ഐപിഎൽ താരലേലത്തിൽ ശ്രീശാന്തും; ആകെ 1214 പേർ

ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ലേലം

Update: 2022-01-22 06:05 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഐപിഎൽ 2022ലെ മെഗാ താരലേലത്തിൽ 1214 താരങ്ങൾ. 896 ഇന്ത്യൻ താരങ്ങളും 318 വിദേശ താരങ്ങളുമാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്തും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. അമ്പത് ലക്ഷം രൂപയാണ് ശ്രീ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ലേലം. 

ടി 20 ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെന്റായ ഓസീസ് താരം ഡേവിഡ് വാർണർ, ഫൈനലിൽ മാൻ ഓഫ് ദ മാച്ചായ സഹതാരം മിച്ചൽ മാർഷ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, ദീപക് ചഹാർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റൈന, അംബാട്ടി റായിഡു, ഷാർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ്, ദിനേഷ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ തുടങ്ങി 49  താരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാന വില- രണ്ടു കോടി. മിച്ചൽ സ്റ്റാർക്, സാം കറൻ, ബെൻ സ്റ്റോക്, ക്രിസ് ഗെയിൽ, ജൊഫ്ര ആർച്ചർ, ക്രിസ് വോക്‌സ് തുടങ്ങിയ വൻതോക്കുകൾ ഇത്തവണ ലേലത്തിനില്ല. ആകെ 1214 പേരിൽ 270 പേരാണ് അന്താരാഷ്ട്ര താരങ്ങൾ.

പുതുതായി ലീഗിലെത്തിയ ലഖ്‌നൗ, ടീം അഹമ്മദാബാദ് എന്നിവ ഉൾപ്പെടെ പത്തു ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക. പഞ്ചാബ് കിങ്‌സിനാണ് ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കഴിയുക. രണ്ട് താരങ്ങളെ നിലനിർത്തിയ പഞ്ചാബിന്റെ കൈവശം 72 കോടിയാണ് ബാക്കിയുള്ളത്. 

സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ പക്കൽ 68 കോടിയും രാജസ്ഥാൻ റോയൽസിന്റെ കൈവശം 62 കോടിയുമുണ്ട്. ടീം ലഖ്‌നൗവിന് 58 കോടിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 57 കോടിയും ചെലവഴിക്കാനാകും. ടീം അഹമ്മദാബാദ് (52 കോടി), ചെന്നൈ സൂപ്പർ കിങ്‌സ് (48 കോടി), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (48 കോടി), മുംബൈ ഇന്ത്യൻസ് (48 കോടി), ഡൽഹി ക്യാപിറ്റൽസ് (47.5കോടി) എന്നിങ്ങനെയാണ് മറ്റു ടീമുകൾക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക. താരങ്ങളെ നിലനിര്‍ത്താനായി ഫ്രാഞ്ചൈസികള്‍ ഇതുവരെ 338 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 

ഓസ്‌ട്രേലിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിനുള്ളത്. 59 പേർ. ഇംഗ്ലണ്ടിൽ നിന്ന് 30 പേരും ദക്ഷിണാഫ്രിക്കയിൽ നിന്ന് 48 പേരും ലങ്കയിൽ നിന്ന് 36 പേരും ലേലത്തിന്റെ ഭാഗമാകും. വിൻഡീസിൽ നിന്ന് 41 പേരും അഫ്ഗാനിൽ നിന്ന് 20 പേരും ബംഗ്ലാദേശിൽ നിന്ന് ഒമ്പത് പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News