രാജസ്ഥാനെ എറിഞ്ഞിട്ട് മുംബൈ; വിജയലക്ഷ്യം 91!
24 റൺസ് നേടിയ ഓപണർ എവിൻ ലെവിലാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറർ
ഷാര്‍ജ: മുംബൈ ഇന്ത്യൻസിനെതിരെയുള്ള നിർണായക മത്സരത്തിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 90 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്. രാജസ്ഥാന്‍ നിരയില്‍ നാലു ബാറ്റ്‌സ്മാന്മാർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കൗണ്ടർ നൈലാണ് രാജസ്ഥാൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
24 റൺസ് നേടിയ ഓപണർ എവിൻ ലെവിസാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറർ. ജെയ്‌സ്വാൾ 12 റൺസ് നേടി. വൺ ഡൗൺ ആയി വന്ന ക്യാപ്റ്റൻ സഞ്ജു വി സാംസണ് ആറു പന്തിൽ നിന്ന് മൂന്നു റൺസ് മാത്രമേ എടുക്കാനായുള്ളൂ. നീഷമിന്റെ പന്തിൽ യാദവ് പിടിച്ചാണ് സഞ്ജു പുറത്തായത്. പിന്നീടെത്തിയ ശിവം ദുബെയ്ക്കും (3) ഡൊമിനിക് ഫിലിപ്പിനും (4) തിളങ്ങാനായില്ല. 15 റൺസെടുത്ത ഡേവിഡ് മില്ലറും 12 റൺസെടുത്ത തെവാട്ടിയയും ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ നോക്കിയെങ്കിലും മുംബൈ ബൗളർമാർ അനുവദിച്ചില്ല. വാലറ്റത്തെത്തിയ നാലു ബാറ്റ്‌സ്മാന്മാർക്കും രണ്ടക്കം കടക്കാനായില്ല.
മുംബൈയ്ക്കായി കൗണ്ടർ നൈലിന് പുറമേ, ജസ്പ്രീത് ബുംറയും നീഷമും മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി. നീഷം നാല് ഓവറിൽ വഴങ്ങിയത് 12 റൺസാണ്. മൂന്നു വിക്കറ്റും വീഴ്ത്തി.