അഫ്ഗാന്റെ രക്ഷകനായി നബി; ഇന്ത്യയ്ക്ക് ജയിക്കാൻ 159

27 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറും പറത്തി 42 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനിസ്താനെ തകർച്ചയിൽനിന്നു കരകയറ്റിയത്

Update: 2024-01-11 15:15 GMT
Editor : Shaheer | By : Web Desk
Advertising

മൊഹാലി: ഓപണർമാർ തപ്പിത്തടഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അഫ്ഗാനിസ്താന്റെ രക്ഷകനായി മുഹമ്മദ് നബി. നബിയുടെ അർധസെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തിൽ 159 എന്ന വിജയലക്ഷ്യമാണ് അഫ്ഗാൻ ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിതരായ സന്ദർശകരെ തുടക്കത്തിൽ അഴിഞ്ഞാടാൻ വിട്ടില്ല ഇന്ത്യൻ ബൗളർമാർ. പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും റൺസ് കണ്ടെത്താനാകാതെ കുഴങ്ങുകയായിരുന്നു റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും. ഒടുവിൽ അക്‌സർ പട്ടേലിന്റെ പന്തിൽ ഗുർബാസിനെ(28 പന്തിൽ 23) സ്റ്റംപ് ചെയ്തു പുറത്താക്കി ജിതേഷ് ശർമ.

പിന്നാലെ ഇബ്രാഹിം സദ്രാനും(22 പന്തിൽ 25) മടങ്ങി. ശിവം ദുബെയുടെ പന്തിൽ ഷോർട്ട് കവറിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പിടിച്ച് അഫ്ഗാൻ നായകൻ പുറത്ത്. തൊട്ടടുത്ത ഓവറിൽ റഹ്മത്തുല്ല ഷായും(മൂന്ന്) അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങി.

തുടർന്ന് ഒന്നിച്ച മുഹമ്മദ് നബിയും അസ്മത്തുല്ല ഒമർസായിയും ചേർന്നാണു വലിയ തകർച്ചയിൽനിന്ന് അഫ്ഗാനെ കരകയറ്റിയത്. രണ്ടും ഭാഗത്തുനിന്നും ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചു കളിക്കുകയായിരുന്നു ഇരുവരും. നാലാം വിക്കറ്റിൽ 43 പന്തിൽ 68 റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്താണു സഖ്യം പിരിഞ്ഞത്.

മുകേഷ് കുമാറാണ് ഇന്ത്യയ്ക്ക് ബ്രേക്ത്രൂ സമ്മാനിച്ചത്. ബൗൾഡായി ഒമർസായി പുറത്താകുമ്പോൾ 22 പന്തിൽ 29 റൺസെടുത്തിരുന്നു താരം. അവസാന ഓവറുകളിൽ വമ്പനടിക്കു ശ്രമിച്ച് മുഹമ്മദ് നബിയും പുറത്തായതോടെ വലിയ സ്‌കോർ ലക്ഷ്യമിട്ടുള്ള അഫ്ഗാന്റെ പോരാട്ടം ഏറെക്കുറെ തീർന്നിരുന്നു. 27 പന്തിൽ മൂന്ന് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 42 റൺസെടുത്ത് മുകേഷ് കുമാറിന്റെ പന്തിൽ റിങ്കു സിങ്ങിനു ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. നജീബുല്ല സദ്രാൻ 19 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ ബൗളർമാരിൽ 23 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത അക്‌സർ പട്ടേലാണു തിളങ്ങിയത്. മുകേഷ് കുമാറും രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും തല്ലുവാങ്ങി. ശിവം ദുബെയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

Summary: India vs Afghanistan 1st T20I Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News