തോറ്റു തുന്നംപാടി; ടീം ഇന്ത്യക്കിതെന്തു പറ്റി?
ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇന്ത്യൻ ഓപണർമാർക്കോ മധ്യനിരക്കോ കഴിഞ്ഞില്ല
ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നേടിയ പരമ്പരയുടെ ആത്മവിശ്വാസവുമായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യൻ ടീം ടെസ്റ്റ് സീരീസ് സ്വന്തമാക്കി ചരിത്രം തിരുത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയിരുന്നത്. കളിയങ്കമേറെ കണ്ട അനുഭവ സമ്പന്നരുടെ നിര പരിചയസമ്പത്തിന്റെ പിൻബലമില്ലാത്ത ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ മറിച്ചിടുമെന്ന കണക്കുകൂട്ടലുകൾ എന്നാൽ തെറ്റി. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ മത്സരം നേടിയ ഇന്ത്യ പക്ഷേ, ജോഹന്നസ്ബർഗിലും കേപ്ടൗണിലും തകർന്നടിഞ്ഞു. 2-1ന് പരമ്പര ദക്ഷിണാഫ്രിക്കയുടെ കീശയിലും.
ദക്ഷിണാഫ്രിക്കയിൽ ടീം ഇന്ത്യയുടെ ഒമ്പതാമത്തെ പരമ്പരയായിരുന്നു ഇത്. 2010ൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ നേടിയ സമനില ഒഴിച്ചു നിർത്തിയാൽ മഴവിൽ രാജ്യത്ത് ഇന്ത്യയുടെ റെക്കോർഡ് ശുഭകരമല്ല. പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇന്ത്യ കളഞ്ഞു കുളിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ബോട്ടെ ഡിപ്പനാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. സെഞ്ചൂറിയനിലെ ആദ്യ മത്സരം 113 റൺസാണ് ഇന്ത്യ ജയിച്ചത്. എന്നാൽ ജോഹന്നസ്ബർഗിൽ ഏഴു വിക്കറ്റിന് തോറ്റു. മൂന്നാം ടെസ്റ്റിലും ഏഴു വിക്കറ്റ് തോൽവി.
'ദക്ഷിണാഫ്രിക്കയുടെ അവിശ്വനീയ വിജയമാണിത്. കാരണം പരമ്പര എങ്ങനെയാണ് ആരംഭിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഈ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് ഏതാനും പേർ മാത്രമാണ് കരുതിയിരുന്നത്. ഞാൻ പോലും ഇന്ത്യ ജയിക്കുമെന്നു തന്നെ വിചാരിച്ചു. എന്നാൽ അവർ അവസരം കളഞ്ഞു കുളിച്ചു. എല്ലാ ക്രഡിറ്റും ദക്ഷിണാഫ്രിക്കയ്ക്കാണ്. ഇന്ത്യൻ ടീമിനേക്കാൾ വ്യക്തിത്വം കാണിച്ചത് ആതിഥേയ കളിക്കാരാണ്. അതാണ് രണ്ടു ടീമുകൾക്കിടയിലെ പ്രധാന വ്യത്യാസം.' - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡിപ്പനാർ പറഞ്ഞു.
പരമ്പര നഷ്ടത്തെ ദുരന്തം എന്നാണ് കളിയെഴുത്തുകാരൻ അയാസ് മേമൻ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ വിഭവ ശേഷിയെയും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെയും തോൽവി ചോദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നടുനിവർത്താത്ത മധ്യനിര
ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇന്ത്യൻ ഓപണർമാർക്കോ മധ്യനിരക്കോ കഴിഞ്ഞില്ല എന്ന് കണക്കുകൾ പറയുന്നു. മുതിർന്ന കളിക്കാരായ രഹാനെയും പുജാരയും സമ്പൂർണമായി പരാജയപ്പെട്ടു. ഫോമില്ലായ്മ മൂലം കളിക്കു മുമ്പെ അവർ സമ്മർദത്തിലായിരുന്നു. അത് അവരുടെ പ്രകടനത്തിൽ നിഴലിക്കുകയും ചെയ്തു. രഹാനെ ആറ് ഇന്നിങ്‌സിലുമായി 136 റൺസ് മാത്രമാണ് നേടിയത്. ശരാശരി 22.67. പുജാര നേടിയത് 124 റൺസ്. ശരാശരി 20.67. കെഎൽ രാഹുലും പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രാഹുൽ മൂന്ന് കളികളിൽ നിന്ന് 37.67 ശരാശരിയിൽ 226 സ്വന്തമാക്കി. പന്ത് 37.20 ശരാശരിയിൽ 186 റൺസും. മായങ്ക് അഗർവാൾ നേടിയത് 136 റൺസാണ്.
ഇന്ത്യയുടെ 3,4,5 നമ്പറുകളായ പുജാര, കോലി, രഹാനെ എന്നിവർക്കെല്ലാം കൂടി 57 ടെസ്റ്റ് സെഞ്ച്വറികളാണുള്ളത്. ദക്ഷിണാഫ്രിക്കൻ മധ്യനിരയിലുള്ള പീറ്റേഴ്‌സ്ൺ, വാൻ ഡസ്സൻ, ബാവുമ എന്നിവർക്കെല്ലാം കൂടി ഒരേയൊരു സെഞ്ച്വറിയും. എന്നാൽ പരിചയസമ്പന്നരായ ഇന്ത്യൻ ത്രിമൂർത്തികളെ നിഷ്പ്രഭമാക്കാൻ ദക്ഷിണാഫ്രിക്കൻ മധ്യനിരയ്ക്കായി.
ആദ്യ കളിയിൽ മാത്രമാണ് ഇന്ത്യക്ക് ഒരിന്നിങ്‌സിൽ മുന്നൂറ് റൺസിലേറെ നേടാനായത്. അടുത്ത രണ്ടു ടെസ്റ്റിലും ഇരുനൂറ് റൺസിന് മുകളിൽ മാത്രമേ നേടാനായുള്ളൂ. മൂന്നാം ടെസ്റ്റിന്റെ നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ നേടിയത് 198 റൺസ്. ദക്ഷിണാഫ്രിക്ക എളുപ്പത്തിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
മൂന്നു ടെസ്റ്റിലും ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരൻ പോലും സെഞ്ച്വറി നേടിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ ഇന്ത്യൻ നിരയിൽ കെഎൽ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടിയിരുന്നു. എന്നിട്ടും കൂടുതൽ റൺസ് നേടിയ ആദ്യ അഞ്ചു താരങ്ങളിൽ ഒരു ഇന്ത്യൻ താരം പോലുമില്ല. ഡീൻ എൽഗാർ, തെംബ ബാവുമ, കീഗൺ പീറ്റേഴ്‌സൺ എന്നിവരെല്ലാം കളിച്ച ഇന്നിങ്‌സുകൾ അതിനിർണായകവുമായിരുന്നു.
രോഹിത് ശർമ്മയുടെ അഭാവവും വിരാട് കോലി രണ്ടാം ടെസ്റ്റ് കളിക്കാത്തതും ഇന്ത്യൻ സാധ്യതകളെ ബാധിച്ചുവെന്നതിൽ തർക്കമില്ല. കോലി പോലും അവസരത്തിന് ഒത്തുയർന്നില്ല. കഴിഞ്ഞ മുപ്പത് അന്താരാഷ്ട്ര മത്സരങ്ങളിലും സെഞ്ച്വറി നേടാനാകാതെ വിയർക്കുകയാണ് ഇന്ത്യയുടെ റൺ മെഷീൻ. സ്റ്റാർ ബൗളർ ആന്‍റിച്ച് നോർകിയ പരിക്കേറ്റ് പുറത്തു പോയതും പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡി കോക് ആദ്യ കളിക്കു ശേഷം ടെസ്റ്റിൽ നിന്നു വിരമിച്ചതും ദക്ഷിണാഫ്രിക്കയെ ബാധിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്.