അന്നും ഇന്നും ഒരേയൊരു സച്ചിന്‍; വിരമിക്കലിന് ശേഷവും ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍ ഒന്നാമത്
സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇൻറർനെറ്റിൽ ഏറ്റവുമധികം തെരയപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ 2021 ലും താരം മുൻപന്തിയിലാണ്.
ലോകക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് വിരമിക്കലിന് ശേഷവും ആരാധകരുടെ എണ്ണത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തെരയുന്ന ക്രിക്കറ്റ് താരങ്ങളില്‍ 2021 ലും താരം മുന്‍പന്തിയിലാണ്.
സെര്‍ച്ച് എന്‍ജിനായ യാഹൂ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 2021 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തെരഞ്ഞ സ്പോര്‍ട്സ് താരങ്ങളില്‍ സച്ചിന്‍ നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇത്തവണത്തെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ മൂന്ന് സ്ഥാനത്തുള്ളവരും ഇപ്പോഴും കായികമേഖലയില്‍ സജീവമായ താരങ്ങളാണ്. എന്നാല്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് എട്ട് വര്‍ഷം പിന്നിട്ടിട്ടും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇവര്‍ക്ക് തൊട്ടുപിറകിലായി നാലാം സ്ഥാനം സ്വന്തമാക്കിയത് താരത്തിന്‍റെ ആരാധകവൃന്ദത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ഗോൾ ഡോട്ട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരങ്ങളിൽ സച്ചിന്‍ ഇപ്പോഴും മൂന്നാം സ്ഥാനത്തുണ്ട്. ബ്രിട്ടീഷ് മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ യൂഗോവ് നടത്തിയ സർവേ അടിസ്ഥാനപ്പെടുത്തിയ ഫലമാണ് പുറത്തുവന്നത്. 2013ൽ ക്രിക്കറ്റിനോട് പറഞ്ഞിട്ടും ഇപ്പോഴും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും വികാരനിർഭരമായ വാക്കുകളില്‍ സച്ചിന്‍ ആരാധകർക്ക് നന്ദി പറഞ്ഞു.
"നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും വളരെയധികം നന്ദി. അത് തുടരുക. ഞാൻ ക്രിക്കറ്റ് കളിക്കുമ്പോൾ എന്‍റെ കരിയറിലുടനീളം നിങ്ങൾ എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം...'' 'ബാക്ക്സ്റ്റേജ് വിത്ത് ബോറിയ' എന്ന ചാറ്റ് ഷോയിൽ സംസാരിക്കവേയായിരുന്നു ആരാധകരോട് സച്ചിന്‍ നന്ദി പറഞ്ഞത്.
2021 ഇല്‍ ഇതേദിവസമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകം അവസാനിച്ചുവെന്നും ക്രിക്കറ്റിനെ ഇനിമുതല്‍ സച്ചിന് മുന്‍പും ശേഷവും എന്നായിരിക്കും അറിയപ്പെടുകയെന്നുമാണ് അന്ന് മാധ്യമങ്ങള്‍ സച്ചിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. 463 ഏകദിനങ്ങളില്‍ സച്ചിന്‍ ഇന്ത്യയ്ക്കായി ജഴ്സിയണിഞ്ഞപ്പോള്‍ 200 ടെസ്റ്റുകളിലും സച്ചിന്‍ രാജ്യത്തിനായി പാഡുകെട്ടി. രണ്ട് ഫോര്‍മാറ്റുകളിലുമായി 100 സെഞ്ച്വറികളും സച്ചിന്‍ തന്‍റെ പേരില്‍ കുറിച്ചിട്ടുണ്ട്.