കോഹ്ലിക്ക് 'ബർത്ത് ഡേ' ഫിഫ്റ്റി, അയ്യരുടെ തകർപ്പൻ ഇന്നിങ്‌സ്; ഇന്ത്യ മൂന്നിന് 239
വിരാട് കോഹ്ലിയും(75) കെ.എൽ രാഹുലും(അഞ്ച്) ആണ് ക്രീസിലുള്ളത്
കൊൽക്കത്ത: ക്യാപ്റ്റൻ രോഹിത് ശർമ തുടക്കമിട്ട വെടിക്കെട്ട് ഷോ തുടരാനായില്ലെങ്കിലും ഇന്ത്യയെ മികച്ച നിലയിലേക്കു നയിച്ച് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും. 35-ാം ജന്മദിനത്തിൽ അർധസെഞ്ച്വറിയും കടന്നു കുതിക്കുകയാണ് വിരാട് കോഹ്ലി(75). അർധസെഞ്ച്വറിക്കുശേഷം ആക്രമിച്ചുകളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ വീണു. 40 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്നിന് 239 എന്ന നിലയിലാണ്.
ടി20 മോഡിൽ തകർപ്പനടികളുമായി പ്രോട്ടിയാസ് ബൗളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു തുടക്കത്തിൽ രോഹിത് ശർമ. തുടരെ ബൗണ്ടറികളും സിക്‌സറും പറത്തി കോഹ്ലി ലുംഗി എൻഗിഡിയുടെയും മാർക്കോ യാൻസന്റെയും മനോവീര്യം കെടുത്തി. വെറും അഞ്ച് ഓവർ പിന്നിടുമ്പോൾ 61 റൺസാണ് രോഹിതും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത്. അതിൽ 40 റൺസും രോഹിതിന്റെ ബാറ്റിൽനിന്നായിരുന്നു.
ആറാം ഓവറിൽ കഗിസോ റബാഡയെ കൊണ്ടുവന്നുള്ള ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയുടെ നീക്കം ഫലംകാണാൻ അധികം സമയം വേണ്ടിവന്നില്ല. ആറാം ഓവറിലെ അവസാന പന്തിൽ വമ്പനടിക്കുള്ള രോഹിതിന്റെ ശ്രമം പാളി ബാവുമയുടെ കൈയിലൊതുങ്ങി. വെറും 24 പന്ത് നേരിട്ട് ആറ് ഫോറും രണ്ട് സിക്‌സറും പറത്തി 40 റൺസെടുത്താണ് രോഹിത് മടങ്ങിയത്. അധികം വൈകാതെ ഗില്ലും(23) വീണു. കേശവ് മഹാരാജിന്റെ പന്തിൽ ബൗൾഡായാണു താരം മടങ്ങിയത്.
പിന്നീടായിരുന്നു മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറി കൂട്ടുകെട്ട്. രോഹിത് നൽകിയ അതിവേഗ തുടക്കം മന്ദഗതിയിലായെങ്കിലും ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സിനെ ഉലയാതെ കാത്തു. അർധസെഞ്ച്വറി പിന്നിട്ടതോടെ അയ്യർ ഗിയർ മാറ്റി ആക്രമണറോൾ ഏറ്റെടുത്തു. മറുവശത്ത് കോഹ്ലി സിംഗിളുകളും ഇടവേളകളിൽ ബൗണ്ടറികളുമായും കളി തുടർന്നു.
ഒടുവിൽ ലുംഗി എൻഗിഡിയുടെ വക ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ. എൻഗിഡിയെ സിക്‌സർ പറത്താനുള്ള അയ്യരുടെ ശ്രമം വിഫലമായി. മിഡോണിൽ ഐഡെൻ മാർക്രാം പിടിച്ച് പുറത്താകുമ്പോൾ 87 പന്ത് നേരിട്ട് 77 റൺസെടുത്തിരുന്നു താരം. രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും ഇന്നിങ്‌സിനു മിഴിവേകി. സ്‌കോർബോർഡിൽ 134 റൺസ് കൂട്ടിച്ചേർത്താണു സഖ്യം പിരിഞ്ഞത്.
വിരാട് കോഹ്ലിയും(75) കെ.എൽ രാഹുലും(അഞ്ച്) ആണ് ക്രീസിലുള്ളത്.
Summary: India vs South Africa Live Score, World Cup 2023