും.
എന്നാൽ, അർധസെഞ്ച്വറിക്ക് നാല് റൺസ് മാത്രം അകലെ രാഹുൽ വീണു. ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ പിടിച്ചു പുറത്താകുമ്പോൾ 158 പന്തിൽ ആറു ഫോറും ഒരു സിക്‌സും പന്തിൽ 46 റൺസായിരുന്നു രാഹുൽ നേടിയത്. ഓപണിങ് കൂട്ടുകെട്ടിൽ റെക്കോർഡ് കുറിച്ചാണ് രാഹുൽ മടങ്ങിയത്. രോഹിതും രാഹുലും ചേർന്ന് 985 പന്തുകളാണ് ഈ പരമ്പരയിൽ ഇതുവരെ നേരിട്ടത്. 1999നുശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഓപണിങ് സഖ്യം ഇത്രയും നീണ്ട ഇന്നിങ്സ് കളിക്കുന്നത് ഇതാദ്യമായാണ്.
മൂന്നാമനായി ഇറങ്ങിയ പുജാര ലീഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ കാണിച്ച അതേ മനോഭാവത്തോടെയാണ് ഇന്നും തുടക്കം മുതൽ ബാറ്റ് വീശിയത്. ലീഡ് സ്വന്തമാക്കിയ ശേഷം രോഹിതും പുജാരയും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ ശരിക്കും കൈകാര്യം ചെയ്യുകയായിരുന്നു. വജ്രായുധങ്ങളായ ആൻഡേഴ്‌സനെയും ക്രിസ് വോക്‌സിനെയുമെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന് കൂട്ടുകെട്ട് തകർക്കാനായില്ല. ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പന്തു പായിച്ച് മൈതാനത്ത് റണ്ണൊഴുക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ റൂട്ട് തന്നെ പന്തെടുത്തിട്ടും കാര്യമുണ്ടായില്ല. ഇതിനിടെ രോഹിത് സെഞ്ച്വറി നേടിയതിനു പിറകെ പുജാരയും അർധസെഞ്ച്വറി പിന്നിട്ടു.
ഇരുവരും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് പുതിയ പന്തിൽ ഒലി റോബിൻസൻ ഞെട്ടിച്ചത്. ക്രീസിൽ നിലയുറപ്പിച്ചും കളം നിറഞ്ഞും കളിച്ച രണ്ടുതാരങ്ങളെയും റോബിൻസൻ ഒരു ഓവറിൽ തന്നെ പിടികൂടി. ഇംഗ്ലീഷ് നായകനും ആരാധകരും ഒരുപോലെ ശ്വാസം വിട്ട നിമിഷങ്ങളായിരുന്നു അത്. സെഞ്ച്വറിക്കു പിറകെ ബൗണ്ടറികളുമായി ഇന്നിങ്‌സിനു ഗതിവേഗം കൂട്ടിയ രോഹിത് ആണ് ആദ്യം വീണത്. ക്രിസ് വോക്‌സിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 256 പന്തുകളിൽനിന്ന് 14 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 127 റൺസ് വാരിക്കൂട്ടിയിരുന്നു രോഹിത്. പിന്നാലെ പുജാര(127 പന്തിൽ ഒൻപത് ബൗണ്ടറി സഹിതം 61) മോയിൻ അലിക്കും ക്യാച്ച് നൽകി കൂടാരം കയറി.
അഞ്ചാമനായി വീണ്ടും രവീന്ദ്ര ജഡേജയെ ഇറക്കി ആദ്യ ഇന്നിങ്‌സിലെ പരീക്ഷണം ഇന്ത്യ തുടർന്നു. ഒടുവിൽ വാർത്ത ലഭിക്കുമ്പോൾ 13 റൺസുമായി നായകൻ വിരാട് കോഹ്ലിയും അഞ്ച് റൺസുമായി ജഡേജയുമാണ് ക്രീസിലുള്ളത്. ഇന്ത്യയുടെ ലീഡ് 155 റൺസായി ഉയരുകയും ചെയ്തിട്ടുണ്ട്.