ഒറ്റയ്ക്ക് പോരാടി മോമിൻ; ബംഗ്ലാദേശിനെ 227ൽ ചുരുക്കിക്കെട്ടി ഇന്ത്യ

ഉമേഷ് യാദവിന്റെയും രവിചന്ദ്രൻ അശ്വിന്റെയും ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ തകർത്തുകളഞ്ഞത്. ഇരുവരും നാലു വിക്കറ്റ് വീതം പിഴുതു

Update: 2022-12-22 13:56 GMT
Editor : Shaheer | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യൻ നിയന്ത്രണത്തിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരെ ഇന്ത്യൻ ബൗളർമാർ 227ൽ എറിഞ്ഞൊതുക്കി. മോമിനുൽ ഹഖിൻെ(84) ഒറ്റയാള്‍ പോരാട്ടത്തിനു പിന്തുണ നൽകാൻ ഒരാളുമുണ്ടായില്ല. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 എന്ന നിലയിലാണ്.

ഉമേഷ് യാദവിന്റെയും രവിചന്ദ്രൻ അശ്വിന്റെയും ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. ഇരുവരും നാലു വിക്കറ്റ് വീതം പിഴുതു. 12 വർഷത്തിനുശേഷം ടെസ്റ്റിലേക്കുള്ള ജയദേവ് ഉനദ്കട്ടിന്റെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു ഇത്. രണ്ട് ബംഗ്ലാ വിക്കറ്റ് പിഴുത് തിരിച്ചുവരവ് അവിസ്മരണീയമാക്കാൻ താരത്തിനായി. 227 എന്ന ചെറിയ സ്‌കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ദിനം പരിക്കുകളില്ലാതെ ഇന്നിങ്‌സ് പൂർത്തിയാക്കാനായി. ശുഭ്മൻ ഗിൽ 20 പന്തിൽ 14 റൺസുമായി വേഗത്തിൽ സ്‌കോറിങ്ങിനു ശ്രമിച്ചപ്പോൾ 30 പന്തിൽ വെറും മൂന്ന് റൺസ് കണ്ടെത്തി നായകൻ കെ.എൽ രാഹുൽ പ്രതിരോധം തീർക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ബംഗ്ലാ നായകൻ ഷക്കീബുൽ ഹസൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുംവിധം ഓപണർമാരായ നജ്മുൽ ഹുസൈൻ ശാന്തോയും സാക്കിർ ഹസനും കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യൻ ബൗളർമാർക്ക് ഒരുഘട്ടത്തിലും അവസരം നൽകാതെ മുന്നോട്ടുകുതിച്ച സഖ്യം പക്ഷെ 15-ാം ഓവറിൽ വീണു. ഉനദ്കട്ടിന്റെ വകയായിരുന്നു ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ ലഭിച്ചത്. സാക്കിർ ഹസനെ(15) ഉനദ്കട്ട് നായകൻ രാഹുലിന്റെ കൈയിലെത്തിച്ചു. പിന്നാലെ ശാന്തോയും(24) മടങ്ങി. രവിചന്ദ്രൻ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

മൂന്നാം വിക്കറ്റിൽ മോമിനുൽ ഹഖും ബംഗ്ലാ നായകൻ ഷക്കീബുൽ ഹസനും ചേർന്ന് ടീമിനെ കരകയറ്റാനുള്ള നീക്കം നടത്തി. മോമിൻ നിലയുറപ്പിച്ചു കളിച്ചപ്പോൾ ഷക്കീബ് ഉറച്ച പിന്തുണയും നൽകി. എന്നാൽ, കൂടുതൽ കളംപിടിക്കുംമുൻപ് ഉമേഷ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. ഉമേഷിന്റെ പന്തിൽ ചേതേശ്വർ പുജാര പിടിച്ച് ഷക്കീബ്(16) പുറത്തായി.

തുടർന്ന് മുഷ്ഫിഖുറഹീമുമായി ചേർന്ന് മോമിൻ രക്ഷാപ്രവർത്തനം തുടർന്നു. എന്നാൽ, മുഷ്ഫിഖിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ച് ഉനദ്കട്ട് ആ കൂട്ടുകെട്ടും പൊളിച്ചു. 26 റൺസുമായാണ് മുഷ്ഫിഖ് പുറത്തായത്. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്ന് ഒരറ്റത്ത് മോമിൻ പോരാട്ടം തുടർന്നു.

പിന്നീട് കണ്ടത് ലിട്ടൻ ദാസിന്റെ ഏകദിന ശൈലിയിലുള്ള കൗണ്ടർ അറ്റാക്കായിരുന്നു. ബൗണ്ടറികളും സിക്സുമായി ഇന്ത്യൻ ബൗളർമാരെ ബാക്ക്ഫൂട്ടിലാക്കാനുള്ള ലിട്ടന്റെ നീക്കത്തിനും അധികം ആസുണ്ടായില്ല. അശ്വിന്റെ പന്തിൽ ലിട്ടൻ കീഴടങ്ങി മടങ്ങുമ്പോൾ 26 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 25 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസുമായി ചേർന്ന് ഇന്നിങ്സ് പടുത്തുയർത്താനായി പിന്നീട് മോമിനിന്റെ ശ്രമം. എന്നാൽ, അതും അധികം നീണ്ടുനിന്നില്ല. ഉമേഷിന്റെ പന്തിൽ പന്ത് പിടിച്ച് മെഹിദി ഹസൻ(15) മടങ്ങി. പിന്നാലെ നൂറുൽ ഹസനും(ആറ്) തസ്‌കിൻ അഹ്മദും(ഒന്ന്) ഉമേഷിനു വിക്കറ്റ് നൽകി കൂടാരം കയറി. ഇതോടെ മോമിനുൽ ഹഖിന്റെ പ്രതിരോധവും തകർന്നു. അശ്വിന്റെ പന്തിൽ പന്ത് പിടിച്ചുപുറത്താകുമ്പോൾ 157 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 84 റൺസായിരുന്നു മോമിനിന്റെ സമ്പാദ്യം. ഇതേ ഓവറിൽ തന്നെ ഖാലിദ് അഹ്മദിനെയും പുറത്താക്കി അശ്വിൻ ബംഗ്ലാ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യൻ ബൗളർമാരിൽ ഉനദ്കട്ടിന്റെ തിരിച്ചുവരവ് തന്നെയാണ് ശ്രദ്ധേയമായ പ്രകടനം. 2010ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് ഇന്ന് കളിക്കുന്നത്. ആദ്യ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടക്കാരൻ കുൽദീപ് യാദവിനു പകരക്കാരനായായിരുന്നു താരം ടീമിൽ ഇടംകണ്ടെത്തിയത്. അശ്വിനും ഉമേഷും നാലു വിക്കറ്റ് കൊയ്തപ്പോൾ ഉനദ്കട്ട് രണ്ടു വിക്കറ്റുമായും തിളങ്ങി. മുഹമ്മദ് സിറാജിനും അക്സർ പട്ടേലിനും വിക്കറ്റൊന്നും നേടാനായില്ല.

Summary: India vs Bangladesh 2nd Test updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News