ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; ഫൈനലില്‍ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വിജയലക്ഷ്യം.
ഐ.പി.എല്‍ പതിനാലാം സീസണ്‍ ഫൈനലില്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വിജയലക്ഷ്യം. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഫൈനലില്‍ ചെന്നൈ റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഓപ്പണര്‍മാരായ ഗെയ്ക്വാദും ഡുപ്ലെസിയും മികച്ച തുടക്കം നല്‍കിയപ്പോള്‍ പിന്നാലെ വന്ന റോബിന്‍ ഉത്തപ്പയും മുഈന്‍ അലിയും ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്തു. 86 റണ്‍സോടെ മുന്നില്‍ നിന്നു നയിച്ച ഡുപ്ലസിയാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്. ഗെയ്ക്വാദ് 27 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ വണ്‍ഡൌണായെത്തിയ ഉത്തപ്പ 15 പന്തില്‍ മൂന്ന് പടുകൂറ്റന്‍ സിക്സര്‍ ഉള്‍പ്പടെ 31 റണ്‍സ് നേടി.
59 പന്തില്‍ ഏഴ് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെയാണ് ഡുപ്ലെസി 86 റണ്‍സ് നേടിയത്. ഉത്തപ്പയുടെ വിക്കറ്റ് വീണ ശേഷം ക്രീസിലെത്തിയ മുഈന്‍ അലിയും ബാറ്റിങ് ഗ്രൌണ്ടില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തു. 20 പന്തില്‍ രണ്ട് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 37 റണ്‍സാണ് മുഈന്‍ അലി അടിച്ചുകൂട്ടിയത്.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈന്‍ രണ്ട് വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.
അതേസമയം ഐ.പി.എല്‍ പതിനാലാം സീസണിലെ റണ്‍വേട്ടക്കാരന്‍റെ ക്യാപ് ചെന്നൈ സൂപ്പര്‍കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കി. പഞ്ചാബിന്‍റെ കെ.എല്‍ രാഹുലിനെ മറികടന്നാണ് ഗെയ്ക്വാദ് ഓറഞ്ച് ക്യാപും റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. 635 റണ്‍സാണ് ഗെയ്ക്വാദിന്‍റെ ഈ സീസണിലെ റണ്‍ നേട്ടം.
പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനേക്കാള്‍ 23 റണ്‍സ് മാത്രം പിന്നിലായിരുന്നു ഫൈനല്‍ മത്സരത്തിന് മുമ്പ് ഗെയ്ക്വാദ്. പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അവസാന നിമിഷം വരെ സാധ്യതയുണര്‍ത്തി. മത്സരം തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലെസി കിടിലന്‍ ഇന്നിങ്സിലൂടെ 86 റണ്‍സ് നേടി. ഇതോടെ ഡുപ്ലസിയുടെ ആകെ റണ്‍ നേട്ടം 631 ആയി. ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി ഫൈനല്‍ കഴിഞ്ഞപ്പോള്‍ അതോടെ രണ്ടാം സ്ഥാനത്തായി. 635 റണ്‍സോടെയാണ് ഗെയ്ക്വാദ് ക്യാപ് സ്വന്തമാക്കിയത്