ഇരട്ടശതകത്തിനരികെ കോഹ്ലി വീണു; ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ, ലീഡ്
തകർപ്പൻ ഫോമിൽ നിറഞ്ഞാടിയ വിരാട് കോഹ്ലി 186 റൺസുമായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 571 എന്ന കൂറ്റൻ സ്‌കോറിൽ അവസാനിച്ചു
അഹ്മദാബാദ്: മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷം നേടിയ ടെസ്റ്റ് സെഞ്ച്വറിക്കുശേഷം അതിവേഗം കുതിച്ച വിരാട് കോഹ്ലി ഇരട്ട ശതകത്തിനു തൊട്ടരികെ വീണു. തകർപ്പൻ ഫോമിൽ നിറഞ്ഞാടിയ താരം 186 റൺസുമായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 571 എന്ന കൂറ്റൻ സ്‌കോറിൽ അവസാനിച്ചു. മത്സരത്തിൽ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ആദ്യ ഇന്നിങ്‌സിൽ 91 റൺസ് ലീഡുണ്ട് ഇന്ത്യയ്ക്ക്.
ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, കെ.എസ് ഭരത് എന്നിവർക്കൊപ്പം അർധസെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയാണ് കോഹ്ലി ഇന്ത്യൻ ഇന്നിങ്‌സ് പടുത്തുയർത്തിയത്. ആറാം വിക്കറ്റിൽ കോഹ്ലി അക്‌സർ പട്ടേലുമായി ചേർന്ന് കൂട്ടിച്ചേർത്ത 162 റൺസിന്റെ അതിവേഗ കൂട്ടുകെട്ട് ഇന്ത്യയെ അതിവേഗം കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. മൂന്നു വീതം വിക്കറ്റുകളുമായി നേഥൻ ലയണും ടോഡ് മർഫിയുമാണ് ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ പിഴുതത്.
അക്‌സറിന്റെ വെടിക്കെട്ട്; കോഹ്ലിയുടെ നിറഞ്ഞാട്ടം
ആസ്ട്രേലിയ ഉയർത്തിയ 480 എന്ന വൻലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ യുവതാരം ശുഭ്മൻ ഗില്ലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ മൂന്നിന് 289 എന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. ആസ്ട്രേലിയ 191 റൺസ് ലീഡുമായി ഇന്ന് മത്സരം പുനരാരംഭിക്കുമ്പോൾ താളം കണ്ടെത്തിയ വിരാട് കോഹ്ലിയും മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേയുമാണ് ക്രീസിലുണ്ടായിരുന്നത്. ആദ്യ മണിക്കൂറുകളിൽ ഇരുവരെയും കൂടാരം കയറ്റിയാൽ മത്സരം പിടിയിലാക്കാമെന്നായിരുന്നു ഓസീസ് മോഹങ്ങൾ.
തുടക്കത്തിൽ ജഡേജ(28)യെ ഉസ്മാൻ ഖവാജയുടെ കൈയിലെത്തിച്ച് മർഫി ദൗത്യത്തിനു തുടക്കമിട്ടു. എന്നാൽ, പിന്നീടങ്ങോട്ട് മത്സരം സന്ദർശകരുടെ കൈയിൽനിന്ന് കോഹ്ലി തട്ടിയെടുത്തു. ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന കെ.എസ് ഭരതിന് ഉറച്ച പിന്തുണ നൽകി സൂപ്പർ താരം. എന്നാൽ, അർധസെഞ്ച്വറിക്ക് ആറ് റൺസ് അകലെ ഭരതിനെ നേഥൻ ലയൺ പിടികൂടി. ഹാൻസ്‌കോംപ് പിടിച്ച് പുറത്താകുമ്പോൾ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ കോഹ്ലിയുമായി ചേർന്ന് 84 റൺസാണ് താരം കൂട്ടിച്ചേർത്തത്. 88 പന്ത് നേരിട്ട് രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 44 റൺസായിരുന്നു ഭരതിന്റെ സമ്പാദ്യം.
ഭരത് പോയതിനു പിന്നാലെ മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കോഹ്ലി ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. ക്ഷമയോടെ ക്രീസിൽ നങ്കൂരമിട്ടു കളിച്ച താരം ടെസ്റ്റ് കരിയറിലെ 75-ാം സെഞ്ച്വറി കണ്ടെത്താനെടുത്തത് 241 പന്താണ്. ഈ സമയത്ത് ആകെ അഞ്ചു ബൗണ്ടറി മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. കാത്തിരിപ്പ് അവസാനിച്ചതോടെ കോഹ്ലിയും ഗിയർ മാറ്റി. പിന്നീടങ്ങോട്ട് ശൈലി മാറ്റിയ താരം 313 പന്ത് നേരിടുമ്പോൾ 150ഉം കടന്നു.
മറുവശത്ത് അക്സർ പട്ടേൽ കരുതലോടെയാണ് ബാറ്റ് വീശിയത്. മോശം പന്തുകളെ ആക്രമിച്ചും പ്രതിരോധം ഉറപ്പിച്ചും താരം അർധസെഞ്ച്വറിയും കടന്നു കുതിക്കുകയാണ്. 99 പന്ത് നേരിട്ടാണ് അക്സർ അർധസെഞ്ച്വറി പിന്നിട്ടത്. അർധസെഞ്ച്വറിക്കു ശേഷം വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. സെഞ്ച്വറിയിലേക്ക് കുതിച്ച അക്‌സറിനെ മിച്ചൽ സ്റ്റാർക്ക് മനോഹരമായ പന്തിൽ ക്ലീൻ ബൗൾഡാക്കി. 113 പന്തിൽ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും സഹിതം 79 റൺസെടുത്താണ് താരം മടങ്ങിയത്.
അക്‌സർ വീണതോടെ അധികം പോരാട്ടത്തിനു നിൽക്കാതെ ഇന്ത്യൻ വാലറ്റം അതിവേഗം കീഴടങ്ങി. രവിചന്ദ്രൻ അശ്വിനെ(ഏഴ്) ലയോൺ മാത്യു ക്യൂനെമനിന്റെ കൈയിലെത്തിച്ചപ്പോൾ ഉമേഷ് യാദവ് പീറ്റർ ഹാൻസ്‌കോമ്പിന്റെ ത്രോയിൽ റണ്ണൗട്ടുമായി.
ഒടുവിൽ നോൺസ്‌ട്രൈക്ക് എൻഡിൽ മുഹമ്മദ് ഷമിയെ കാഴ്ചക്കാരനാക്കി വമ്പനടിക്ക് ശ്രമിച്ച് കോഹ്ലിയും വീണതോടെ നാലാംദിനം കളിനിർത്താൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് അന്ത്യം. മർഫിയുടെ പന്തിൽ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച കോഹ്ലിക്ക് പിഴച്ചു. പന്ത് മാർനസ് ലബുഷൈന്റെ കൈയിൽ ഭദ്രം. 364 പന്ത് നേരിട്ട സൂപ്പർ താരം 15 ബൗണ്ടറിയുടെ അകമ്പടിയോടെ നേടിയത് 186 റൺസാണ്. ശ്രേയർ അയ്യർ പരിക്കേറ്റ് പുറത്തായതോടെ ബാറ്റ് ചെയ്യാനുമായില്ല.
Summary: India vs Australia 4th Test Live Updates