ഇതോ റണ്ണൊഴുകുന്ന പിച്ച്; പേസിൽ വലഞ്ഞ് ബാറ്റര്‍മാര്‍
മൂന്ന് ഓവർ പിന്നിടുമ്പോൾ ഒമ്പത് റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക
'ബാറ്റുകൊണ്ട് വിസ്മയം തീർക്കാൻ രോഹിത് ശർമയുടെയും തെമ്പ ബാവുമയുടെയും സംഘത്തിന് കാര്യവട്ടത്ത് കഴിയും. ബാറ്റർമാരെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചാണ് ഇത്തവണ കാര്യവട്ടത്ത് ഒരുക്കിയത്. ബൗളർമാർ ലൈനും ലെങ്തും കണ്ടെത്തിയില്ലെങ്കിൽ പന്ത് അനായാസം ബൗണ്ടറി കടക്കും. ഞാൻ തയ്യാറാക്കിയ പിച്ചിൽ കോഹ്ലിയും മില്ലറും എല്ലാം സെഞ്ച്വറിയടിക്കട്ടെ'
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ പിച്ചൊരുക്കിയ ക്യുറേറ്റർ ബിജു കളിക്കു മുമ്പെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ക്യുറേറ്ററുടെ വാക്കുകളിൽ ഒരു കാര്യവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഗ്രീൻഫീൽഡിലെ കളി. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ബാറ്റ്‌സ്മാന്മാർ അക്ഷരാർത്ഥത്തിൽ വെള്ളം കുടിച്ച വിക്കറ്റായിരുന്നു ഇതെന്ന് കണക്കുകൾ പറയുന്നു.
മൂന്ന് ഓവർ പിന്നിടുമ്പോൾ ഒമ്പത് റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. കൂടാരം കയറിയത് ക്യാപ്റ്റൻ തെമ്പ ബാവുമ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിൻൺ ഡി കോക്, റിലീ റോസോ, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്‌സ് എന്നിവർ. പേസിനൊപ്പം സ്വിങ് കൂടി കണ്ടെത്തിയ അർഷദീപിന്റെ രണ്ടാം ഓവറാണ് വഴിത്തിരിവായത്. ആദ്യ ഓവറിലെ അവസാന പന്തിൽ ബാവുമയെ പുറത്താക്കിയ ദീപക് ചഹാറിന്റെ പന്തും പിച്ചിന്റെ ആനുകൂല്യം മുതലാക്കിയുള്ളതായിരുന്നു.
നാലോവർ എറിഞ്ഞ ദീപക് ചഹാറിന്റെ ഇകോണമി റേറ്റ് ആറാണ്. രണ്ടു വിക്കറ്റും വീഴ്ത്തി. നാലോവറിൽ 32 റൺസ് വഴങ്ങിയ അർഷദീപ് സിങ് മൂന്നു വിക്കറ്റു വീഴ്ത്തി. ഇകോണമി റേറ്റ് എട്ട്. ഹർഷൽ പട്ടേൽ നാലോവറിൽ വഴങ്ങിയത് 26 റൺസ് മാത്രം. എന്നാൽ നല്ല ടേൺ കണ്ടെത്തിയ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ബൗളർമാരിൽ മികച്ചു നിന്നത്. നാലോവറിൽ വഴങ്ങിയത് എട്ടു റൺസ് മാത്രം. അക്‌സർ പട്ടേൽ നാലോറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. റബാഡയുടെ പേസിന് മുമ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും (0) നോർജെയ്ക്ക് മുമ്പിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയും (3) വീണു. എന്നാൽ പതിയെ ഇന്നിങ്‌സ് പടുത്തുയർത്തിയ കെഎൽ രാഹുലും (56 പന്തിൽനിന്ന് 51) ആക്രമിച്ചു കളിച്ച സൂര്യകുമാർ യാദവും (33 പന്തിൽനിന്ന് 50) ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. റബാദ നാലോവറിൽ 16 റൺസും വെയിൻ പാർണൽ 14 റൺസും മാത്രമാണ് വിട്ടു കൊടുത്തത്.