ഇന്ത്യയ്ക്ക് ബാറ്റിങ്; ഓപണറായി സഞ്ജു
ആവേശ് ഖാന് പകരം ഹർഷലും യുസ്‌വേന്ദ്ര ചഹലിന് പകരം ബിഷ്‌ണോയിയും ടീമിലുണ്ട്
ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ആദ്യം ബാറ്റ് ചെയ്യാനാണ് നായകൻ ഹർദിക് പാണ്ഡ്യയുടെ തീരുമാനം. എന്നാൽ, മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത കൂടി ഇന്നത്തെ മത്സരത്തിലുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും അന്തിമ ഇലവനിൽ ഇടംപിടിച്ചിരിക്കുന്നു. പരിക്കേറ്റ ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരക്കാരനായാണ് സഞ്ജു എത്തുന്നത്.
സഞ്ജുവിനൊപ്പം ഹർഷൽ പട്ടേലും രവി ബിഷ്‌ണോയിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഫോമിലുള്ള ഇഷൻ കിഷനൊപ്പം ഓപണറായാണ് സഞ്ജു ഇന്ന് കളിക്കുന്നത്. ആവേശ് ഖാന് പകരം ഹർഷലും യുസ്‌വേന്ദ്ര ചഹലിന് പകരം ബിഷ്‌ണോയിയും കളിക്കും.
വിജയത്തോടെ പരമ്പരയിൽ സമ്പൂർണ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ ക്യാപ്റ്റന്റെ കീഴിൽ യുവനിരയുമായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ നേടിയത് ആധികാരിക ജയം. രണ്ടാം മത്സരത്തിലും പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. ടി20 സ്‌പെഷ്യലിസ്റ്റുകൾ നിരവധിയുള്ള അയർലണ്ടിനെ വിലകുറച്ച് കാണാനാവില്ല. അതിന്റെ സൂചന ആദ്യ മത്സരത്തിൽ അവർ നൽകുകയും ചെയ്തു. കനത്ത മഴയും 11 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴുന്ന താപനിലയും തണുത്ത കാറ്റുമാണ് ഇന്ത്യൻ താരങ്ങളെ വലയ്ക്കുന്നത്.
Summary: IRE vs IND: Sanju Samson In; India Bat