ഇംഗ്ലീഷ് പടക്ക് മുന്നില്‍ കവാത്ത് മറന്നു; ഇന്ത്യ 78 റണ്‍സിന് ഓള്‍ ഔട്ട്

മൂന്ന് ബൌണ്ടറികള്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ ആകെ പിറന്നത്. എക്സ്ട്രാസിലൂടെ കിട്ടിയ 16 റണ്‍സാണ് മൂന്നാമത്തെ ഇന്നിങ്സ് ടോപ് സ്കോര്‍

Update: 2021-08-25 14:26 GMT
Advertising

ഇംഗ്ലീഷ് ബൌളര്‍മാര്‍ക്ക് മുന്നില്‍ കവാത്ത് മറന്ന് ഇന്ത്യന്‍ ബാറ്റിങ് നിര. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്ത്യ 78 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ മുന്‍നിരയെ ജെയിംസ് ആന്‍ഡേഴ്സണ്‍ എറിഞ്ഞിട്ടപ്പോള്‍  വാലറ്റത്തെ ക്രെയ്ഗ് ഓവർട്ടണും തിരിച്ചയച്ചു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കടക്കാനായത്. ഓപ്പണര്‍ രോഹിത് ശര്‍മ 19 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ 18 റണ്‍സെടുത്ത രഹാനെയാണ് പിന്നീട് രണ്ടക്കം കടന്നത്. 

11 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യ 21ന് മൂന്ന് എന്ന നിലയില്‍ കൂപ്പുകുത്തിയിരുന്നു. ഇന്ത്യന്‍ നിരയുടെ ആദ്യ മൂന്ന് വിക്കറ്റുകളും പിഴുതത് ജെയിംസ് ആന്‍ഡേഴ്സനാണ്. ലോകേഷ്​ രാഹുൽ (0), ചേതേശ്വർ പുജാര (1), നായകൻ വിരാട്​ കോഹ്​ലി (7) എന്നിവരാണ്​ ആൻഡേഴ്​സണിന്‍റെ തീതുപ്പുന്ന പന്തു​കൾക്ക്​ മുന്നിൽ മുട്ടുമടക്കിയത്​.

ഋഷഭ് പന്ത് രണ്ട് റണ്‍സുമായും ജഡേജ നാല് റണ്‍സുമായും പവലിയനിലെത്തി. ഓപ്പണറായി ഇറങ്ങിയ രോഹിത് 105 പന്തില്‍ നിന്ന് 19 റണ്‍സുമായി ആറാം വിക്കറ്റായാണ് പുറത്താകുന്നത്. മൂന്ന് ബൌണ്ടറികള്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ ആകെ പിറന്നത്. എക്സ്ട്രാസിലൂടെ കിട്ടിയ 16 റണ്‍സാണ് മൂന്നാമത്തെ ഇന്നിങ്സ് ടോപ് സ്കോര്‍.

ഇംഗ്ലീഷ് നിരയില്‍ സാം കറനും ഒല്ലി റോബിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലെ ആദ്യത്തെ അഞ്ച് വിക്കറ്റുകളും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‍ലറിന്‍റെ ക്യാച്ചിലൂടെയാണ് പുറത്തായതെന്നതും മത്സരത്തിലെ അപൂര്‍വതയായി. ലോഡ്സിലെ ടെസ്റ്റ്​ ഇലവനിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ്​ ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ഇംഗ്ലീഷ്​ ടീമിൽ ഡൊമിനിക്​ സിബ്​ലി, മാർക്​ വുഡ്​ എന്നിവർക്ക്​ പകരം ഡേവിഡ്​ മലാനും ക്രെയ്​ഗ്​ ഓവർടണും കളത്തിലിറങ്ങി. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News