നാഗ്‍പൂരിലെ 'ഇടങ്കയ്യൻ കുരുക്ക്' അഴിച്ച് ജഡേജ-അക്‌സര്‍; ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

രോഹിത് ശർമ മടങ്ങിയ ശേഷം ജഡേജ-അക്‌സർ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിക്കാനാകാതെ ആസ്‌ട്രേലിയ കുഴങ്ങുന്നതാണ് രണ്ടാം ദിനം കണ്ടത്

Update: 2023-02-10 13:10 GMT
Editor : Shaheer | By : Web Desk
Advertising

നാഗ്പൂർ: ആസ്‌ട്രേലിയയുടെ ഇടങ്കയ്യൻ ബാറ്റർമാർക്ക് കുഴിയൊരുക്കിയെന്ന് ഓസീസ് മാധ്യമങ്ങളുടെ പഴികേട്ട നാഗ്പൂർ പിച്ചിൽ രവീന്ദ്ര ജഡേജയുടെയും അക്‌സർ പട്ടേലിന്‍റെയും അസാമാന്യ പോരാട്ടം. അർധസെഞ്ച്വറിയുമായി ഇന്ത്യൻ ലീഡ് നൂറുകടത്തിയിരിക്കുകയാണ് ഇടങ്കയ്യൻ ഓൾറൗണ്ടർമാർ. സെഞ്ച്വറി നേടി രോഹിത് ശർമ മടങ്ങിയ ശേഷം ജഡേജ-അക്‌സർ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ആസ്‌ട്രേലിയയ്ക്ക് ശരിക്കും തലവേദന സൃഷ്ടിക്കുകയാണ്. രണ്ടാംദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സും 144 റൺസ് ലീഡുമായി ഡ്രൈവിങ് സീറ്റിലാണ് ഇന്ത്യ.

പ്രതിരോധമുറപ്പിച്ച് ജദ്ദു-അക്‌സർ കൂട്ടുകെട്ട്

നായകനായുള്ള ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ന് രോഹിത് സ്വന്തം പേരിൽ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ നായകനുമായി രോഹിത്. സെഞ്ച്വറിക്കുശേഷവും ഇടതടവില്ലാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ രോഹിതിനെ വീഴ്ത്തി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് സന്ദർശകർക്ക് ആശ്വാസം നൽകിയെങ്കിലും തലവേദന അവിടംകൊണ്ട് തീർന്നില്ല.

ഇന്ത്യയുടെ ഇടങ്കയ്യൻ ഓൾരൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ആസ്‌ട്രേലിയയെ ശരിക്കും ഉറക്കംകെടുത്തി. ബൗളർമാരെ മാറ്റിമാറ്റി എറിഞ്ഞിട്ടും കമ്മിൻസിന് കൂട്ടുകെട്ട് പിരിക്കാനായില്ല. അക്‌സർ എത്തിയതിനുശേഷം ജഡേജ കൂടുതൽ പ്രതിരോധത്തിലേക്ക് മാറിയപ്പോൾ അക്‌സർ ഇടവേളകളിൽ റൺസ് സ്‌കോർവേഗം കൂട്ടിക്കൊണ്ടിരുന്നു. ഇടയ്ക്ക് അർധശതകവും കണ്ടെത്തി അക്‌സർ. ഒടുവിൽ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ജഡേജ 170 പന്തിൽ 66 റൺസുമായും അക്‌സർ 102 പന്തിൽ 52 റൺസുമായും ക്രീസിലുണ്ട്.

ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിനുള്ള മറുപടിയിൽ രോഹിത് ശർമ ടീം ഇന്ത്യയെ മുന്നിൽനിന്നു നയിക്കുന്ന കാഴ്ചയാണ് നാഗ്പൂരിൽ കണ്ടത്. ഏകദിനത്തിലെ ഫോം ടെസ്റ്റിലും തുടരുകയായിരുന്നു നായകൻ. 171 പന്തിൽനിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏക ഇന്ത്യൻ നായകനായി രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരവുമായി.

അരങ്ങേറ്റത്തിൽ തന്നെ അഞ്ചുവിക്കറ്റ് നേട്ടവുമായി ആസ്‌ട്രേലിയൻ സ്പിന്നർ ടോഡ് മുർഫിയും ചരിത്രം കുറിച്ചു. മുർഫി തന്നെയാണ് കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ്‌നിരയെ ഒരുവിധത്തിലെങ്കിലും പിടിച്ചുകെട്ടിയത്.

ഒരറ്റത്ത് വിക്കറ്റ്‍വീഴ്ച; മറുവശത്ത് കുലുങ്ങാതെ രോഹിത്

ആദ്യദിനം ആസ്ട്രേലിയയെ 177 റൺസിനു പുറത്താക്കിയ ഇന്ത്യ കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിലെ ഓസീസ് ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സംശയമുയർത്തുന്ന തരത്തിൽ അർധസെഞ്ച്വറി കുറിച്ച് മുന്നേറുകയായിരുന്നു രോഹിത്. ഇന്നും ഒരു വശത്ത് വിക്കറ്റുകൾ ഓരോന്ന് വീണുകൊണ്ടിരുന്നപ്പോഴും ഒരറ്റം ഭദ്രമാക്കി ടീം സ്‌കോർ ഉയർത്തി നായകൻ.

ഇന്ന് കളി ആരംഭിച്ച ശേഷം നൈറ്റ് വാച്ച്മാനായി എത്തിയ അശ്വിൻ രോഹിതുമായി 42 റൺസ് കൂട്ടിച്ചേർത്ത ശേഷം മടങ്ങി. 23 റൺസുമായി മുർഫിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു അശ്വിന്റെ മടക്കം.

തുടർന്നെത്തിയ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാര(ഏഴ്) മുർഫിയുടെ പന്തിൽ മോശം ഷോട്ട് കളിച്ചും പുറത്തായി. ലെഗിനു പുറത്ത് കുത്തിയ ലൂസ് ബൗളിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച പുജാരയ്ക്ക് പാളി. ബാറ്റിന്റെ മുകളിൽ തട്ടി പന്ത് ഷോർട്ട് ഫൈൻ ലെഗിൽ സ്‌കോട്ട് ബൊലാൻഡിന്റെ കൈയിൽ ഭദ്രം. അഞ്ചാം നമ്പറിലെത്തിയ കോഹ്ലി രോഹിതുമായി കൂട്ടുകെട്ട് ഉയർത്താൻ നോക്കിയെങ്കിലും നീണ്ടുനിന്നില്ല. മുർഫിയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ അലെക്സ് ക്യാരി പിടിച്ച് കോഹ്ലി(12) പുറത്തായി.

പിന്നീടെത്തിയത് ടെസ്റ്റ് അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവ്. ഫോമിലുള്ള ഗില്ലിനു പകരം സൂര്യയെ പരിഗണിച്ചത് തെറ്റായോ എന്ന സംശയമുണർത്തുന്ന തരത്തിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ടി20ക്കു സമാനമായി ബൗണ്ടറിയിലൂടെ തന്നെയായിരുന്നു ടെസ്റ്റിലും അക്കൗണ്ട് തുറന്നത്. എന്നാൽ, അധികം ആയുസുണ്ടായിരുന്നില്ല. നഥാൻ ലിയോണിന്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ എട്ട് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നീടാണ് ജഡേജയുമായി ചേർന്ന് രോഹിത് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ജഡേജ നായകന് ശക്തമായ പിന്തുണ നൽകിയപ്പോൾ രോഹിത് അനായാസ ഷോട്ടുകളിലൂടെ സ്‌കോർബോർഡിന്റെ വേഗം കൂട്ടി. രോഹിത് 207 പന്തിൽ 118 റൺസുമായും രവീന്ദ്ര ജഡേജ 82 പന്തിൽ 34 റൺസുമായും ക്രീസിലിരിക്കെയാണ് ചായയ്ക്ക് പിരിഞ്ഞത്. ഇന്ത്യയ്ക്ക് 49 റൺസ് ലീഡും.

എന്നാൽ, കളി പുനരാരംഭിച്ച് പന്തെടുത്തത് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ആസ്ട്രേലിയ കാത്തിരുന്ന ബ്രേക്ത്രൂ നായകൻ തന്നെ സമ്മാനിച്ചു. വൻ സ്‌കോറിലേക്ക് മുന്നേറുന്നതിനിടെ കമ്മിൻസിന്റെ മനോഹരമായ പന്ത് രോഹിതിന്റെ ഓഫ്സ്റ്റംപ് പിഴുതു. 212 പന്ത് നേരിട്ട ഇന്ത്യൻ നായകൻ 15 ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ 120 റൺസെടുത്താണ് കൂടാരം കയറിയത്. തുടർന്നെത്തിയ മറ്റൊരു അരങ്ങേറ്റക്കാരൻ ശ്രീകാർ ഭരതും(എട്ട്) കാര്യമായൊന്നും ചെയ്യാനാകാതെ മുർഫിക്ക് കീഴടങ്ങി മടങ്ങി.

Summary: India vs Australia, 1st Test, Day 2 Highlights

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News