ലഖ്‌നൗവിലെ ബാറ്റിങ് ദുരന്തം; പിച്ച് ഒരുക്കിയത് ബി.സി.സി.ഐ നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്- ക്യുറേറ്ററെ പുറത്താക്കി
ഐ.പി.എല്ലിനുമുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കും
ലഖ്‌നൗ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20ക്ക് വേദിയായ ലഖ്‌നൗ പിച്ചിനെതിരെ വൻ വിമർശനം ഉയരുന്നതിനിടെ ക്യൂറേറ്റർക്കെതിരെ നടപടി. അടൽ ബിഹാരി വാജ്‌പെയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ഒരുക്കിയ സുരേന്ദർ കുമാറിനെ പുറത്താക്കിയതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. അതേസമയം, അവസാന നിമിഷം ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതു പ്രകാരമാണ് വിവാദ പിച്ച് ഒരുക്കിയതെന്നും റിപ്പോർട്ടുണ്ട്.
സുരേന്ദറിനു പകരം ഗ്വാളിയോറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചിട്ടുണ്ട്. ഐ.പി.എല്ലിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് നടപടി. ഐ.പി.എല്ലിനുമുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം.
അതിനിടെ, ബി.സി.സി.ഐ ആവശ്യപ്രകാരമാണ് അവസാന നിമിഷം പിച്ച് മാറ്റിയതെന്ന് എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. കറുത്ത മണ്ണിലുള്ള രണ്ട് പിച്ച് നേരത്തെ മത്സരത്തിനായി ഒരുക്കിയിരുന്നു. എന്നാൽ, അവസാന നിമിഷമാണ് ചെമ്മണ്ണിൽ പിച്ചൊരുക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്. മത്സരത്തിനു വെറും മൂന്നു ദിവസം മുൻപായിരുന്നു ഇത്. അതിനാൽ, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പിച്ച് തയാറാക്കിയതെന്നാണ് വിവരം.
ഇരു ടീമും ബാറ്റ് ചെയ്യാൻ പ്രയാസപ്പെട്ട ലഖ്‌നൗവിലെ പിച്ചിനെതിരെ മത്സരശേഷം ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ കടുത്ത വിമർശനം നടത്തിയിരുന്നു. പിച്ച് ശരിക്കും ഞെട്ടിച്ചെന്നായിരുന്നു പ്രതികരണം. ആദ്യ ടി20യിലേതിലും മോശം പിച്ചായിരുന്നു ഇതെന്ന് ഹർദിക് തുറന്നടിച്ചു. സത്യസന്ധമായി പറഞ്ഞാൽ പിച്ച് ശരിക്കും ഞെട്ടിച്ചു. ബുദ്ധിമുട്ടേറിയ പിച്ചുകളിൽ കളിക്കുക എന്നത് പ്രശ്‌നമല്ല, പക്ഷേ ഈ രണ്ട് കളികളിലും (ആദ്യ രണ്ട് ടി20കളിൽ) ഒരുക്കിയ പിച്ചുകൾ ടി20ക്ക് വേണ്ടിയുള്ളതല്ലെന്നും ഹർദിക് കൂട്ടിച്ചേർത്തു.
ബാറ്റിങ് തീർത്തും ദുഷ്‌കരമായ പിച്ചിൽ ഇരു ടീമുകളും രണ്ടിന്നിങ്‌സുകളിൽനിന്നായി 40 ഓവറിൽ നേടിയത് 200 റൺസ് മാത്രമാണ്. ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 19.5 പന്തിലാണ് 101 റൺസെടുക്കുന്നത്. മത്സരത്തിലെ ആകെ മൊത്തം 40 ഓവറിൽ 30 ഓവറും എറിഞ്ഞത് സ്പിന്നർമാരാണ്. 40 ഓവറിൽ ഒരൊറ്റ സിക്‌സർ പോലും പിറന്നില്ലെന്നതും ശ്രദ്ധേയമാണ്. 31 പന്തിൽ 26 അടിച്ച സൂര്യകുമാർ യാദവും 23 പന്തിൽ 19 റൺസെടുത്ത ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്‌നറുമാണ് ഇരുടീമുകളിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയത്.
Summary: The curator of the pitch at Lucknow's Atal Bihari Vajpayee Ekana Cricket Stadium, Surender Kumar has been sacked after the criticism over poor track laid for the second T20I between India and New Zealand