മോൺസ്റ്റർ സ്റ്റാർക്ക്.. വിശാഖപട്ടണത്ത് ഇന്ത്യൻ ദുരന്തം; 117ന് പുറത്ത്

രണ്ടാം ഏകദിനത്തിൽ വെറും 26 ഓവറിലാണ് ഇന്ത്യൻ ബാറ്റർമാരെല്ലാം കൂടാരം കയറിയത്. അഞ്ചു വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്

Update: 2023-03-19 12:15 GMT
Editor : Shaheer | By : Web Desk
Advertising

വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രേലിയൻ പേസ് ആക്രമണത്തിൽ നിലംപൊത്തി വീണ് ടീം ഇന്ത്യ. സ്റ്റാർക്കിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തിൽ 26 ഓവറിലാണ് ഇന്ത്യൻ ബാറ്റിങ്‌നിര ഒന്നാകെ കൂടാരം കയറിയത്; വെറും 117 റൺസിന്. 31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറർ എന്നതു തന്നെ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ടോസ് നേടിയ ആസ്‌ട്രേലിയൻ നാടകൻ സ്റ്റീവ് സ്മിത്ത് ബൗളിങ്ങാണ് തിരഞ്ഞെടുത്ത്. സ്മിത്തിന്റെ തീരുമാനം ഒട്ടും പിഴച്ചില്ല. ശുഭ്മൻ ഗിൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിങ്ങനെ നാല് കരുത്തന്മാരെ ആദ്യ പത്ത് ഓവറിൽ തന്നെ കൂടാരംകയറ്റി മിച്ചൽ സ്റ്റാർക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരം നൽകി. ഒടുവിൽ മുഹമ്മദ് സിറാജിന്റെ മിഡിൽസ്റ്റംപ് തെറുപ്പിച്ച് ഇന്ത്യൻ പതനം പൂർത്തിയാക്കുകയും ചെയ്തു.

ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രണ്ണൊന്നും കണ്ടെത്താനാകാതെ ഗില്ലാണ് ആദ്യം മടങ്ങിയത്. പോയിന്റിൽ മാർനസ് ലബുഷൈൻ പിടിച്ചാണ് ഗിൽ പുറത്തായത്. ആദ്യ കളിയിൽ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ നായകൻ രോഹിതിന്റേതായിരുന്നു അടുത്ത ഊഴം. മികച്ച ടച്ചിലുണ്ടായിരുന്ന നായകനും സ്റ്റാർക്കിനുമുൻപിൽ ലക്ഷ്യം പിഴച്ചു. ഒന്നാം സ്ലിപ്പിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പിടിച്ചാണ് രോഹിത്(13) മടങ്ങിയത്. ഇതേ ഓവറിലെ തൊട്ടടുത്ത പന്തിൽ സൂര്യയെയും സ്റ്റാർക്ക് പിടികൂടി. വിക്കറ്റിനുമുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായാണ് താരം തിരിച്ചുനടന്നത്. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് സൂര്യ ഗോൾഡൻ ഡക്കായി പുറത്താകുന്നത്.

ആദ്യ ഏകദിനത്തിൽ അർധസെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ കെ.എൽ രാഹുലിന് ഇത്തവണ പ്രകടനം ആവർത്തിക്കാനായില്ല. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി രാഹുൽ മടങ്ങുമ്പോൾ വെറും ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഹർദിക് പാണ്ഡ്യ(ഒന്ന്) ഷോൺ അബോട്ടും പുറത്താക്കി. അബോട്ടിന്റെ ലെങ്ത് ബാളിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ കിക്കിടിലൻ ക്യാച്ചിലാണ് പാണ്ഡ്യ കൂടാരം കയറിയത്.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ കരകയറ്റാനായിരുന്നു പിന്നീട് കോഹ്ലി നോക്കിയത്. ഇടവേളകളിൽ സ്‌കോർവേഗം കൂട്ടാനും നോക്കി. ഇന്ത്യയുടെ രക്ഷകനാകുമെന്ന് കരുതിയ കോഹ്ലിക്കും കാലിടറി. നേഥൻ എല്ലിസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി കോഹ്ലിയും വീണതോടെ ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചു. 35 പന്ത് നേരിട്ട് നാല് ബൗണ്ടറിയുമായി 31 റൺസെടുത്താണ് കോഹ്ലി പുറത്തായത്.

ഏഴാം വിക്കറ്റിൽ ഇടങ്കയ്യന്മാരായ ജഡേജയും അക്‌സർ പട്ടേലുമായിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ. ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലേക്ക് നയിക്കാനുള്ള ഭാരവും തോളിലേറ്റി മുന്നോട്ടുകുതിക്കവെ ജഡേജയുടെ പോരാട്ടവും അവസാനിച്ചു. ഇത്തവണയും വില്ലനായത് എല്ലിസ്. വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരി പിടിച്ചാണ് ജഡേജ(16) പുറത്തായത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത് ഇന്ത്യൻ സ്‌കോർ വേഗം കൂട്ടാൻ അക്‌സർ പട്ടേൽ ശ്രമിച്ചെങ്കിലും ആ പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. അപ്പുറത്ത് കുൽദീപ് യാദവും(നാല്), മുഹമ്മദ് ഷമിയും(പൂജ്യം) മുഹമ്മദ് സിറാജുമെല്ലാം(പൂജ്യം) വന്നവഴിയേ കൂടാരം കയറി. അക്‌സർ 29 പന്തിൽ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു.

ഓസീസ് ബൗളർമാരിൽ അഞ്ച് വിക്കറ്റ് പിഴുത് സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തുകളഞ്ഞത്. ബാക്കികാര്യവും പേസർമർ തന്നെ പൂർത്തിയാക്കി. ഷോൺ അബോട്ട് മൂന്നും എല്ലിസ് രണ്ടും വിക്കറ്റ് പിഴുത് സ്റ്റാർക്കിന് കൂട്ടായി. സ്പിന്നർ ആദം സാംപയ്ക്ക് രണ്ടേരണ്ട് ഓവർ മാത്രമാണ് എറിയേണ്ടിവന്നത്.

Summary: India vs Australia, 2nd ODI Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News