ഫോം ഔട്ടായ കോഹ്‌ലിയും ഗൂഗ്ലിയെറിഞ്ഞ് വെള്ളം കുടിപ്പിക്കാൻ ബിഷ്‌ണോയിയും; ഇന്ത്യക്ക് ആശ്വാസവും ആശങ്കയും
വിൻഡീസിനെതിരായ അരങ്ങേറ്റത്തിൽ ബിഷ്‌ണോയി എറിഞ്ഞ നാലോവറുകളിൽ ഇരുപത്തിരണ്ടു പന്തും ഗൂഗ്ലിയായിരുന്നു. അതായത് രണ്ട് ഡെലിവെറികൾ മാത്രമാണ് ഗൂഗ്ലിയല്ലാതെ എറിഞ്ഞതെന്ന് ചുരുക്കം.
വിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന് ഏഴ് മണിക്ക്. ആദ്യ മത്സരം ജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിലെ ബാറ്റിങ് നിരയും ബൌളിങ് നിരയും ഒരുപോലെ ആശങ്കയിലാണ്...! കോഹ്‍ലിയുടെ ഫോംഔട്ട് തന്നെയാണ് ബാറ്റിങ് നിരയുടെ ആശങ്ക. നായകന്‍റെ തൊപ്പിയുടെ എല്ലാ ഭാരങ്ങളും അഴിച്ചുവെച്ചെങ്കിലും കോഹ്‍ലിയുടെ ബാറ്റ് പഴയപോലെ റണ്‍സ് കണ്ടെത്തുന്നില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം.
അതേസമയം ബൌളിങ് നിരയുടെ ആശങ്ക കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച 21 കാരന്‍ സ്പിന്നര്‍ രവി ബിഷ്ണോയിയെക്കുറിച്ചോർത്താണ്...! വിന്‍ഡീസ് ബാറ്റര്‍മാരേക്കാളും രവി ബിഷ്ണോയി തലവേദന സൃഷ്ടിക്കാന്‍ പോകുന്നത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കാണ്! ഗൂഗ്ലി സ്പെഷ്യലിസ്റ്റായ രവി ബിഷ്ണോയിയുടെ പന്തുകളില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ കുഴങ്ങുമ്പോള്‍ വരുൺ ചക്രവർത്തി,അക്സർ പട്ടേൽ, രാഹുൽ ചാഹർ, കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാരുടെ തിരിച്ചുവരവിന്‍റെ സാധ്യത കൂടിയാണ് മങ്ങുന്നത്.
അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ച ബിഷ്ണോയ് ഇന്നും അതേമികവ് ആവർത്തിച്ചാൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ഇവരുടെ പ്രതീക്ഷകൾക്ക് കൂടിയാണ് കോട്ടം തട്ടുക. ഈ വർഷം നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡില്‍ സ്പിന്നര്‍മാരായി ആരൊക്കെ ഇടംപിടിക്കും എന്ന ആശങ്കക്കുള്ള ഉത്തരം കൂടിയാകും ബിഷ്ണോയിയുടെ പ്രകടനം. കഴിഞ്ഞവർഷത്തെ ടി20 ലോകകപ്പില്‍ ആകെ 13 വിക്കറ്റു മാത്രമാണ് ഇന്ത്യയുടെ സ്പിന്‍ നിരക്ക് നേടാനായത്. അതുകൊണ്ട് തന്നെ മികച്ച സ്പിന്നർമാരെ തേടുന്ന ഇന്ത്യക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ബിഷ്ണോയിയുടെ ഫോം പ്രതീക്ഷ നല്‍കുന്നുണ്ട്.
റണ്‍മെഷീന്‍റെ നിശബ്ദത!
ക്യാപ്റ്റന്‍ ക്യാപ് അഴിച്ചുവെച്ചിട്ടും വിരാട് കോഹ്‍ലി ഫോമിലേക്കുയരാത്തതാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ഒരു സമയത്ത് ഇന്ത്യന്‍ സ്കോര്‍കാര്‍ഡിലെ നല്ലൊരു ശതമാനവും റണ്‍സ് വന്നുകൊണ്ടിരുന്നത് കോഹ്‍ലിയുടെ ബാറ്റില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോഹ്‍ലിയുടെ പ്രതിഭയുടെ നിഴല്‍ മാത്രമാണ് ക്രീസില്‍. കഴിഞ്ഞ രണ്ടു വർഷമായി സെഞ്ച്വറികൾ കണ്ടെത്താനാകാത്ത കോഹ്‌ലി ക്യാപ്റ്റൻസിയുടെ ഭാരം ഇറക്കിവെച്ചാണ് വിൻഡീസിനെതിരെ കളിക്കാനിറങ്ങിയത്. എന്നാൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആകെ 24 റൺസാണ് താരം നേടിയത്. ആദ്യ ട്വി20 യിലും താരം നിറം മങ്ങി.
8, 18, 0, 17 എന്നിങ്ങനെയാണ് കഴിഞ്ഞ 3 ഏകദിനത്തിലും ഒരു ടി 20യിലുമായി കോഹ്ലിയുടെ സ്കോർ. ഫോമിലുള്ള ശ്രേയസ് അയ്യർ അവസരം കാത്ത് പുറത്തിരിക്കുമ്പോൾ ടീമിൽ സ്ഥാനമുറപ്പിക്കാൻ കോഹ്‍ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യത തന്നെയാണ്. എന്നാൽ പുതിയ നായകൻ രോഹിത് ശർമയും ബാറ്റിങ് കോച്ച് വിക്രം റാത്തോറും കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സമ്മർദഘട്ടങ്ങളെ എങ്ങനെ നേരിടാമെന്ന് കോഹ്‌ലിക്ക് നന്നായറിയാമെന്നും മാധ്യമങ്ങളാണ് ഇല്ലാത്ത പ്രശ്നങ്ങളെ ഊതിപ്പെരുപ്പിക്കുന്നത് എന്നും രോഹിത് ശർമ പറഞ്ഞിരുന്നു.
ഗൂഗ്ലി ബിഷ്ണോയി!
ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണിലും പഞ്ചാബ് കിങ്സ് താരമാണ് രവി ബിഷ്ണോയി. കഴിഞ്ഞ സീസണില്‍ മാത്രം 9 കളികളില്‍ നിന്ന് 12 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വെറും ആറ് റണ്‍സ് എക്കോണമിയിലാണ് താരത്തിന്‍റെ നേട്ടവും എന്നതും ശ്രദ്ധേയമാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്ലെയർ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ ബോളറാണ് ബിഷ്ണോയി. അതുപോലെ അരങ്ങേറ്റത്തിൽത്തന്നെ രണ്ട് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബൌളര്‍ എന്ന നേട്ടവും ആദ്യ കളിയില്‍ നിന്ന് ഈ 21കാരൻ സ്വന്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ച ബോളർമാരിൽ ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരത്തില്‍ വിക്കറ്റ് നേടുന്ന ആദ്യ താരം കൂടിയാണ് ബിഷ്ണോയി.
പിച്ചില്‍ കുത്തിത്തിരിയുന്ന ഗൂഗ്ലി പന്തുകളാണ് ബിഷ്ണോയിയുടെ ബൌളിങിന്‍ററെ കരുത്ത്. വിന്‍ഡീസിനെതിരായ അരങ്ങേറ്റത്തില്‍ ബിഷ്ണോയി എറിഞ്ഞ നാലോവറുകളില്‍ ഇരുപത്തിരണ്ടു പന്തും ഗൂഗ്ലിയായിരുന്നു. അതായത് രണ്ട് ഡെലിവെറികള്‍ മാത്രമാണ് ഗൂഗ്ലിയല്ലാതെ എറിഞ്ഞതെന്ന് ചുരുക്കം. ബിഷ്ണോയിയുടെ 24 പന്തുകളില്‍ 16 എണ്ണവും ഡോട് ബോളുകളായിരുന്നു, 4 ഓവറിൽ ആകെ വഴങ്ങിയതാകട്ടെ 11 റൺസ് മാത്രവും...
ഒക്ടോബറില്‍ ആരംഭിക്കുന്ന ടി 20 ലോകകപ്പിനായി ടീമിനെ തയ്യാറാക്കുന്ന പരിശീലകന് രാഹുല്‍ ദ്രാവിഡിനെ ഇനിയുള്ള മത്സരങ്ങള്‍ പ്രധാനമാണ്. താരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനെ ഒരുക്കേണ്ടതുണ്ട്. മുന്‍ ക്യാപ്റ്റന്‍ വിരാടിന്‍റെ ഫോമില്ലായ്മയും ബാറ്റിങ് നിര സെറ്റ് ആകാത്തതും ടീമിനെ സംബന്ധിച്ച് തലവേദനയാണ്. യുവതാരങ്ങള്‍ ഫോമിലേക്കുയരുന്നുണ്ടെങ്കിലും സ്ഥിരത കൈവരിക്കാത്തത് പ്രശ്നമാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ച് ടി 20 പരമ്പര കൂടി സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമം.