കില്ലർ എൻഗിഡി; പെര്‍ത്തില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകർച്ച

പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ചിന് 60 റൺസുമായി കൂട്ടത്തകർച്ചയുടെ വക്കിലാണ്

Update: 2022-10-30 11:56 GMT
Editor : Shaheer | By : Web Desk
Advertising

പെർത്ത്: പെർത്തിലെ ബൗളിങ് സ്വർഗത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തീരുമാനം പിഴച്ചു. പവർപ്ലേയിൽ തന്നെ രോഹിതും ഓപണർ കെ.എൽ രാഹുലും പുറത്ത്. പിന്നാലെ, സൂപ്പർ താരം വിരാട് കോഹ്ലിയും ദീപക് ഹൂഡയും ഹർദിക് പാണ്ഡ്യയും ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ചിന് 60 റൺസുമായി കൂട്ടത്തകർച്ചയുടെ വക്കിലാണ്.

ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ലുങ്കി എൻഗിഡിയാണ് ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചത്. ആദ്യ ഓവറിൽ തന്നെ രോഹിതിനെയും രാഹുലിനെയും പുറത്താക്കി. പുൾഷോട്ടിനുള്ള രോഹിതി(12)ന്റെ ശ്രമം പാളി എൻഗിഡിയുടെ കൈയിൽ തന്നെ അവസാനിച്ചു. രാഹുലിനെ(ആറ്) ഐഡൻ മാർക്രാമും പിടികൂടി.

തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോഹ്ലിയെയും എൻഗിഡെ തിരിച്ചയച്ചു. 12 റൺസുമായി റബാഡയ്ക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. അക്‌സർ പട്ടേലിന് പകരക്കാരനായെത്തിയ ദീപക് ഹൂഡ ആന്റിച്ച് നോർക്കിയയുടെ പിന്തിൽ ഗോൾഡൻ ഡക്കായി. ഹാർദിക് പാണ്ഡ്യ(രണ്ട്)യെ എൻഗിഡിയുടെ പന്തിൽ റബായും പിടികൂടി. ഒടുവിൽ 17 റൺസുമായി സൂര്യകുമാർ യാദവും ഒരു റണ്ണുമായി ദിനേശ് കാർത്തിക്കുമാണ് ക്രീസിലുള്ളത്.

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഓൾറൗണ്ടർ അക്സർ പട്ടേലിനു പകരം ദീപക് ഹുഡയാണ് കളിക്കുന്നത്. ലോകകപ്പിൽ ഹൂഡയുടെ അരങ്ങേറ്റ മത്സരം കൂടിയാകുമിത്. ദക്ഷിണാഫ്രിക്കൻ സംഘത്തിലും ഒരു മാറ്റമാണുള്ളത്. തബ്രീസ് ഷംസി പുറത്തായപ്പോൾ ലുങ്കി എങ്കിഡിയാണ് പകരക്കാരൻ.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് നാല് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടുപിന്നിലുമുണ്ട്. രണ്ടു മത്സരം ജയിക്കുകയും ഒരു മത്സരം മഴയെത്തുടർന്ന് സമനിലയിൽ പിരിയുകയുമായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News