പൂരം ഇന്ന് കൊടിയേറും; ധോണി ഇംപാക്ട് താരമാകുമോ? പാണ്ഡ്യ കുതിപ്പ് തുടരുമോ?

ഇംഗ്ലീഷ് സൂപ്പർ താരം ബെൻ സ്റ്റോക്‌സിന്റെ മഞ്ഞക്കുപ്പായത്തിലുള്ള അരങ്ങേറ്റം തന്നെയാണ് ആരാധകർ ഇന്ന് ഉറ്റുനോക്കുന്നത്

Update: 2023-03-31 10:29 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: പത്ത് ടീമുകൾ, 52 ദിവസം, 12 വേദികൾ, 74 മത്സരങ്ങൾ. ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ രാജാക്കളെ തേടിയുള്ള പോരാട്ടത്തിന് ഇന്ന് അഹ്മദാബാദിൽ തുടക്കമാകുകയാണ്. നിലവിലെ ചാംപ്യന്മാരായ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ഹോംഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ചാംപ്യൻ സംഘത്തെ.

ഇംപാക്ട് പ്ലേയർ, പെനാൽറ്റി റൺസ്, ടോസിനുശേഷമുള്ള ടീം ഷീറ്റ്, നോബൗൾ-വൈഡ് ഡി.ആർ.എസ് അടക്കം ഐ.പി.എൽ നിയമങ്ങളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന വമ്പൻ മാറ്റങ്ങൾക്കും ഇന്ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തുടക്കമാകും. ഇത് എങ്ങനെ മത്സരത്തിൽ ഇംപാക്ടുണ്ടാക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. കോവിഡിനെ തുടർന്ന് നിർത്തിവച്ച ഹോം-എവേ മത്സരങ്ങളും ഇടവേളയ്ക്കുശേഷം തിരിച്ചെത്തുകയാണ്. 2019നുശേഷം ടൂർണമെന്റിൽ ഹോം-എവേ മത്സരങ്ങളുണ്ടായിട്ടില്ല.

കന്നി ടൂർണമെന്റിൽ തന്നെ കിരീടം അടിച്ചെടുത്ത പെരുമയുമായാണ് ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ ഇറങ്ങുന്നത്. ബാറ്റിങ്, ബൗളിങ്, ഓൾറൗണ്ടർ അടക്കം സർവമേഖലയിലും കരുത്തുറ്റ യുവനിര തന്നെയാണ് ഇത്തവണയും ഗുജറാത്തിന്റെ കരുത്ത്. കഴിഞ്ഞ തവണത്തെ ചാംപ്യൻ ടീമിന്റെ വിജയ കോമ്പിനേഷൻ മെഗാ ലേലത്തിനുശേഷവും ടീം നിലനിർത്തിയിട്ടുണ്ടെന്നതു തന്നെയാണ് ആരാധകർക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത്.

അതേസമയം, എം.എസ് ധോണി നയിക്കുന്ന സംഘം പരിചയസമ്പന്നരുടെ ഒരു പടയാണ്. ഇംഗ്ലീഷ് സൂപ്പർ താരം ബെൻ സ്റ്റോക്‌സിന്റെ മഞ്ഞക്കുപ്പായത്തിലുള്ള അരങ്ങേറ്റം തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്‌റ്റോക്‌സ് അടക്കം നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് കരുത്തരായ ഓൾറൗണ്ടർമാർ ടീമിനൊപ്പമുണ്ട്. ബൗളിങ് നിരയിൽ അത്ര കരുത്തില്ലെങ്കിലും യുവനിരയെ ഉപയോഗിച്ച് ധോണി എന്തു തന്ത്രമാണ് പയറ്റുകയെന്നാണ് കാത്തിരുന്ന് കാണാനുള്ളത്. ധോണി ഇംപാക്ട് പ്ലേയറായും വരാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ, ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായുള്ള വാർത്തകൾ ചെന്നൈ ആരാധകർക്ക് നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്. എന്നാൽ, പരിക്ക് വാർത്തകൾ ടീം സി.ഇ.ഒ കാശി വിശ്വനാഥൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ധോണി 100 ശതമാനം ഫിറ്റാണെന്നും താരം തന്നെ ടീമിനെ നയിക്കുമെന്നുമാണ് കാശി വിശ്വനാഥൻ വ്യക്തമാക്കിയത്. ധോണിയുടെ അവസാന ഐ.പി.എൽ സീസണാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാൽ താരത്തിന്റെ മികച്ച പ്രകടനങ്ങൾക്കായും ആരാധകർ പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്നുണ്ട്. 22 റൺസ് കൂടി നേടിയാൽ 5,000 ഐ.പി.എൽ റൺസെന്ന നാഴികക്കല്ല് ധോണിക്ക് പിന്നിടാനാകും. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാകും ധോണി.

എങ്ങനെയാകും സാധ്യതാ ഇലവൻ?

കരിയർ ഫോമിന്റെ ഏറ്റവും മികച്ച നിലയിലുള്ള ശുഭ്മൻ ഗിൽ തന്നെയാകും ഗുജറാത്തിന്റെ തുറുപ്പുചീട്ട്. ഗില്ലിനൊപ്പം മുൻ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൻ ഓപൺ ചെയ്യാനാണ് സാധ്യത. അല്ലെങ്കിൽ കഴിഞ്ഞ സീസൺ പോലെ വൃദ്ധിമാൻ സാഹയാകും ഗില്ലിന്റെ പങ്കാളി. വില്യംൻസൻ മൂന്നാം നമ്പറിലെത്തും. നാലാമനായി ഹർദിക് തന്നെയാകും എത്തുക. അഞ്ചാമനായി സൂപ്പർ താരം ഡേവിഡ് മില്ലറും ആറാം നമ്പറിൽ ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയും എത്തും.

തുടർന്നങ്ങോട്ട് ബൗളിങ് നിരയാകും. ഇതിൽ ബാറ്റിങ്ങും വഴങ്ങുമെന്ന് പലതവണ തെളിയിച്ച സ്പിൻ മാന്ത്രികൻ റാഷിദ് ഖാനാകും ഏഴാം നമ്പറിൽ. തുടർന്നുള്ള സ്ഥാനങ്ങളിൽ സായ് കിഷോർ, അൽസാരി ജോസഫ്, യാഷ് ദയാൽ, മുഹമ്മദ് ഷമി എന്നിവരും എത്തും.

ചെന്നൈയിൽ കഴിഞ്ഞ രണ്ട് സീസണിലെ റൺമെഷീനായ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നുറപ്പാണ്. ഗെയ്ക്ക്‌വാദിനൊപ്പം ഓപണിങ്ങിൽ ആരു വരും എന്നതാണ് ചോദ്യം. ഒരുപക്ഷെ, കഴിഞ്ഞ സീസണിനു സമാനമായി ന്യൂസിലൻഡ് താരം ഡേവൻ കോൺവേയെ നിലനിർത്താനിടയുണ്ട്. ഇല്ലെങ്കിൽ, ബെൻ സ്‌റ്റോക്‌സ് ഓപണിങ്ങിനെത്തുമോ എന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

സ്‌റ്റോക്‌സ് ഓപണിങ്ങിലെത്തിയാതൽ മൂന്നാം നമ്പറിൽ പതിവ് പോലെ മോയിൻ അലി തന്നെയാരിക്കും ഇറങ്ങുക. ഓപണിങ് കൂട്ടുകെട്ട് പഴയ പടിയാണെങ്കിൽ സ്റ്റോക്‌സ് മൂന്നാം നമ്പറിലെത്തും. അംബാട്ടി റായുഡു നാലാമനായും അലി അഞ്ചാമനായും ഇറങ്ങും. രവീന്ദ്ര ജഡേജായകും ആറാമൻ. ധോണി ഏഴാമനായും ഇറങ്ങും.

ഓൾറൗണ്ടർ ശിവം ദുബേയ്ക്ക് അന്തിമ ഇലവനിൽ ഇടംലഭിച്ചാൽ ധോണിക്ക് മുൻപ് ഇറങ്ങാനും സാധ്യതയുണ്ട്. ദീപക് ചഹാർ, സമർജീത്ത് സിങ്, മതീഷ പതിരാന എന്നിവരായിരിക്കും അടുത്ത സ്ഥാനങ്ങളിൽ കളിക്കുക. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡൈ്വൻ പ്രിട്ടോറിയസ്, യുവ ഇന്ത്യൻ ഓൾറൗണ്ടർ രാജ്‌വർധൻ ഹംഗർഗേക്കർ എന്നിവരെ ഇംപാക്ട് താരങ്ങളായും സി.എസ്.കെ ഉപയോഗിക്കാനിടയുണ്ട്.

Summary: IPL 2023 opener: Chennai Super Kings Vs Gujarat Titans Preview

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News