അഞ്ചംഗ ബൌളിങ് നിരയുമായി ഇന്ത്യ; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീം പ്രഖ്യാപിച്ചു

നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ നിന്ന് മുഹമ്മദ് സിറാജ്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവര്‍ക്ക് അവസാന ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടു.

Update: 2021-06-17 14:36 GMT
Advertising

ന്യൂസിലൻഡുമായി നാളെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചു. അവസാന പതിനൊന്നംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജഡേജയും അശ്വിനും ഉള്‍പ്പടെ അഞ്ചംഗ ബൌളിങ് നിരയെയാണ് ഇന്ത്യ കലാശപ്പോരിന് രംഗത്തിറക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ നിന്ന്  മുഹമ്മദ് സിറാജ്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവര്‍ക്ക് അവസാന ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടു. അഞ്ചാം ബൌളറുടെ സ്ഥാനത്ത് ആള്‍റൌണ്ടറെന്ന നിലയില്‍ ജഡേജയെയും ഹനുമാന്‍ വിഹാരിയെയും പരിഗണിക്കുന്നുണ്ട്. ടോസിന് ശേഷമായിരിക്കും ആരെയാകും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് നിശ്ചയിക്കുക.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ്. രോഹിത് ശര്‍മ്മ, ശുഭ്മാൻ ഗില്‍, ചേതശ്വര്‍ പൂജാര എന്നിവരാണ് മറ്റ് ബാറ്റ്സ്മാന്‍മാര്‍. ജസ്പ്രീത് ബുംറ, അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ബൌളര്‍മാര്‍.  റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പർ

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതശ്വർ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ഹനുമ വിഹാരി / രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

രണ്ടു വർഷത്തോളം നീണ്ട പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങളുടെ അന്തിമ പോരാട്ടത്തിനാണ് നാളെ വൈകീട്ട് 3.30ന് സൗത്താംപ്ടണിലെ ഏജിയസ് ബൗൾ സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിൽ കിരീടം മോഹിച്ച് ഇറങ്ങുന്നത് സമകാലിക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലൻഡുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകക്രിക്കറ്റിനെ അടക്കിഭരിക്കുന്ന തരത്തിലുള്ള ഫോമിലാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻപടയുള്ളത്. കഴിഞ്ഞ വർഷം അവസാനത്തിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ പോയി ഇന്ത്യ തകർത്തുകളഞ്ഞത് യുവനിരയുടെ കരുത്തിലായിരുന്നു. തുടർന്ന് നാട്ടിൽ നടന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും ടീം ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സ്വന്തമാക്കിക്കൊടുത്തതും ഈ പുതുനിര തന്നെയായിരുന്നു. അതിനാൽ, പരിചയ സമ്പത്തിനൊപ്പം പുതിയ പ്രതീക്ഷകളുയർത്തുന്ന യുവകരുത്തും ചേർത്തായിരിക്കും ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിനിറങ്ങുക.


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News