സ്റ്റാർക്കിനെ തളക്കാൻ എന്തുണ്ട് വിദ്യ? സൂര്യയെ വിശ്വസിക്കുമോ? ചെപ്പോക്കിൽ ഇന്ന് 'ഫൈനൽ'

ഇന്ത്യ ജയിച്ച വാങ്കഡെയിലും നാണംകെട്ട തോൽവി നേരിട്ട വിശാഖപട്ടണത്തും മിച്ചൽ സ്റ്റാർക്കിന്റെ ഇടങ്കയ്യൻ പേസ് ഇന്ത്യൻ മുൻനിരയ്ക്ക് വൻ തലവേദന സൃഷ്ടിച്ചിരുന്നു

Update: 2023-03-22 06:13 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ബോർഡർ-ഗവാസ്‌കർ ട്രോഫി വിജയത്തിനു പിന്നാലെ ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയും പിടിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ചെപ്പോക്കിലെ നവീകരിച്ച എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. വാങ്കഡെയിലെ ആദ്യ ഏകദിനത്തിലെ മിന്നും ജയത്തിനുശേഷം വിശാഖപട്ടണത്ത് നാണംകെട്ട തോൽവിയാണ് രോഹിത് ശർമയുടെ സംഘം രുചിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ 'ഫൈനൽ' പോരാട്ടത്തിനായിരിക്കും ഇന്ന് ചെന്നൈ സാക്ഷിയാകുക.

രണ്ട് ഏകദിനങ്ങളിലും ആസ്‌ട്രേലിയയുടെ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പുതിയ പന്തിലെ സ്വിങ് കരുത്ത് തന്നെയാണ് സ്റ്റാർക്കിന്റെ പ്രധാന കരുത്ത്. സ്റ്റാർക്കിനെ നേരിടാനുള്ള ഗൃഹപാഠവുമായായിരിക്കും ടീം ഇന്ത്യ ഇന്ന് ചെപ്പോക്കിൽ ഇറങ്ങുക എന്നതുറപ്പാണ്.

ഇതോടൊപ്പം ഇന്ത്യയുടെ ബാറ്റിങ് മുൻനിര താളംകണ്ടെത്താൻ കഷ്ടപ്പെടുന്നതും മറ്റൊരു തലവേദനയാണ്. ഇന്ത്യ വെറും 117 റൺസിന് ഓൾഔട്ടായ വിശാഖപട്ടണം ഏകദിനത്തിൽ 26 ഓവർ മാത്രമെടുത്താണ് ഓസീസ് ലക്ഷ്യം കണ്ടത്. മിച്ചൽ മാർഷും ട്രാവിസ് ഹെഡും അഴിഞ്ഞാടിയ മത്സരം പത്തുവിക്കറ്റിനായിരുന്നു സന്ദർശകർ അടിച്ചെടുത്തത്.

ഓപണിങ്ങിൽ ശുഭ്മൻ ഗില്ലിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ആദ്യ ഏകദിനത്തിൽ 20ഉം രണ്ടാം മത്സരത്തിൽ പൂജ്യവുമാണ് താരത്തിന്റെ സമ്പാദ്യം. നായകൻ രോഹിത് ശർമയ്ക്കും സൂപ്പർ താരം വിരാട് കോഹ്ലിക്കും മികച്ച തുടക്കം മുതലെടുക്കാനാകാത്തതും പ്രശ്‌നം തന്നെയാണ്. ഇതോടൊപ്പമാണ് നാലം നമ്പറിലെത്തുന്ന സൂര്യകുമാർ യാദവിന്റെ ഫോം. നിരന്തരം അവസരങ്ങൾ ലഭിച്ചിട്ടും ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ താരം ഏകദിനത്തിൽ തുടരെ പരാജയപ്പെടുകയാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾഡൻ ഡക്കായി നാണക്കേടും വിളിച്ചുവരുത്തി താരം. എന്നാൽ, സൂര്യയെ തുടർന്നും കളിപ്പിക്കുമെന്നാണ് നായകൻ രോഹിതും കോച്ച് രാഹുൽ ദ്രാവിഡും വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയാണെങ്കിൽ ഇന്നും സൂര്യയ്ക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്. കെ.എൽ രാഹുൽ താളം കണ്ടെത്തിയതും രവീന്ദ്ര ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും ഫോം മാത്രമാണ് ഇന്ത്യയ്ക്ക് ആകെ ആശ്വസിക്കാൻ വകയുള്ളത്.

ബൗളിങ്ങിൽ ഒന്നാം നമ്പർ താരമായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും മികച്ച കോമ്പോ ആണെങ്കിലും ഇന്ന് ഒരുപക്ഷെ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിനെ പരീക്ഷിക്കാനിടയുണ്ട്. അങ്ങനെയാണെങ്കിൽ ഷമിക്കോ സിറാജിനോ വിശ്രമം അനുവദിക്കാനാണ് സാധ്യത. ചെപ്പോക്ക് സ്പിന്നർമാരെ തുണക്കാനിടയുള്ളതിനാൽ രണ്ട് സ്‌പെഷലിസ്റ്റ് സ്പിന്നർമാരുമായി ഇറങ്ങാനും സാധ്യതയുണ്ട്. സ്പിൻ പരിഗണനയിൽ ആഷ്ടൻ അഗാറിന് അവസരം ലഭിക്കാനിടയുണ്ടെന്നൊഴിച്ചാൽ ആസ്‌ട്രേലിയൻ ഇലവനിൽ മാറ്റത്തിന് സാധ്യത കുറവാണ്.

Summary: India vs Australia 3rd ODI at Chennai's Chepauk stadium preview

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News